വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിര്യക്കുകളിലൂടെ ഒരു സഞ്ചാരം 

ഡോ. ജോയ് ഫ്രാൻസിസ്

ആമുഖം

വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന രക്ഷണീയകര്‍മ്മത്തിന്റെ വിവരണങ്ങളില്‍ ഇടയ്ക്കിടെ കടന്നുവന്ന് രചയിതാക്കള്‍ നല്‍കാനുദ്ദേശിക്കുന്ന സന്ദേശങ്ങള്‍ക്ക് അക്ലിഷ്ട സൗന്ദര്യവും മിഴിവും മനോഹാരിതയും നല്‍കി അവതരിപ്പിക്കുന്നതിന് സഹായിക്കുന്ന ഏതാനും തിര്യക്കുകളുടെ (മനുഷ്യനൊഴികെയുള്ള ജന്തുവർഗ്ഗത്തിനു പൊതുവേ പറയുന്ന പേര്) ജീവിതസാക്ഷ്യങ്ങള്‍ തെരഞ്ഞെടുത്ത് പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. 

വിശുദ്ധ ഗ്രന്ഥത്തിലെ തിര്യക്കുകള്‍ (ജന്തുവർഗ്ഗങ്ങൾ) 

പ്രപഞ്ചത്തിലെ പല സൃഷ്ടിജാലങ്ങളുടെയും ജനിതകവാസനകളും (instincts) ജീവിതരീതികളും ഉപമാനങ്ങളായും ദൃഷ്ടാന്തങ്ങളായും രൂപകങ്ങളായും അന്യാപദേശരൂപേണയും വിശുദ്ധ ഗ്രന്ഥങ്ങളില്‍ സ്ഥാനം കണ്ടെത്തുന്നുണ്ട്. ഈ ലേഖനത്തിന്റെ തലവാചകത്തിന്റെ പ്രചോദനം ജോബിന്റെ പുസ്തകം 12: 7-10 വാക്യങ്ങളാണ്. 

“വന്യമൃഗങ്ങളോടു ചോദിക്കുക; അവ നിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു ചോദിക്കുവിന്‍; അവ നിങ്ങള്‍ക്ക് പറഞ്ഞുതരും, ഭൂമിയിലെ സസ്യങ്ങളോട് ചോദിക്കുവിന്‍; അവ നിങ്ങളെ ഉപദേശിക്കും, ആഴിയിലെ മത്സ്യങ്ങളും നിങ്ങളോട് പ്രഖ്യാപിക്കും കര്‍ത്താവിന്റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന്. അവയില്‍ ഏതിനാണ് അറിഞ്ഞുകൂടാത്തത്.”

കന്നുകാലികൾ 

വിശുദ്ധ ഗ്രന്ഥത്തിലെ ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായത്തിന്റെ തുടക്കം തന്നെ കൗശലക്കാരനായ സര്‍പ്പത്തെ പരിചയപ്പെടുത്തിക്കൊണ്ടാണെങ്കിലും സര്‍പ്പം ഇവിടെ തിന്മയുടെ ശക്തികളുടെ പ്രതിരൂപം മാത്രമാണ്. എന്നാല്‍ മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നും ആദം ആദ്യം പേരിട്ടു വിളിച്ചത് കന്നുകാലികളെയാണ് (ഉല്‍. 2:20). ഭാവിയില്‍ ഇടയവൃത്തിക്കും കാര്‍ഷികവൃത്തിക്കും ഒരുപോലെ പ്രാധാന്യം നല്‍കി ജീവിതം നയിക്കേണ്ടിവന്ന ഒരു ജനസമൂഹത്തിന്റെ നിത്യജീവിതത്തില്‍ കന്നുകാലികളുടെ പ്രാധാന്യം മുന്നേ കണ്ടുകൊണ്ടായിരിക്കണം ജന്തുക്കളുടെ നാമനിര്‍ദ്ദേശ പട്ടികയില്‍ കന്നുകാലികള്‍ക്ക് പ്രഥമസ്ഥാനം നല്‍കിയത്. കൃഷിക്കാരനും കന്നുകാലികളും അനുവര്‍ത്തിക്കാനിരിക്കുന്ന പാരസ്പര്യത്തിന്റെ ഒരു മുന്നാസ്വാദനമായും ഈ നാമനിര്‍ദ്ദേശത്തെ കാണാം. കാര്‍ഷികസംസ്‌കൃതിയുടെ മുന്നോടിയായി മാത്രമല്ല, യഹോവക്ക് ബലിയര്‍പ്പണത്തിനുള്ള മൃഗമായും ആഘോഷവേളയില്‍ വിരുന്നൊരുക്കുന്നതിനും  കന്നുകാലികളെ ഉപയോഗിച്ചിരുന്നു. ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന നല്ല അപ്പന്റ ആഹ്ളാദത്തിന്റെ സൂചനയായി കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കുന്ന വിവരണം ലൂക്കാ 15:23 -ല്‍ നാം വായിക്കും.

തെരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിന്റെ ചരിത്രത്താളുകള്‍ അല്പം പുറകോട്ട് മറിച്ചാല്‍ മലമടക്കുകളിലുടെയും മരുഭൂമിയിലൂടെയും നടത്തിയ ‘പുറപ്പാടിന്’ ഇടയില്‍ ദൈവം സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയ കല്പനകളുടെ കല്‍പ്പലകകളുമേന്തി മലയിറങ്ങി വരുന്ന മോശ കണ്ടത് അഹറോന്‍ പെണ്ണുങ്ങളോട് ഇരന്നുവാങ്ങിയ പൊന്‍പണ്ടങ്ങള്‍ ഉരുക്കിവാര്‍ത്ത കാളക്കുട്ടിയുടെ വിഗ്രഹത്തിനു ചുറ്റും ബലികളര്‍പ്പിച്ച് തീനും കുടിയുമായി ആണും പെണ്ണും ചേര്‍ന്ന് കൂത്താടുന്ന ദൈവജനത്തെയാണ്. കാണപ്പെടാത്ത ദൈവത്തിന് കാണപ്പെടുന്ന ‘പകരം വസ്തുവായി’ (Substitution) കണ്ടെത്തി ഉണ്ടാക്കിയത് കാളയുടെ രൂപമായിരുന്നു. ദൈവത്തെ പ്രതിനിധാനം ചെയ്യാന്‍ പോലും ‘കന്നിന്റെ പൊന്‍രൂപം’ മതിയെന്ന് ദൈവജനം കരുതിയിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ ആദ്യത്തെ നാമകരണചടങ്ങില്‍ ഉദ്ഘാടനമൃഗമായി കന്നുകാലികളെ കണ്ടെത്തിയത് യാദൃശ്ചികമായിരിക്കാന്‍ ഇടയില്ല. പലവിധ ബലിയര്‍പ്പണങ്ങളിലും പ്രമുഖസ്ഥാനവും ഊനമറ്റ കാളക്കുട്ടനു തന്നെ (ലേവ്യര്‍. 1:3, 7:22, 8:1, 9:3). 

ആടുകളും ആട്ടിന്‍പറ്റങ്ങളും

ആടുകളും ആട്ടിന്‍പറ്റങ്ങളും ഏറെ പ്രാവശ്യം ബൈബിള്‍ വചനങ്ങളില്‍ കടന്നുവരുന്നുണ്ട്. യോഹന്നാന്‍ സ്‌നാപകന്‍ ഈശോ തന്റെ അടുത്തേക്ക് നടന്നുവരുന്നതു കണ്ട് അത്ഭുതം കൂറുന്നു. “ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ. 1:29, 1:36).

ക്രിസ്തുമത വിശ്വാസികള്‍ക്ക് കുഞ്ഞാട് സഹനത്തിന്റെയും സഹനത്തിനുമേല്‍ ഈശോ നേടിയ വിജയത്തിന്റെയും പ്രതീകമാണ്. ശാന്തിയുടേയും പരിശുദ്ധിയുടെയും എളിമയുടെയും പ്രതീകമാണ് കുഞ്ഞാട്. ബലിമൃഗമായും കുഞ്ഞാടിന് പ്രാധാന്യമുണ്ട്. സിംഹത്തോട് തോളുരുമ്മി ചേര്‍ന്നുനടക്കുന്ന കുഞ്ഞാടും ചെന്നായും വൈക്കോല്‍ തിന്നുന്ന സിംഹവും (ഏശയ്യ 65:25) പറുദീസയിലെ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്റെ വര്‍ണ്ണചിത്രമാണ് അനാച്ഛാദനം ചെയ്യുന്നത്.

ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന കുഞ്ഞാട്, അവസാനതുള്ളി രക്തം വരെ ചിന്തി മാനവരാശിയുടെ രക്ഷ സാധിച്ച യേശുവിന്റെ സൂചകവര്‍ണ്ണനയാണ് (വെളി. 5:6, യോഹ. 1:29,1:36). എപ്രകാരമുള്ള മരണമാണ് ഈശോയ്ക്ക് സംഭവിക്കാനിരിക്കുന്നത് എന്നതിന്റെ പ്രതീകമെന്നതിലുപരി യേശുവിലൂടെയുള്ള രക്ഷ എപ്രകാരമാണ് സ്വീകരിക്കേണ്ടതെന്ന് രൂപകാത്മകമായി വെളിപ്പെടുത്തുന്നതു കൂടിയാണ് ഈ സുവിശേഷഭാഗം. പുറപ്പാട് സംഭവത്തില്‍ ബലിമൃഗത്തിന്റെ രക്തം കൊണ്ട് അടയാളപ്പെടുത്തിയ വാതില്‍പ്പടിയിലൂടെ കടന്നുവന്നവര്‍ സംഹാരദൂതന്റെ ശിക്ഷയ്ക്ക് ഇരയാകാതെ രക്ഷ പ്രാപിച്ചതു പോലെ, പെസഹാക്കുഞ്ഞാടിന്റെ രക്തം രക്ഷാവലയമായതു പോലെ മിശിഹാ കുഞ്ഞാടിന്റെ ഹൃദയത്തില്‍ നിന്നും ഒഴുകിവരുന്ന രുധിരവും തിരുവിലാവിലെ വെള്ളം കൊണ്ടുള്ള ക്ഷാളനവും അന്ത്യവിധി സമയത്ത് രക്ഷാകരമാകും.

