വൈകല്യങ്ങളോടെ ജനനം, ഡോക്ടർമാർ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി തൊട്ടിലിൽ തൂക്കി: അനാഥാലയത്തിൽ നിന്നും സംഗീതലോകത്തേക്കുള്ള ഒരു വിശ്വാസിയുടെ യാത്ര

“കൈകൾ ഇല്ലെങ്കിലെന്താ, എനിക്ക് വിശ്വാസം പങ്കുവയ്ക്കാൻ അതൊരു തടസമേയല്ല. കാലുകളും മറ്റ് എല്ലാ അവയവങ്ങളും ഉണ്ടല്ലോ” – സംഗീതജ്ഞനായ ജോർജ് ഡെന്നിഹിയുടെ വാക്കുകളാണിത്.

കൈകൾ ഇല്ലാതെയാണ് ഡെന്നീസ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ടു. എങ്കിലും ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനുള്ള കൃപ ദൈവം അവനു കൊടുത്തു. സംഗീതം എന്ന കഴിവിലൂടെ ജോർജ് നടന്നുകയറിയത് അനേകർക്ക് പ്രതീക്ഷ പകരാനായിരുന്നു. 26 -കാരനായ സംഗീതജ്ഞനായ ജോർജ് ഡെന്നിഹിയുടെ സോഷ്യൽ മീഡിയയിലെ വിളിപ്പേരാണ് ‘ആ കൈയില്ലാത്ത ആൾ’ എന്നത്.

ജന്മനാ കൈയ്യില്ലാത്ത ജോർജിന് ആ പേര്‌ പുതുമയല്ല. കൈ ഇല്ലെന്ന കുറവുണ്ടെങ്കിലും മറ്റ് നിരവധി കഴിവുകൾ ദൈവം അദ്ദേഹത്തിന് കനിഞ്ഞുനൽകിയിട്ടുണ്ട്. ഇന്ന് സംഗീതജ്ഞനായി അറിയപ്പെടുന്ന അവൻ കാലുകൾ കൊണ്ട് സെല്ലോ, ഗിറ്റാർ, പിയാനോ എന്നിവ വായിക്കുന്നു.

റൊമാനിയായിൽ ആണ് ജോർജ് ഡെന്നിഹി ജനിച്ചത്. കൈകളില്ലാതെ ജനിച്ചതു മാത്രമല്ല, അദ്ദേഹം വളരെ ദുർബലനായ ഒരു കുട്ടിയായിരുന്നു. അതിനാൽ തന്നെ ജനിച്ച് അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നു. “18 മാസത്തിൽ വെറും ഒൻപത് പൗണ്ട് മാത്രം ഭാരമുള്ള ഡെന്നീസിന്റെ തൊട്ടിലിൽ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് തൂക്കിയിട്ടു. കുട്ടി മരിച്ചുകഴിയുമ്പോൾ തീയതി പൂരിപ്പിക്കാൻ നഴ്‌സുമാരോട് നിർദ്ദേശിച്ചു” – NBC16 -ലെ റിപ്പോർട്ടർ കെൽസി ക്രിസ്റ്റൻസെന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആ ദിവസം പൂരിപ്പിക്കേണ്ട സമയം വന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച് ദൈവത്തിനുണ്ടായിരുന്നത് മറ്റൊരു പദ്ധതിയായിരുന്നു.

റൊമാനിയൻ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ജോർജ് മൂന്നു വർഷങ്ങൾ അവിടെ ചിലവഴിച്ചെങ്കിലും മരിച്ചില്ല. എല്ലാവരാലും തള്ളിക്കളയപ്പെട്ട ആ കുട്ടിയെ പരിപാലിക്കാൻ ദൈവം കൂട്ടിനുണ്ടായിരുന്നു. ഒരു കുടുംബം അവനെ ദത്തെടുത്തു. ആ കുടുംബം അവനു വേണ്ടി എല്ലാം ചെയ്തു. അത് പുതിയൊരു യാത്രയുടെ തുടക്കമായിരുന്നു.

