പാപ്പായിൽ നിന്ന് വിശിഷ്ടമായ മെഡൽ നേടിയ എൺപത്തൊന്നുകാരി മുത്തശ്ശി

35 വർഷം സഭയോടും സഭാ സമൂഹത്തോടും ഒപ്പം ചിലവിട്ട, ചെയ്ത സേവനകളുടെ ബഹുമതിയായി പാപ്പായുടെ വിശിഷ്ടമായ മെഡൽ ലഭിച്ചിരിക്കുകയാണ് 81 വയസുകാരിയായ ഒരു മുത്തശ്ശിക്ക്. ആൻ കെല്ലി എന്ന സ്കോട്ട്ലൻഡ്കാരിയായ മുത്തശിയാണ് ബെനമെറെന്റി മെഡൽ ലഭിച്ചത്. സ്കോട്ട്‌ലൻഡിലെ ലോച്ചിയിലെ സെന്റ് മേരീസ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ വച്ച് ഈ പുരസ്‌കാരം ആന്‍ കെല്ലിക്ക് കൈമാറി.

ഒരു വ്യക്തി എന്ന നിലയിൽ സഭയ്ക്കും സഭാ സമൂഹത്തിനും വേണ്ടി ആൻ കെല്ലി നടത്തിയ സേവനങ്ങളുടെ പിൻബലത്തിൽ ഈ പുരസ്‌കാരത്തിനായി ഇടവക ജനങ്ങൾ ഇവരെ ശുപാർശ ചെയ്യുകയായിരുന്നു. ഇതേ തുടർന്നു പാപ്പായുടെ ബഹുമതിയിയും സർട്ടിഫിക്കറ്റും ഡിസംബർ പതിമൂന്നാം തീയതി ലഭിക്കുകയായിരുന്നു. ഈ മുത്തശ്ശിയുടെ ജീവിതം നമുക്ക് അറിയാം.

ആൻ കെല്ലി എന്ന ഈ എൺപത്തൊന്നുകാരിക്ക് 15 കൊച്ചുമക്കൾ ഉണ്ട്. കൂടാതെ രണ്ടു കുഞ്ഞുങ്ങളുടെ മുതുമുത്തശിയും ആണ്. ഏതാനും പതിറ്റാണ്ടുകളായി ആന്‍ കെല്ലി തന്റെ ഇടവകയിൽ ഉള്ളവരുടെ ഇടയിൽ നിസ്വാർത്ഥമായ സേവനം ആണ് കാഴ്ച വച്ചത്. എല്ലാ ആഴ്ചയിലും വിശുദ്ധ കുർബാനയ്ക്കു ശേഷം ആൻ ഇടവകയിൽ വയ്യാതെ കിടക്കുന്ന ആളുകളിലേക്ക്‌ ഇറങ്ങി ചെല്ലും. അവരെ പരിചരിക്കും. ഇതു കൂടാതെ ആഘോഷ വേളകളിൽ ഒക്കെയും എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നതിന് ആൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വേദനിക്കുന്നവരിലേയ്ക്ക് ഓടിയെത്തുവാൻ ആൻ കെല്ലി വളരെയധികം ഉത്സാഹിച്ചിരുന്നു.

കൂടാതെ ദൈവാലയ കാര്യങ്ങളിൽ അതീവ തീക്ഷണതയോടെ പങ്കെടുത്തുകൊണ്ട് പുതു തലമുറയ്ക്ക് മാതൃകയായി മാറിയിരുന്നു ഈ മുത്തശ്ശി. ഇടവകയിൽ ക്രിസ്തുമസ് പാർട്ടി സംഘടിപ്പിക്കുന്നതിനും ക്രിസ്തുമസ് ചൈതന്യം അനേകരിലേയ്ക്ക് പകരുന്നതിനും ഈ മുത്തശ്ശി പ്രത്യേകം ശ്രമിച്ചിരുന്നു. നീണ്ട 35 വർഷം നിസ്വാർത്ഥമായ സേവനമാണ് ഇവർ കാഴ്ചവച്ചത്. അതിനാൽ തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു ഈ മുത്തശ്ശി. “ആൻ ഒരിക്കലും പ്രതിഫലം പ്രതീക്ഷിച്ചല്ല സഭയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. വാസ്തവത്തിൽ അവനവന്റെ ഉത്തരവാദിത്വം ശരിയായി നിറവേറ്റുവാൻ മറ്റുള്ളവരെ പ്രാപ്തരാക്കുന്നതിനായിട്ടായിരുന്നു അവരുടെ ശ്രമങ്ങൾ ഒക്കെയും. അത് അംഗീകരിക്കപ്പെടുകയും ചെയ്തു” – റവ. കാസിഡി പറഞ്ഞു.

മാർപ്പാപ്പ സൈന്യത്തിലെ അംഗങ്ങളെ തിരിച്ചറിയുന്നതിനായി 1831 -ൽ പയസ് ആറാമൻ മാർപ്പാപ്പയുടെ കാലത്താണ് വിശിഷ്ട മെഡൽ ആദ്യമായി നൽകി തുടങ്ങിയത്. 1925 ആയപ്പോൾ മുതൽ പുരോഹിതർക്കും സാധാരണക്കാർക്കും സഭയിൽ അവരുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് ഈ ബഹുമതി നൽകി തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.