ആടുകളും ആട്ടിന്‍പറ്റവും പഴയനിയമ കാലം മുതല്‍ തന്നെ ഇസ്രായേല്‍ ജനതയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആടുകളാണ് ബലിമൃഗങ്ങളില്‍ മുന്‍പന്തിയില്‍ (സംഖ്യ 28:4, പുറ. 29:39, ലേവ്യ. 14:10, പുറ. 12:5). ദൈവജനത്തെ ആട്ടിന്‍പറ്റത്തോട് ഉപമിക്കുന്നു (മത്തായി 25:32) നല്ല ഇടയനായി ഈശോ തന്നെ. യേശുക്രിസ്തുവിന്റെ അഭിധാനങ്ങളില്‍  ഏറ്റവും മനോഹരമാണ് ദൈവത്തിന്റെ കുഞ്ഞാട് എന്നത് (യോഹ. 11:29, പത്രോസ് 1:19) അന്ത്യകാല (Eschatological) സാഹിത്യശൈലിയില്‍ രചിക്കപ്പെട്ട വെളിപാട് ഗ്രന്ഥത്തില്‍ അനേകം സന്ദര്‍ഭങ്ങളില്‍ അനേകം തവണ കടന്നുവരുന്നുണ്ട് കുഞ്ഞാടിന്റെ വര്‍ണ്ണനകള്‍. അതില്‍ ഏറ്റവും അത്ഭുതം കൂറേണ്ട വാഗ്മയചിത്രമാണ് ‘ശ്രേഷ്ഠന്മാരുടെ നടുവില്‍ കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടിന്റെ വിവരണം.’ 7 കൊമ്പ് 7 കണ്ണുകള്‍ ലോക ‘പരിത്രാണത്തിന് സ്വയം ബലിയായി, ബലിമൃഗവും ബലിയര്‍പ്പകനും, ബലിസ്വീകര്‍ത്താവുമായ കുഞ്ഞാടിന്റെ മുന്‍പില്‍ സര്‍വ്വചരാചരങ്ങളും ആരാധനയും സ്തുതിയും മഹത്വവും എന്നും എന്നെന്നേക്കും നേര്‍ന്നുകൊണ്ട് ആമ്മേന്‍ പറയുന്നു.