പുതിയ മാറ്റങ്ങളോടെ സ്‌കൂളിൽ

ദത്തെടുത്ത കുടുംബത്തോടൊപ്പം റൊമാനിയയിൽ നിന്ന് വിർജീനിയയിലേക്ക് അദ്ദേഹം താമസം മാറി. സ്നേഹത്തിന്റെ നല്ലൊരു അന്തരീക്ഷം അവിടെ അദ്ദേഹം അനുഭവിച്ചു. എന്നാൽ ജോർജിനെ സംബന്ധിച്ച് സ്‌കൂൾ വിദ്യാഭ്യാസ സമയം ഇരുണ്ട കാലഘട്ടമായിരുന്നു. കൈകൾ ഇല്ലാത്തതു മാത്രമായിരുന്നില്ല അവന്റെ പ്രശ്‍നം, സ്‌കൂളിലെ മറ്റു കുട്ടികളോടൊപ്പം പൊരുത്തപ്പെടാൻ അവന് ബുദ്ധിമുട്ടായിരുന്നു.

ഭയത്തോടെ സ്കൂളിൽ പോയത് ജോർജ് ഇന്നും ഓർക്കുന്നു. സ്‌കൂളിൽ പോകുന്നത് പരമാവധി ഒഴിവാക്കാൻ അവൻ ശ്രമിച്ചു. എന്നാൽ, കൈകൾ ഇല്ലാത്തതിന്റെ കുറവ് മറ്റ് അവയവങ്ങൾ ഉപയോഗിച്ച് നികത്താൻ അദ്ദേഹം പഠിച്ചു. കാലുകൾ ഉപയോഗിച്ച് അവൻ ഭക്ഷണം കഴിച്ചു. “മറ്റ് കുട്ടികൾ എന്നെ കളിയാക്കുന്നതു കൊണ്ട് സ്കൂളിൽ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് നിർത്തി” – ജോർജ് പറയുന്നു.

പലർക്കും, നിരാശയെ അഭിമുഖീകരിക്കുക എന്നത് ജീവിതത്തിൽ ഒരു സുപ്രധാന നിമിഷമാണ്. എന്നാൽ, ഇത്തരം കളിയാക്കലുകളെയൊക്കെ അഭിമുഖീകരിക്കാൻ ജോർജ് പഠിച്ചു. അങ്ങനെ അവന്റെ കാഴ്ചപ്പാട് മാറി, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് പ്രധാനമായും നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന് അവൻ മനസ്സിലാക്കി. “ഇത് ശരിക്കും ഒരു തെരഞ്ഞെടുപ്പാണ്. നിങ്ങൾക്കറിയാമോ, ജീവിതത്തിൽ നമുക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്, ചില സംഭവങ്ങളുണ്ട്. വൈകല്യങ്ങളോടെ ജനിച്ചതിനാൽ എന്റെ മുൻപിൽ ഉണ്ടായിരുന്ന ഒരേയൊരു തിരഞ്ഞെടുപ്പ്, അതിനോട് എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു” – ജോർജ് വെളിപ്പെടുത്തുന്നു.

ബുദ്ധിമുട്ടേറിയ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് നമ്മൾ ഓരോരുത്തരുമാണ് എന്ന് ജോർജ് ഈ ലോകത്തോട് തന്റെ ജീവിതം കൊണ്ട് വിളിച്ചുപറയുകയാണ്. വൈകല്യങ്ങൾ ഉണ്ടെങ്കിലും അതിലേറെ അനുഗ്രഹങ്ങൾ ദൈവം തനിക്ക് തന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ അവൻ എട്ടാം വയസ്സിൽ സെല്ലോ വായിക്കാൻ പഠിച്ചു. പിന്നീട് സ്വയം ഗിറ്റാറും പിയാനോയും വായിക്കാൻ പഠിച്ചു.

ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഫോളോവേഴ്സ് ഉള്ള ഒരു സംഗീതജ്ഞനാണ് അദ്ദേഹം. ഉപേക്ഷിക്കപ്പെട്ട കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മറ്റുള്ളവരിൽ അവബോധം വളർത്താനും ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കാനും ഇന്ന് ജോർജ് പരിശ്രമിക്കുന്നു. തന്റെ ദൈവവിശ്വാസം, ദൈവം ദാനമായി തന്ന സംഗീതം എന്ന കഴിവു കൊണ്ട് തന്നെ പ്രഘോഷിക്കുകയാണ് ‘ആ കയ്യില്ലാത്ത ആൾ.’

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.