ആവേ മരിയ ഗാനത്തിന്റെ ഭംഗിയിൽ ആകൃഷ്ടയായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ച കാനേഡിയൻ വനിത

ഒരു ക്രിസ്തുമസ് ദിനത്തിൽ കേട്ട ‘ആവേ മരിയ’ എന്ന ഗാനം എമ്മ ലാർസൺ എന്ന കാനേഡിയൻ യുവതിയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. ലത്തീൻ ഭാഷ അറിയില്ലായിരുന്നെങ്കിൽ കൂടിയും രണ്ടു വർഷം മുൻപ് ഒരു ക്രിസ്തുമസ് കരോൾ ഗാന പ്രകടനവേദിയിൽ അവർ കേട്ട ഈ ഗാനത്തിന് വിവരണാതീതമായ ഒരു ഭംഗി അനുഭവപ്പെട്ടു. അങ്ങനെ തിരികെ വീട്ടിലെത്തിയ അവർ പരിശുദ്ധ കന്യകാമറിയത്തിനെക്കുറിച്ചുള്ള കൂടുതൽ ഗാനങ്ങൾ കേൾക്കുവാനും ആസ്വദിക്കുവാനും ആരംഭിച്ചു.

സംഗീതം ഇഷ്ടമായിരുന്നുവെങ്കിലും വിശ്വാസപരമായ ഒരു പശ്ചാത്തലം ഇല്ലായിരുന്നതിനാൽ എമ്മയ്ക്ക് ഈ ഗാനം പുതുമയുള്ളതായിരുന്നു. ഈ സംഭവത്തിനു ശേഷം കോവിഡ്-19 കാരണം ലോക്ക് ഡൌൺ ആയി. ആ സമയം ആദ്ധ്യാത്മികവും ആത്മീയപരവുമായ കാര്യങ്ങളെക്കുറിച്ച് വായിക്കുവാനും പഠിക്കുവാനും എമ്മയ്ക്ക് കൂടുതല്‍ സമയം ലഭിച്ചു. അങ്ങനെയാണ് അവിടെ അടുത്തുതന്നെ വാൻകൂവറിൽ പരിശുദ്ധ ജപമാലയുടെ ഒരു ദൈവാലയമുണ്ടെന്ന് അറിയുവാൻ സാധിച്ചത്. അങ്ങനെ എമ്മ അവിടുത്തെ ഒരു സ്ഥിരം സന്ദര്‍ശകയായിത്തീർന്നു. ഒരു മരിയൻ ഗാനത്തിലൂടെ തന്റെ ഇരുപതാം വയസ്സിന്റെ തുടക്കത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിച്ചേരുകയായിരുന്നു എമ്മ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.