പന്നികൾ  

തന്റേതല്ലാത്ത കാരണങ്ങളാല്‍ ഏറെ വെറുപ്പും അവമതിപ്പും ഏറ്റുവാങ്ങിയ ഒരു പാവം മൃഗമാണ് പന്നി. പന്നിയുടെ ജീവിതം ‘പൂര്‍വ്വാപര വൈരുദ്ധ്യപൂരിതമാണ്.’ കാഴ്ചയ്ക്ക് അല്പം മുഖശ്രീ കുറവുണ്ട് എന്നത് നേര്. ശബ്ദസൗകുമാര്യം അവകാശപ്പെടാനില്ല, മുക്കലും മൂളലും മുറുമുറുപ്പും അടങ്ങുന്ന ഏകാക്ഷര പദങ്ങളുടെ സമ്പത്തേ പന്നിയുടെ പദസഞ്ചയത്തിലുള്ളൂ. ശരീരഗന്ധം പറയുന്നത്ര അസഹനീയമൊന്നുമല്ല. ത്വക്കിനടിയിലെ കൊഴുപ്പിന്റെ ആവണം കാരണം ചൂട് സഹിക്കാന്‍ പ്രയാസം, അപ്പോള്‍ വെള്ളത്തില്‍ കിടന്ന് കുത്തിമറിയും. കുത്തിമറിയുമ്പോള്‍ മണ്ണ് ചെളിയാകും. അത് ദേഹത്ത് പറ്റിപ്പിടിക്കാതിരിക്കുമോ? പന്നിക്കിഷ്ടം റാഗമഫിന്‍ (Ragamuffin) ജീവിതശൈലിയാണ് എന്നല്ലാതെ പന്നിക്ക് എന്താണ് കുറവ് – ഇരട്ടക്കുളമ്പുണ്ട്, അയവെട്ടാറില്ല. എന്നാലും ലോകത്തിലെ രണ്ട് മുഖ്യധാരാ മതവിശ്വാസികള്‍ക്കും പന്നിയും പന്നിമാംസവും നിഷിദ്ധമാണ്. അബ്രാമിക മതങ്ങളായ യഹൂദ മതവും ഇസ്ലാം മതവും പന്നിയെ കോഷര്‍ (Kosher) ലിസ്റ്റില്‍ പെടുത്തിയിട്ടില്ല. പക്ഷേ, മൂന്നാമത്തെ അബ്രാമിക മതമായ ക്രിസ്തുമത വിശ്വാസികളും ലോകത്തിലെ മറ്റനേകം മതാനുയായികളും പന്നിമാംസം ഇഷ്ടഭോജ്യമായി ഉപയോഗിക്കുന്നു. വൈരൂപ്യത്തിന്റെ മകുടോദാഹരണമായി പറയാറുള്ള ഒരു ശൈലിയാണ്. ‘പന്നിമൂക്കന്‍’ (Pig nosed). ലൈംഗികബന്ധങ്ങളില്‍ അവിശ്വസ്തനെ ‘ഹറാം പിറന്ന പന്നി’ എന്നുതന്നെ വിളിക്കാം. വെടിപ്പും വൃത്തിയുമില്ലാത്ത ഇടങ്ങളെ പന്നിക്കൂടിനോടാണ് (pig stye) ഉപമിക്കാറ്. പിന്നെ ബുദ്ധിയുടെയും വിവേകത്തിന്റെയും കാര്യത്തില്‍ പന്നിയുടെ മുന്‍പില്‍ മുത്തു വിതറുന്നതിലെ മൗഢ്യം ആര്‍ക്കാണ് അറിയാത്തത് (മത്തായി 7:6).

ഇങ്ങനെയൊക്കെ ആണെങ്കിലും കൊന്നു വൃത്തിയാക്കി പാകം ചെയ്ത് തീന്‍മേശയില്‍ എത്തിയാല്‍ കൈമെയ് മറന്ന് മൂക്കറ്റം ഭുജിക്കുന്ന മുഖ്യവിഭവമായി പന്നിവിഭവങ്ങള്‍ മാറും. എന്തെല്ലാം രൂപത്തിലും രുചിഭേദങ്ങളിലുമാണ് പന്നി പ്ലേറ്റുകളില്‍ എത്തുന്നത് ഹാം, ബേക്കണ്‍, സോസേജ്, സലാമി… പന്നിമാംസം വേവിച്ചും പുകച്ചും പൊരിച്ചും വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്. പന്നിയുടെ അടിവയര്‍ കൊണ്ടുള്ള വിഭവങ്ങള്‍ക്ക് തീന്‍വിദഗ്ധരുടെ (Gourmets) പ്രത്യേക പ്രശംസയുണ്ട്. ഒരുവശത്ത് നിന്ദാപാത്രവും നിഷിദ്ധവും മറുവശത്ത് വിശിഷ്ടഭോജ്യം എന്ന ബഹുമതിയും. പന്നി ശരിക്കും വിരോധാഭാസം തന്നെ.

വിശുദ്ധ ഗ്രന്ഥത്തില്‍ പല സ്ഥലത്തും പന്നി പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും (ലേവ്യ. 11:7, നിയമാ. 14: 8, സുഭാ. 11:22, ഏശയ്യ 6:54, മത്തായി 7:6, 8:31, 32) മിക്കവാറും എല്ലായിടത്തും ഒരു ഋണാത്മക പരിപ്രേക്ഷ്യത്തിലാണ് പന്നി അവതരിപ്പിക്കപ്പെടുന്നത്. ലൂക്കാ 15:11 -ലെ ധൂര്‍ത്തപുത്രന്റെ കഥയെടുക്കുക. നിവൃത്തികേടിന്റെ നെല്ലിപ്പലക കണ്ടപ്പോഴാണ് പന്നിയെ മേക്കാന്‍ തയ്യാറാകുന്നത്. വിശപ്പിന്റെ പാരമ്യതയില്‍ പശിയകറ്റാന്‍ പന്നിത്തവിടെങ്കിലും എന്ന നിലയിലേക്ക് ‘വലിയ വീട്ടിലെ ചെക്കന്‍’ അധഃപതിക്കുന്നു. തോട്ടിപ്പണിയേക്കാള്‍ മ്ലേച്ഛമായി കരുതിയിരുന്ന പന്നിപ്പണിയും പന്നിമേക്കലും എന്നു സാരം (നമ്മുടെ നാട്ടില്‍ പലയിടത്തും പന്നികള്‍ ആയിരുന്നു തോട്ടിപ്പണി ചെയ്തിരുന്നത് എന്ന് ഓര്‍ക്കുക).

ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ചിന്തോദ്ദീപകവുമായ വിശുദ്ധ ഗ്രന്ഥഭാഗമാണ് മത്തായി 8:31, ലൂക്കാ 8: 26-29, മര്‍ക്കോ. 5:1-20 എന്നീ സുവിശേഷങ്ങളില്‍ പ്രതിപാദിക്കുന്ന ലെഗിയോണ്‍ എന്നു പേര് പറയുന്ന അശുദ്ധാരൂപിയുടെ പന്നിക്കൂട്ടത്തിലേക്കുള്ള പരകായപ്രവേശവും കൂട്ട ആത്മഹത്യയും. രണ്ടായിരത്തോളം പന്നികളാണ് കടലില്‍ ചാടിച്ചത്തത്. യഹൂദജനത അത്രമേല്‍ വെറുക്കുന്ന റോമന്‍ പട്ടാളക്കാരെ ഉദ്ദേശിച്ചാണ് എന്റെ പേര് Legion ആണെന്ന് അട്ടഹസിച്ചുകൊണ്ട് അശുദ്ധാരൂപി പന്നികളില്‍ പ്രവേശിക്കുന്നത്. ഇസ്രായേല്യര്‍ നികൃഷ്ടജീവികളായി കരുതുന്ന പന്നികള്‍ കൂട്ടത്തോടെ ചാവുന്നതും. ലീജിയന്‍ എന്ന വാക്ക് 3000 മുതല്‍ 6000 വരെയുള്ള പട്ടാളക്കാരുടെ ഒരു വ്യൂഹത്തിന്റെ പേരാണ് മുങ്ങിച്ചത്ത പന്നികളും രണ്ടായിരത്തിലേറെയാണല്ലോ?

ഇസ്രായേല്‍ ജനത്തിന്റെ റോമന്‍ അധിനിവേശത്തോടുള്ള മനോഭാവം വെളിപ്പെടുത്തുന്ന ഒരു രൂപകമായി ഈ വിവരണത്തെ കാണുന്നവരുണ്ട്. തങ്ങളെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന റോമാക്കാര്‍ പന്നികളെപ്പോലെ വെറുക്കപ്പെട്ടവര്‍ ആണെന്നും കൂട്ടത്തോടെ നാശത്തിലേക്ക് കൂപ്പുകുത്തട്ടെ എന്നുമള്ള ആഗ്രഹം വ്യംഗ്യം, സൃഷ്ടികര്‍മ്മത്തിനിടയില്‍ ദൈവം എല്ലാം നോക്കിക്കണ്ട് നല്ലത്, നല്ലത് എന്ന് മാര്‍ക്കിടുന്ന നേരത്ത് പന്നിക്കുട്ടന്മാര്‍ എവിടെ ഒളിച്ചിരുന്നുവോ ആവോ.

കഴുതകൾ 

മധ്യപൂര്‍വ്വദേശക്കാര്‍ കഴുതയെ ഭാരം ചുമക്കാനും വണ്ടി വലിക്കാനും നിലമുഴാനും അത്യാവശ്യം സഞ്ചാരമൃഗമായും  ഉപയോഗിക്കാറുണ്ട്. പക്ഷേ ഒരു നാമവിശേഷണമായി കഴുത എന്ന പദം അപഹസിക്കാനും ആക്ഷേപിക്കാനും കുറ്റപ്പെടുത്താനും ഉപയോഗിക്കുന്നതുകൊണ്ട് ഈശോയുടെ കഴുതപ്പുറത്തു കയറിയുള്ള പട്ടണപ്രവേശം ഒരു സഹതാപാര്‍ഹമായ യാത്രയായിട്ടാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. അനേകായിരങ്ങളെ കൊന്നും കൊലവിളിച്ചും കൊള്ളയടിച്ചും കൊള്ളിവച്ചും വിജയശ്രീലാളിതരായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന രാജാക്കന്മാരുടെയോ, സൈന്യാധിപന്മാരുടെയോ, ഒരു ‘റോഡ് ഷോ’ ആയിട്ടല്ലല്ലോ ഈശോയുടെ പട്ടണപ്രവേശത്തെ കാണേണ്ടത്. ‘ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുന്ന (ലൂക്കാ 4:18) സമാധാനത്തിന്റെ പ്രവാചകപുരോഹിതന്റെ രാജകീയപ്രവേശത്തിന് ഇതിലും നല്ല ഒരു മൃഗത്തെ തിരഞ്ഞെടുക്കാനാകുമോ?’ ‘സിയോന്‍ പുത്രിയോട് പറയുക, ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടേയും കഴുതക്കുട്ടിയുടേയും പുറത്ത് നിന്റെ അടുത്തേക്ക് വരുന്നു’ (മത്തായി 21:5).

