സ്വന്തമായി ഫേസ് ബുക്കില്ല; എങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ഒരു  കപ്പൂച്ചിൻ വൈദികൻ 

പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ താരങ്ങളാകുന്നത് നല്ല ലുക്കും ഗ്ലാമറും ഒക്കെയുള്ള യുവജനങ്ങളാണ്. പ്രായം കൂടുന്തോറും ആളുകൾ പ്രശസ്തിയുടെ മേഖലകളിൽ നിന്നും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയുംലോകത്തേയ്ക്ക് ചുരുങ്ങുകയാണ്. എന്നാൽ, പ്രായാധിക്യത്തിലും ആരോഗ്യക്കുറവിലും പ്രതിസന്ധികളിലുമൊക്കെ നിന്നുകൊണ്ട് വൈറലായി മാറിയ ഒരു കപ്പൂച്ചിൻ സന്യാസിയുണ്ട്. ഫാ. റോബർട്ടോ മരിയ ഡി മരകാന. ലളിതമായ പൗരോഹിത്യ ശുശ്രൂഷയിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുന്ന ഇദ്ദേഹത്തിന്റെ പ്രായം അത്ഭുതപ്പെടുത്തും. 98..!

ഈ കാലത്തിനിടെ ഇതുവരെ ഫേസ്ബുക്കോ മറ്റ് സാമൂഹ്യമാധ്യമങ്ങളോ ഉപയോഗിച്ചിട്ടില്ലാത്ത ഈ വൈദികൻ, ഇന്ന് ലോകത്തോട് വിളിച്ചുപറയുന്ന ഒന്നുണ്ട് “മനുഷ്യമനസുകളെ കീഴടക്കാൻ ദൈവികമായ സ്നേഹം മാത്രം മതി.” വ്യത്യസ്തതകൾ ഏറെയുള്ള ഈ വൈദികന്റെ ജീവിതത്തിലൂടെ നമുക്കും ഒന്ന് കടന്നുപോകാം…

1944 ഒക്ടോബർ ഒന്നാം തീയതി 75 വര്‍ഷങ്ങൾക്കു മുൻപാണ് ഫാ. റോബർട്ടോ തന്റെ പൗരോഹിത്യ ജീവിതം ആരംഭിക്കുന്നത്. മുൻപ് മൂന്നു തവണ സ്വതസിദ്ധമായ തന്റെ പൗരോഹിത്യ ശുശ്രൂഷകൾ കൊണ്ട് ശ്രദ്ധേയനായ ഇദ്ദേഹം ഇപ്പോൾ വൈറലായിരിക്കുന്നത് ബ്രസീലിലെ ഫോർട്ടാലെസയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രവേശിക്കുന്ന വീഡിയോയിലൂടെയാണ്. ഭക്ത്യാദരങ്ങളോടെ നിലത്ത് മുട്ടുകുത്തി ആചാരം ചെയ്യുന്ന വൈദികൻ. പ്രായത്തിന്റെ അവശതകൾക്കിടയിലും സഹായത്തിനായി ഒപ്പം കൂട്ടിയ ഊന്നുവടിയുടെ ബലത്തിൽ ആചാരം ചെയ്ത് എഴുന്നേറ്റ് സാവധാനം ദേവാലയത്തിൽ പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും പുതുമയല്ല. ജീവിതചര്യയാണ്. എന്നാൽ ഇതു കാണുന്ന അനേകർക്കും, തന്റെ പ്രായത്തിന്റെ അവസഥകളിൽ നിന്നുകൊണ്ട് അദ്ദേഹം ദൈവത്തിനു നൽകുന്ന പ്രാധാന്യം അത് വളരെ വലിയ ഒരു സന്ദേശം തന്നെ. പ്രായത്തിനും ദുർബലതയ്ക്കും ഒരു ഇളവ് എന്ന നിലയിൽ ദൈവത്തിൽ നിന്നും ദൈവിക കാര്യങ്ങളിൽ നിന്നും അകലം പാലിക്കുമ്പോൾ അവശതകൾക്കിടയിലും ദൈവവുമായുള്ള തന്റെ ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഈ വൈദികൻ. നടക്കാൻ പ്രയാസമുണ്ടെങ്കിലും ദിവസം നിരവധി തവണ ആചാരം ചെയ്ത് ദേവാലയത്തിലെത്തി ദൈവത്തെ കണ്ടു മടങ്ങുന്ന ഈ വൈദികൻ അനേകർക്കു മുന്നിൽ വിശ്വാസത്തിന്റെ ഒളിമങ്ങാത്ത ദീപമായി മാറുന്നു.

