വി. ജോണ്‍പോള്‍ രണ്ടാമനെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ പുസ്തകം തയ്യാറാവുന്നു

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും പ്രതിഫലിപ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ഒരുങ്ങുന്നു. ‘സാന്‍ ജിയോവാനി പൗലോ മാഗ്‌നോ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 14-ന് പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2019 ജൂണ്‍ മുതല്‍ 2020 ജനുവരി വരെ ഫ്രാന്‍സിസ് പാപ്പാ, ഫാ. ലൂയിജി മരിയ എപികോക്കോ എന്ന വൈദീകനുമായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തകമാകുന്നത്.

ജോര്‍ജ് ബെര്‍ഗോളിയ ആയിരുന്ന സമയത്ത് ഫ്രാന്‍സിസ് പാപ്പായെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചത് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1998 ഫെബ്രുവരി 28-ന്  അതിരൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചതും 2001 ഫെബ്രുവരി 21-ന് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയതും വി. ജോണ്‍പോള്‍ രണ്ടാമനായിരിന്നു. പിന്നീട് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെ വിശുദ്ധനാക്കുന്ന നടപടി ക്രമങ്ങളില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചതും ഫ്രാന്‍സിസ് പാപ്പായാണ്.

പാപ്പയ്ക്ക് ഏറെ സൗഹാര്‍ദ്ദമുള്ള യുവ വൈദീകരില്‍ ഒരാളാണ് ഫാ. ലൂയിജി മരിയ എപികോക്കോ. ഇക്കഴിഞ്ഞ ഡിസംബറില്‍ എല്ലാ കൂരിയ അംഗങ്ങള്‍ക്കും ഈ വൈദികന്റെ ഒരു പുസ്തകം ഫ്രാന്‍സിസ് പാപ്പ സമ്മാനമായി നല്‍കിയിരുന്നു. ഏതായാലും ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.