യേശുവിന്റെ തിരുരക്തത്തിന്റെ ശക്തിയാൽ അത്ഭുതസൗഖ്യം – റെക്കോർഡുകൾ ഭേദിച്ച് അനുഭവക്കുറിപ്പിന്റെ പുസ്തകം

ശരീരത്തിന്റെ പ്രതിരോധശക്തിയെ താറുമാറാക്കുന്ന ലൂപസ് രോഗം (ചർമ്മ ക്യാൻസർ) ബാധിച്ച റാക്വാൽ കാർപെന്റെർ എന്ന ബ്രസീലിയൻ വനിതയുടെ അത്ഭുതകരമായ രോഗശാന്തിയെ വിവരിക്കുന്ന ‘യേശുവിന്റെ തിരുരക്തത്തിന്റെ ശക്തി’ എന്ന അനുഭവക്കുറിപ്പടങ്ങുന്ന പോർച്ചുഗീസ്‌ ഭാഷയിലെ പുസ്തകം റെക്കോർഡുകൾ ഭേദിച്ച് വിറ്റഴിയുന്നു. കത്തോലിക്കാ സംഘടനയായ “അഗ്വാ വിവ കമ്മ്യൂണിറ്റി” എന്ന ബ്രസീലിയൻ ജീവകാരുണ്യ പ്രവർത്തക സംഘടനയുടെ സ്ഥാപകയും കൂടിയാണ് റാക്വാൽ കാർപെന്റർ.

വർഷങ്ങൾക്കു മുമ്പ് ലൂപസ് രോഗം ബാധിക്കപ്പെട്ടപ്പോൾ തന്റെ ആത്മീയതയും വിശ്വാസവും അല്പം കൂടി ഉയർന്നുവെങ്കിലും രോഗത്തെ എങ്ങനെ നേരിടണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ലായിരുന്നു. ആ അവസരത്തിലായിരുന്നു ഒരു ദിവ്യകാരുണ്യ അത്ഭുതത്തിനു വിധേയമായ ഒരു വ്യക്തിയുടെ സാക്ഷ്യം റാക്വാൽ കേൾക്കുന്നത്. രക്തദൂഷ്യം ബാധിച്ച ഒരാൾ ദിവ്യകാരുണ്യം സ്വീകരിച്ച് യേശുവിന്റെ രക്തത്താൽ തന്റെ അസുഖം ഭേദമാക്കുവാനായി വർദ്ധിച്ച വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ അസുഖം ഭേദമാവുകയും പിന്നീട് ഇതൊരു ദിവ്യകാരുണ്യ അത്ഭുതമായി സഭ അംഗീകരിക്കുകയും ചെയ്തിരുന്നു. കാരണം രോഗശാന്തി നേടിയ ആളുടെ രക്തഗ്രൂപ്പ് ‘ഒ’ യിൽ നിന്നും ‘എ ബി’ ആയി മാറുകയും ചെയ്തു. യേശുവിന്റെ രക്തഗ്രൂപ്പ് ‘എ ബി’ ആണെന്ന് മുമ്പ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതു കേട്ട റാക്വാൽ കാർപെന്റെർ, യേശുവിന്റെ തിരുരക്തത്തിന്റെ ശക്തിയിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ആ സമയത്ത് 40 മരുന്നുകളും ഞരമ്പുകളിലേയ്ക്ക് വളരെ ശക്തിയുള്ള മരുന്ന് കയറ്റിവിടുന്ന ചികിത്സകളും സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിൽ കൂടുതലായി മറ്റൊന്നും ചെയ്യുവാനില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസങ്ങളായിരുന്നു അത്.

“വേദന മൂർഛിക്കുമ്പോൾ ഞാൻ യേശുവിന്റെ തിരുരക്തത്തെ വിളിച്ച് ഒരുപാട് കരയുമായിരുന്നു. എന്റെ വേദനയുടെ പ്രതിസന്ധികളിൽ അങ്ങനെ ചെയ്യുമ്പോൾ അൽപാൽപമായി വേദനകളും വിഷമതകളും കുറഞ്ഞുവന്നു” – അവർ പറയുന്നു. വേദനയ്ക്കിടയിൽ അവൾ ഉരുവിട്ട സുകൃതജപങ്ങളെ പിന്നീട് യേശുവിന്റെ തിരുരക്തത്തിന്റെ ജപമാലയായി റാക്വാൽ തന്നെ എഴുതുകയും പിന്നീട് അഗ്വാ വിവ കമ്മ്യൂണിറ്റിയിലൂടെ അത് ലോകമെമ്പാടും എത്തുകയും ചെയ്തു.

അത്ഭുതകരമായി രോഗശാന്തി നേടിയ റാക്വാലിന് പിന്നീട് തന്റെ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഒരു പുസ്തകം എഴുതണമെന്ന അതിയായ ആഗ്രഹം ഉണ്ടായി. അതൊരു ദൈവികവിളിയായി സ്വീകരിച്ച് ഒരു എഴുത്തുകാരി അല്ലായിരുന്നിട്ടുകൂടി, അവൾ ആ ഉദ്യമത്തിന് തുടക്കം കുറിച്ചു. യേശുവിന്റെ തിരുരക്തത്തിന് രോഗം സുഖപ്പെടുത്തുവാനുള്ള വലിയ കഴിവുണ്ടെന്ന് “തന്റെ ജീവിത്തിലൂടെ തെളിയിക്കപ്പെട്ടു എന്ന സാക്ഷ്യമാണ് ഈ വലിയ അത്ഭുതത്തെക്കുറിച്ച് എഴുതുവാനുള്ള വലിയ പ്രേരണ” എന്ന് അവർ വെളിപ്പെടുത്തി. എന്നിരുന്നാലും ‘വ്യക്തി തന്റെ ഹൃദയം തുറക്കുന്നില്ലെങ്കിൽ ദൈവത്തിന് ഒന്നും ചെയ്യുവൻ സാധിക്കില്ല’ എന്ന അടിസ്ഥാനപരമായ കാര്യവും അവർ ഓർമ്മിപ്പിച്ചു.

2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു മാസത്തിനകം തന്നെ റെക്കോർഡുകൾ ഭേദിക്കുകയും ഒരു വർഷത്തിനകം ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹൃദയങ്ങളിലേയ്ക്കെത്തുകയും ചെയ്തു. യേശുവിന്റെ തിരുരക്തത്തിന്റെ ശക്തി തന്നെയാണ് ഈ പുസ്തകം അനേകരുടെ കൈകളിൽ എത്തിച്ചേരുന്നതിനു പിന്നിലെന്ന് റാക്വാൽ കാർപെന്റെർ വ്യക്തമാക്കി. ഒൻപത് അദ്ധ്യായങ്ങളായുള്ള ഈ പുസ്തകത്തിൽ നൊവേന, ലുത്തിനിയ, കുരിശിന്റെ വഴി, ഭക്തിഗാനങ്ങൾ എന്നിവയും ചേർത്തിരിക്കുന്നു. സിന്തിയ പെരെസ് വിവർത്തനം ചെയ്ത പുസ്തകം ഇംഗ്ലീഷ് പരിഭാഷയിലും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.