തൊണ്ണൂറ്റിയൊന്നിന്റെ നിറവില്‍ എമരിറ്റസ് ബെനഡിക്ട് മാര്‍പ്പാപ്പ

വത്തിക്കാന്‍സിറ്റി: ആഗോളകത്തോലിക്കാ സഭയുടെ മുന്‍തലവന്‍ പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍.

വലിയ ആഘോഷങ്ങളില്ലാത്ത തൊണ്ണൂറ്റിയൊന്നാം പിറന്നാളില്‍ പങ്കെടുക്കാന്‍ പോപ്പ് എമരിറ്റസിന്റെ ജ്യേഷ്ഠ സഹോദരന്‍ തൊണ്ണൂറ്റിനാലുകാരനായ മോണ്‍. ജോര്‍ജ് റാറ്റ്സിംഗര്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ നിന്നും പോപ്പ് എമരിറ്റസിന്റെ വസതിയായ വത്തിക്കാന്‍ നഗരത്തിന്റെ തെക്ക്പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന മാത്തര്‍ എക്ളെസിയയില്‍ എത്തി ആശംസകള്‍ നേര്‍ന്നു.

1927 ലെ ഈസ്റററിന്റെ തലേദിവസമായ ഏപ്രില്‍ 16 ന് ജര്‍മനിയിലെ ബവേറിയന്‍ സംസ്ഥാനത്തിലെ മാര്‍ക്ട്ല്‍ അം ഇന്‍ എന്ന പട്ടണത്തില്‍ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറുടെ മാതാപിതാക്കള്‍ ജോസഫ് റാറ്റ്സിംഗര്‍ (സീനിയര്‍), മരിയ റാറ്റ്സിംഗര്‍ എന്നിവരാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1951 ജൂണ്‍ 29 ന് വൈദികപട്ടം സ്വീകരിച്ചു. 1953 ല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി. 1977 മാര്‍ച്ച് 25 ന് പോപ്പ് പോള്‍ ആറാമന്‍ പ്രൊഫ. റാറ്റ്സിംഗറെ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാക്കി.

1977 ജൂണ്‍ 27ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1981 ല്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായി വത്തിക്കാനിലെത്തിയ കര്‍ദിനാള്‍ റാറ്റ്സിംഗര്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായി. ജോണ്‍പോള്‍ രണ്ടാമന്റെ മരണത്തെ തുടര്‍ന്ന് 2005 ഏപ്രില്‍ 19 നാണ് മാര്‍പാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പുതിയ നാമം സ്വീകരിച്ചതും. 2013 ഫെബ്രുവരി 28 ന് മാര്‍പാപ്പാ പദവി സ്ഥാനത്യാഗം ചെയ്ത് പോപ്പ് എമരിറ്റസായി.

നൂറ്റിയൊന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായംകൂടിയ എമരിറ്റസ് മാര്‍പാപ്പയാവുകയാണ് ബനഡിക്ട് പതിനാറാമന്‍. നിരന്തരം വായനയിലും രചനയിലും തല്‍പ്പരനായ മാര്‍പ്പാപ്പാ രചിച്ച 2007 മെയ് 15 ന് പുറത്തിറക്കിയ നസറേത്തിലെ യേശു (Jesus of Nazareth) എന്ന പുസ്തകം ബെസ്ററ് സെല്ലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ രണ്ടാം ഭാഗം 2011 മാര്‍ച്ച് 15 നും, മൂന്നാം ഭാഗം 2012 നവംബര്‍ 21 നും പുറത്തിറക്കി.

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പായെപ്പറ്റി ജ്യേഷ്ഠ സഹോദരന്‍ മോണ്‍.ജോര്‍ജ് റാറ്റ്സിംഗര്‍ പോയ വര്‍ഷം ഒരു പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. എന്റെ സഹോദരന്‍ പാപ്പാ (“Mein Bruder, der Papst” മൈന്‍ ബ്രൂഡര്‍, ഡേര്‍ പാപ്സ്ററ്) എന്ന ശീര്‍ഷകത്തോടുകൂടി തയ്യാറാക്കിയ പുസ്കത്തില്‍ ഇരുവരുടെയും ചെറുപ്പകാലത്തെ ജീവിതവും, കുടുംബന്ധങ്ങളിലെ കുസൃതികളും, മരിച്ചുപോയ ഏക സഹോദരിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഒക്കെയാണ് പ്രതിപാദിയ്ക്കുന്നത്. കൂടാതെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇരുവരും നടത്തിയ നിര്‍ബന്ധിത സൈനികസേവനവും ആഖ്യാന വിഷയമാക്കിയിട്ടുണ്ട്.

തൊണ്ണൂറ്റിനാലുകാരനും റെയ്ഗന്‍സ്ബുര്‍ഗ് കത്തീഡ്രലിലെ മുന്‍ ബാന്റ്മാസ്റററായ മോണ്‍. ജോര്‍ജ് റാറ്റ്സിംഗര്‍ ഏഴുതിയ ഈ പുസ്കത്തിന് 256 പേജുകളുണ്ട്. ചെറുപ്പകാലമുള്‍പ്പടെ മധുരസ്മരണകള്‍ അനുസ്മരിപ്പിയ്ക്കുന്ന ഏതാണ്ട് നാല്‍പ്പതോളം ജീവനുള്ള ദൃശ്യങ്ങളും പുസ്തകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ചരിത്രകാരനായ ഡ്യൂസ്സല്‍ഡോര്‍ഫിലെ മിഷായേല്‍ ഹെസെമാന്റെ സഹായത്തോടെയാണ് മോണ്‍സിഞ്ഞോണ്‍ ഈ പുസ്തകം തയ്യാറാക്കിയത്.

തൊണ്ണൂറ്റിയൊന്നിന്റെ നിറവിലെത്തിയ പോപ്പ് എമരിറ്റസ് തന്റെ ആരോഗ്യസ്ഥിതിയില്‍ ആകുലത പ്രകടിപ്പിച്ചതായി പോയ വര്‍ഷം ഒക്ടോബറില്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.

ജോസ് കുമ്പിളുവേലില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.