മുമ്പ് സൂചിപ്പിച്ചതു പോലെ, ഈ സന്യാസിയുടെ പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത് ഇതാദ്യമായല്ല. ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ കപ്പൂച്ചിൻ സന്യാസിയായ ഇദ്ദേഹം, ഇപ്പോഴും തന്റെ അനുദിന വിശുദ്ധ ബലിയർപ്പണത്തിന് ഒരു മുടക്കവും വരുത്തിയിട്ടില്ല. ബലിയർപ്പണത്തിനു ശേഷം അദ്ദേഹം അടുത്തുള്ള ആശുപത്രിയിലേയ്ക്ക് നടക്കും. അവിടെയുള്ള രോഗികളെ സന്ദർശിക്കും. പ്രാർത്ഥന ആവശ്യമുള്ളവർക്കായി പ്രാർത്ഥിക്കും. അങ്ങനെ, ഒരിക്കൽ ആശുപത്രി സന്ദർശനവേളയിൽ ജോലിയിലുണ്ടായിരുന്ന ഒരു പോലീസുകാരനു വേണ്ടി അദ്ദേത്തിന്റെ തലയിൽ കൈവച്ച് അച്ചൻ പ്രാർത്ഥിച്ചിരുന്നു. ഈ ചിത്രം ആരോ പകർത്തുകയും സാമൂഹ്യമാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്രായാധിക്യത്തിനിടയിലും കുമ്പസാരം കേൾക്കുവാനായി എത്ര ദൂരം പോലും നടന്നു പോകുവാൻ തയ്യാറുള്ള അദ്ദേഹം, ഇന്നും അനേകർക്ക്‌ മുന്നിൽ മാതൃകയാവുകയാണ്. വിശ്വാസം, സ്നേഹം, ദൈവത്തിന്റെ കാര്യങ്ങളോടുള്ള വിശ്വസ്തത എന്നിവയുടെ ഉത്തമോദാഹരണമാണ് ഫാ. റോബർട്ട്. അദ്ദേഹത്തിന്റെ ഉള്ളിലെ ദൈവത്തിന്റെ സജീവ സാന്നിധ്യത്തിന്റെ തെളിവായി അവശേഷിക്കുകയാണ് തന്റെ പ്രായം വകവയ്ക്കാതെയുള്ള പ്രവർത്തികൾ…

സെമിനാരിയിലെ തത്വശാസ്ത്ര പ്രഫസർ, ഇടവക വികാരി, സ്കൂൾ പ്രിൻസിപ്പൽ, ആഫിക്കൻ മിഷനറി തുടങ്ങിയ നിലകളിലെല്ലാം സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ഫാ. റോബർട്ടോ. തന്റെ സ്ഥാനമാനങ്ങൾ നോക്കാതെ സമൂഹത്തിൽ തന്നെ ആവശ്യമുള്ളവരിലേയ്ക്ക് ഓടിയെത്തി പൗരോഹിത്യ ശുശ്രൂഷകൾ അതിന്റെ പൂർണ്ണതയിൽ നിർവ്വഹിക്കുന്ന ഈ വൈദികൻ ഇന്ന് അനേകം വൈദികര്‍ക്കു മുന്നിൽ പൗരോഹിത്യ ശുശ്രൂഷാനിർവ്വഹണത്തിന്റെ മാതൃകയാവുകയാണ്. മാതൃകയാക്കാം ഈ വിശുദ്ധ വൈദികനെ…