കഴുതപ്പുറത്തുള്ള സവാരി വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിനു മുന്‍പും രേഖപ്പെടുത്തിയിട്ടുണ്ട്. കഴുതാരൂഢര്‍ അത്ര കുറഞ്ഞവരുമല്ല. ജായീറിന്റെ 30 പുത്രന്മാരും (ന്യായാധി. 10:4) ഗിലിയാദ് ദേശത്ത്, ‘ഹാവേത്ത് ജാഹിര്‍’ എന്നറിയപ്പെടുന്ന 30 പട്ടണങ്ങളുടെ അധിപന്മാരായിരുന്നു. പിറഥോന്യനായ ഹില്ലേലിന്റെ മകന്‍ അബ്‌ദോന്റെ 40 പുത്രന്മാര്‍ക്കും 30 പൗത്രന്മാര്‍ക്കും സഞ്ചരിക്കാന്‍ 70 കഴുതകളുണ്ടായിരുന്നു (ന്യായാധി. 12:14) ദാവീദ് രാജാവിന്റെ പുത്രന്മാരെല്ലാം കോവര്‍കഴുതപ്പുറത്താണ് സവാരി ചെയ്തിരുന്നത് (2 സാമു. 13:29).

കഴുതപ്പുറത്തുള്ള സവാരിക്കിടയിലാണ് സോളമന്‍ രാജാവിന്റെ സ്ഥാനാരോഹണ വിളംബരം. സക്കറിയയുടെ പ്രവചനം ഇസ്രായേലിന്റെ രാജാവ് കഴുതപ്പുറത്ത് സവാരി ചെയ്തു വരുമെന്നായിരുന്നു (സക്ക. 9:9).

കോഴികൾ

21 ദിവസം നീണ്ടുനില്‍ക്കുന്ന തപസിനും ഉപവാസത്തിനും ശേഷം തന്റെ ചിറകുകള്‍ക്കു കീഴില്‍ നെഞ്ചോട് ചേര്‍ത്ത് കാത്തുസൂക്ഷിച്ച മുട്ടകള്‍ക്കുള്ളില്‍ നിന്നും പുറത്തുകടക്കുന്ന കോഴിക്കുഞ്ഞുങ്ങളെയും കൊണ്ട് മുറ്റത്തും തൊടിയിലും ചിക്കിച്ചിനക്കി നടക്കുന്ന തള്ളക്കോഴിയെ കണ്ടിട്ടുള്ളവര്‍ക്കേ ലൂക്കാ 13:34 -ന്റെ അര്‍ത്ഥപുഷ്‌കലതയും മനോഹാരിതയും ആസ്വദിക്കാനാവൂ. തന്റെ കുഞ്ഞുങ്ങളെ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്ന കാക്കയുടേയോ, പരുന്തിന്റെയോ നിഴലനക്കം മതി തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി ചിറകിന്‍കീഴില്‍ ഒളിപ്പിക്കാന്‍.

ഇന്‍കുബേറ്ററില്‍ നിന്നും വിരിഞ്ഞുവരുന്ന നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങള്‍ക്ക് തള്ളക്കോഴി അപായമുന്നറിയിപ്പുകളോ, കൊത്തിപ്പെറുക്കി ചുണ്ടില്‍ വച്ചുകൊടുക്കുന്ന മാതൃവാത്സല്യം അറിയാനോ അനുഭവിക്കാനോ മാര്‍ഗ്ഗമില്ല. ജനിക്കുമ്പോള്‍ തന്നെ അഴിക്കൂടുകള്‍ക്കകത്ത് കെട്ടിത്തൂക്കിയ തീറ്റപ്പാത്രങ്ങളില്‍ നിന്ന് ആഹാരവും കുടിക്കാന്‍ വെള്ളവും ആവശ്യത്തിലധികം കിട്ടും. തൊടിയിലും മുറ്റത്തും കൊക്കിക്കൊക്കി കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്നതും അപായസൂചനയില്‍ ഞൊടിയിട കൊണ്ട് ചിറകിന്‍കീഴില്‍ ഒളിപ്പിക്കുന്ന തള്ളക്കോഴിയുടെ ‘അതിജീവനത്തിന്റെ’  ജാലവിദ്യയും ഇന്നത്തെ തലമുറയിലെ എത്ര മനുഷ്യക്കുഞ്ഞുങ്ങള്‍ കണ്ടുകാണും? മേശപ്പുറത്ത് വിളമ്പിക്കിട്ടുന്ന K.F.C -യും Chiking -ഉം കണ്ടുപരിചയിച്ചും തിന്നുശീലിച്ചും വളര്‍ന്ന ഇന്നത്തെ തലമുറക്ക് ജറുസലേമിനെക്കുറിച്ചുള്ള ഈശോമിശിഹായുടെ നിരാശയുടെ നിഴലാട്ടമുള്ള ‘വിലാപത്തിന്റെ ദുഃഖധ്വനി’ എങ്ങനെ മനസ്സിലാവാന്‍?

