‘യൗസേപ്പിതാവ് കുടുംബങ്ങള്‍ക്ക് ഉജ്ജ്വലമാതൃക: മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ വാക്കുകളില്‍’ – പുസ്തക പരിചയം 

സീറോ മലബാര്‍ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും നസ്രത്ത് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ അഭിവന്ദ്യ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് 1919 മുതല്‍ 1956 വരെയുളള തന്റെ ശുശ്രൂഷാ കാലഘട്ടത്തില്‍ ദൈവജനത്തിനായി നല്കിയ ഇടയലേഖനങ്ങളില്‍ നിന്നും വി. യൗസേപ്പിനെക്കുറിച്ച് പറഞ്ഞുവച്ചിരിക്കുന്ന കാര്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്ന, ‘യൗസേപ്പിതാവ് കുടുംങ്ങള്‍ക്ക് ഉജ്ജ്വലമാതൃക: മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ വാക്കുകളില്‍’ എന്ന പുസ്തകം ശ്രദ്ധയാകർഷിക്കുന്നു. 

ദൈവകുമാരനായ ഈശോയുടെ വളര്‍ത്തുപിതാവായ വി. യൗസേപ്പിതാവ് ക്ലേശങ്ങളുടെയും കഷ്ടതകളുടെയും മധ്യത്തിലും എങ്ങനെ തിരുക്കുടുംബത്തെ നയിച്ചു എന്നുളള പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ഈ ഗ്രന്ഥം വായനക്കാരെ മൂല്യാധിഷ്ഠിതമായ ജീവിതത്തിന് സന്നദ്ധരാക്കും എന്നതിനു സംശമില്ല. ഓരോ ക്രൈസ്തവന്റെയും അനുദിനജീവിതം വി. യൗസേപ്പിന്റെ ജീവിതവുമായി വളരെയധികം താദാത്മ്യപ്പെട്ടിരിക്കുമ്പോള്‍ ഏറ്റെടുക്കുന്ന കഷ്ടതകളില്‍, മുന്നോട്ടുളള ജീവിതയാത്രയില്‍ വ്യക്തത നിറഞ്ഞ ഒരു ജീവിതശൈലി വി. യൗസേപ്പിതാവ് തന്റെ ജീവിതത്തിലൂടെ നമുക്ക് സമ്മാനിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. പണ്ഡിതനെന്നോ, പാമരനെന്നോ വ്യത്യാസമില്ലാതെ ഏവരുടെയും ജീവിതത്തിന് ഉജ്ജ്വലമാതൃകയായി പ്രശോഭിക്കുന്ന വി. യൗസേപ്പിന്റെ ജീവിതം നമ്മെയും മാതൃകാജീവിതത്തിന് ഉടമകളാക്കട്ടെ.

‘നിങ്ങള്‍ വി. യൗസേപ്പിന്റെ പക്കല്‍ പോകുവിന്‍’ എന്ന് പറഞ്ഞുകൊണ്ട് ദൈവജനത്തിന്റെ ഏതേതു ക്ലേശങ്ങളുടെ മദ്ധ്യത്തിലും വി. യൗസേപ്പിന്റെ ഉജ്ജ്വലമാതൃകയിലേക്ക് അവരെ ക്ഷണിച്ച മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ വാക്കുകള്‍ കാലങ്ങള്‍ പിന്നിട്ടെങ്കിലും എക്കാലവും പ്രസക്തമെന്ന് വിളിച്ചോതുന്നു ഇതിലെ ഓരോ വരിയും. പതിമൂന്ന് അദ്ധ്യായങ്ങളിലായി വി. യൗസേപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിലെ ഭാഷാശൈലി വളരെ ലളിതവും ആശയസമ്പുഷ്ടവുമാണ്. കുടുംങ്ങളുടെ കാവല്‍ക്കാരനായ വി. യൗസേപ്പ് നമ്മുടെ കുടുംങ്ങളെയും തിരുക്കുടുംങ്ങളാക്കാന്‍ ക്ഷണിക്കുന്നു, നമുക്ക് കാതോര്‍ക്കാം.

പതിമൂന്ന് അദ്ധ്യായങ്ങളിലായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.

1. കുടുംബങ്ങളുടെ കാവല്‍ക്കാരന്‍, 2. തൊഴിലാളി മദ്ധ്യസ്ഥന്‍, 3. നീതിമാനും വിശ്വസ്തനുമായ വി. യൗസേപ്പ്, 4. മാര്‍ യൗസേപ്പിന്റെ ഹൃദയവിശുദ്ധി, 5. അദ്ധ്വാനം ആരാധനയാക്കിയ വി. യൗസേപ്പിതാവ്, 6. സഹനങ്ങള്‍ പുണ്യങ്ങളാക്കിയ മഹാവിശുദ്ധന്‍, 7. ദരിദ്രര്‍ക്ക് ആലംബമായ വി. യൗസേപ്പ്, 8. രക്ഷാകരവേലയില്‍ സഹകാരി, 9. ദൈവഹിതം നിറവേറ്റുന്ന വി. യൗസേപ്പ്, 10. നിത്യബ്രഹ്മചാരി, 11. വി. യൗസേപ്പിതാവ് സര്‍വ്വഗുണ സമ്പന്നന്‍, 12. സമാധാനപാലകന്‍, 13. നന്മരണ നായകന്‍.

Price: 50/- Rs
Contact No.: 0484-2837895, 9400783273

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.