തൊണ്ണൂറ്റിയഞ്ചാം വയസിൽ പുസ്തകം പ്രസിദ്ധീകരിച്ച് ജീവിതാഭിലാഷം പൂർത്തിയാക്കിയ മുത്തശ്ശി

ബ്രിജിഡ് കാവനാഗ് എന്ന തൊണ്ണൂറ്റിയഞ്ചു വയസുകാരി മുത്തശ്ശിയുടെ ജീവിതാഭിലാഷമായിരുന്നു പുസ്തകമെഴുകുതി പ്രസിദ്ധീകരിക്കുക എന്നത്. അതിന് ഈ മുത്തശ്ശിക്ക് പ്രായമൊരു തടസ്സമേയല്ലായിരുന്നു. എങ്കിലും അതത്ര എളുപ്പവുമായിരുന്നില്ല. അതിനായി ഈ മുത്തശ്ശിക്ക് നിരവധി കടമ്പകൾ കടക്കേണ്ടി വന്നു. അങ്ങനെ തന്റെ മക്കളുടെ സഹായത്തോടെ ‘ഇൻ മൈ മൈൻഡ് ഐ, വാക്കിംഗ് അമോംഗ്സ്റ്റ് ഗോസ്റ്റ്സ്’ എന്ന പുസ്തകത്തിന്റെ 500 പതിപ്പുകൾ ഈ മുത്തശ്ശി അച്ചടിച്ചു കഴിഞ്ഞു.

അയർലണ്ടുകാരിയായ ഈ മുത്തശ്ശി ലോക്‌ഡൗൺ സമയമാണ് തന്റെ ജീവിതാഭിലാഷം പൂർത്തിയാക്കാൻ വിനിയോഗിച്ചത്. ലോക്ഡൗണിന്റെ കർശനമായ നിയന്ത്രണങ്ങൾക്കിടയിൽ കാവനാഗിന്റെ കുടുംബം ഈ മുത്തശ്ശിയുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി. അമ്മ എഴുതിയ നിരവധി കവിതകളും കഥകളും മക്കൾ തന്നെ സമാഹരിച്ചു. തന്റെ എൺപതാമത്തെ വയസിൽ കാവനാഗ് തന്റെ ചില കൃതികൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അതിനാൽ തന്നെ ഇപ്പോൾ ഈ പുസ്തകം പൂർത്തിയാക്കാൻ സാധിച്ചതിൽ ഈ അമ്മ അതീവ സന്തോഷവതിയാണ്.

കാവനാഗ് എഴുതിയ സമ്പന്നമായ ഓർമ്മക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം ലണ്ടനിലെ രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും ഡബ്ലിനിലെ അവളുടെ ജീവിതത്തെക്കുറിച്ചും വായനക്കാർക്ക് ഉൾക്കാഴ്ച നൽകും. ഈ പുസ്തകം പുറത്തിറക്കിയതിൽ മറ്റൊരു സവിശേഷതയും കൂടിയുണ്ട്. അവരുടെ കുടുംബം മുഴുവൻ ഈ സംരഭത്തിനായി പ്രയത്നിച്ചു എന്നതാണ് ആ സവിശേഷത. ചുരുക്കത്തിൽ മുത്തശ്ശിയുടെ ആഗ്രഹപൂർത്തീകരണത്തിനായി ഒരു കുടുംബം മുഴുവൻ ഒരുമിച്ചു നിന്ന അസുലഭ നിമിഷത്തിന്റെ ഓർമ്മയായി മാറുകയാണ് ഈ പുസ്തകം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.