കുറുനരികൾ

എത്രയെത്ര ദൂരങ്ങളില്‍ ഇര തേടി പോയാലും നേരം വെളുക്കാറാകുമ്പോള്‍ കുറുനരി തന്റെ മാളത്തിന്റെയും നേരം വൈകുമ്പോള്‍ പറവകള്‍ സ്വന്തം കൂടുകളുടെയും സുരക്ഷിതത്വത്തിലേക്ക് തിരികെയെത്താന്‍ വെമ്പുന്നവയാണ് (ലൂക്ക 9:58). എന്നാല്‍ പ്രപഞ്ചനിയന്താവായ ദൈവപുത്രന് വിശ്രമിക്കാന്‍ സ്ഥിരമായ ഒരു ഇടമില്ലായിരുന്നു. വാക്കുകള്‍ കൊണ്ട് കവിത തീര്‍ക്കുന്ന ഫാ. ബോബി കട്ടിക്കാടിന്റെ ശൈലിയില്‍ ‘അമരങ്ങളില്‍ ഉറങ്ങിയവന്‍’, ‘അരികുകളില്‍ ആശ്രയവും വിശ്രമവും ആഗ്രഹിച്ചവന്‍’ എന്നൊക്കെയാണ് യേശുവിന്റെ വിശേഷണങ്ങള്‍. എന്നും സമൂഹത്തിന്റെ ഓരം ചേര്‍ന്ന് കഴിഞ്ഞവര്‍ക്കൊപ്പമായിരുന്നു അവന്‍. സ്വന്തമായി ഒരു മാളമോ, ഒരു കൂടോ ഇഷ്ടപ്പെടാത്ത അവന് അതൊക്കെ ഒരു ബാധ്യതയോ, ലക്ഷ്വറിയോ ആയി തോന്നിയിരിക്കാം. ഭിക്ഷാംദേഹിയുടെ സ്വാതന്ത്ര്യം കാംക്ഷിക്കുകയും അത് ജീവിച്ചുകാണിക്കുകയും ചെയ്തവനാണ് യേശു. വിതക്കുകയോ, കൊയ്യുകയോ കളപ്പുരകളില്‍ ശേഖരിച്ചുവയ്ക്കുകയോ ചെയ്യാത്ത കിളികളെയും, എന്തു ധരിക്കണമെന്ന് ശരീരത്തെക്കുറിച്ച് വ്യാകുലപ്പെടാത്ത വയല്‍പ്പൂക്കളെയും മാതൃകയാക്കിയ (മത്തായി  6:26) അവനെന്തിനു വീടും കൂടും.

ലൂക്കാ 13:32 -ല്‍ ഹെറേദേസിന്റെ വധഭീഷണിയെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന ഫരിസേയരോട് ചങ്കൂറ്റത്തോടെ യേശു വെല്ലുവിളിച്ചു പറയുകയാണ്, ‘നിങ്ങള്‍ പോയി ആ കുറുക്കനോട് പറയുവിന്‍ ഇന്നും നാളെയും രോഗശാന്തി നല്‍കിക്കൊണ്ട് ഞാന്‍ ഈ പരിസരത്തു തന്നെ ഉണ്ടാകും.’ ഗലീലി പ്രദേശത്തെ നാടുവാഴിയായിരുന്ന ഹെറോദ് അന്തിപ്പാസിനെയാണ് യേശു കുടിലബുദ്ധിക്കാരനായ കുറുക്കനോട് സാദൃശ്യപ്പെടുത്തിയതെന്നോര്‍ക്കണം.   

പൂച്ചകളും നായ്ക്കളും

വിശുദ്ധ ഗ്രന്ഥത്തിലെ താളുകളില്‍ തന്നെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ഒരു മൃഗമാണ് പൂച്ച. അതിന് കാരണങ്ങള്‍ പലതാണ് പറയപ്പെടുന്നത്. ഈജിപ്തുകാര്‍ പൂച്ചയെ ദൈവമായി ആരാധിക്കുന്നവരാണ്. ഫറവോയുടെ രക്ഷകര്‍ത്താവും ഫലഭൂയിഷ്ഠതയുടെയും പ്രത്യുല്‍പാദനക്ഷമതയുടെയും ശക്തിയുടേയും ദേവനായി വണങ്ങിയിരുന്ന പൂച്ചയെ ഇസ്രായേല്‍ ജനം, തങ്ങളെ അടിമകളാക്കി വച്ചിരുന്ന ഈജിപ്തുകാരുടെ പൂച്ചദേവനെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥ വിവരണങ്ങളില്‍ നിന്ന് ഒഴിവാക്കിയത് യാദൃശ്ചികമാകാനിടയില്ല. നായ്ക്കളെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ടുതാനും. ലാസറിന്റെ വ്രണങ്ങള്‍ നായ്ക്കള്‍ നക്കിയിരുന്നതിന്റെ വിവരണവുമുണ്ട് (ലൂക്കാ 16:21) വീണ്ടും മര്‍ക്കോ. 7:27, 28 -ലെ സീറോ-ഫിനേഷ്യന്‍ സ്ത്രീയുടെ വിശ്വാസസ്ഥിരതയുടെ വിവരണത്തിലും നായയുടെ, യജമാനനോടുള്ള വിശ്വസ്തത കാണിക്കാന്‍ ആ സ്ത്രീ ഏതാനും അപ്പക്കഷണങ്ങള്‍ക്കു വേണ്ടി ക്ഷമയോടെ വാലാട്ടി നില്‍ക്കുന്ന നായയെയാണ് പ്രതീകമാക്കി വിവരിക്കുന്നതും കാര്യം സാധിക്കുന്നതും.

ഉറുമ്പ്, ഒട്ടകം, കഴുകൻ തുടങ്ങിയവ

അല്‍പപ്രാണിയായ ഉറുമ്പ് മുതല്‍ (സുഭാ. 6:6, 30:25) ഒരു നാണയത്തിന് രണ്ടെണ്ണം കിട്ടുന്ന കുരുവികള്‍ (മത്തായി 10:31), സൂചിക്കുഴയിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഒട്ടകം (മത്തായി 3:4) കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്ന ഫരിസേയര്‍, റാകിപ്പറക്കുന്ന ചെമ്പരുന്തും കഴുകന്മാരും (പുറ. 19:4/ഏശയ്യ 40: 31, എസ. 1:10, വെളി. 4:7, വിവിധതരം മത്സ്യങ്ങള്‍ – വായില്‍ സ്വര്‍ണ്ണനാണയം ഉള്ളതുവരെ – (പുറ. 7:8, ജോനാ 4:7,  മത്തായി 14: 17 ലൂക്കാ 24 :42,  യോഹ. 21 :19)  കഴുത, കഴുതക്കുട്ടി (മത്തായി 21:2) എന്നുവേണ്ടാ ലേവിയത്താന്‍ എന്ന് ഭീമാകാര ജീവി വരെ. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിലൂടെ രക്ഷണീയകര്‍മ്മത്തിന്റെ ആഖ്യാനത്തിന് മനോഹാരിതയും സുഗ്രാഹ്യതയും നല്‍കിക്കൊണ്ട് കടന്നുപോകുന്ന സകല സൃഷ്ടജാലങ്ങള്‍ക്കും തൊഴുകൈയ്യോടെ നന്ദിയേകുന്നു.

ഉപസംഹാരം

നമ്മുടെ നിത്യജീവിതത്തില്‍ കണ്ടും കേട്ടും പരിചയമുള്ള ജന്തുജാലങ്ങളുടെ ജീവിതരീതികള്‍, രക്ഷാകര സന്ദേശങ്ങളില്‍ ഉപമകളായും രൂപകങ്ങളായും അന്യാപദേശങ്ങളായും നമ്മുടെ സ്മൃതിമണ്ഡലത്തിലേക്കെത്തിക്കുന്നതിനും ധ്യാനവിഷയമാക്കുന്നതിനും സഹായിക്കുന്ന തിര്യക്കുകളേ, നിങ്ങളുടെ ജീവിതസാക്ഷ്യങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി.

വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടം മത്തായി 26:34 -ലെ പാതിരാക്കോഴിയോടാണ്. തക്കം കിട്ടിയാല്‍ ‘അവന്‍ പറഞ്ഞതും പഠിപ്പിച്ചതും ഞൊടിയിട കൊണ്ട് മറന്നു.’ അവനില്‍ ഇടറുവാന്‍ ഇടവരികയാണെങ്കില്‍ ഉച്ചത്തില്‍ കൂവി, അരുതേ എന്ന് എന്നെ ഓര്‍മ്മിപ്പിക്കാനും വേണ്ടിവന്നാല്‍ വിലക്കുവാനും എനിക്കും ഒരു കോഴിപ്പൂവനെ വേണം. ഞാന്‍ ഇടറിപ്പോകുന്നതിനു മുമ്പ് കൂവണേ എന്ന് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഇനിയെങ്ങാനും ഇടറിപ്പോയാല്‍ തന്നെ എന്റെ അഹംബോധത്തിന്റെ പ്രാകാരത്തിനു പുറത്തേക്കിറങ്ങി കയ്‌പ്പോടെ കരഞ്ഞ്, മനസ്തപിക്കാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍. 

ഡോ. ജോയി ഫ്രാൻസിസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.