മുന്‍വിധികള്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നു – ഫ്രാന്‍സിസ് പാപ്പ 

ചില കാര്യങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള മുന്‍വിധികള്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. ശനിയാഴ്ചയിലെ മിലാന്‍ സന്ദര്‍ശനത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇരുപത്തിഅയ്യായിരത്തിലധികം വിശ്വാസികളാണ് പാപ്പയെ ശ്രവിക്കാന്‍ ഉണ്ടായിരുന്നത്.

പ്രധാനമായും രണ്ട് അപകടങ്ങളെക്കുറിച്ച് പാപ്പ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ആദ്യത്തേത് മുന്‍ധാരണകളെക്കുറിച്ചായിരുന്നു. ”ചില മുന്‍ധാരണകള്‍ നമ്മെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകറ്റും. ന്യായവാദങ്ങള്‍ക്കോ കരുണയ്‌ക്കോ സ്ഥാനമില്ലാത്ത വിധത്തില്‍ വിധിക്കാന്‍ അത് നമ്മെ നിര്‍ബന്ധിതരാക്കും. ദിവസവും ഇത്തരം അവസ്ഥകളിലൂടെ  നിങ്ങള്‍ കടന്നു പോകുന്നുണ്ട്.” പാപ്പ തുടര്‍ന്നു, ”രണ്ടാമത്തെ കാര്യം ഹിതകരമല്ലാത്ത സൗഹൃദങ്ങളാണ്. വ്യക്തിപരമായ താത്പര്യങ്ങക്കായി ചിലര്‍ സ്വാര്‍ത്ഥത നിറഞ്ഞ ബന്ധങ്ങളെ തേടിപ്പോകാറുണ്ട്. ഇത് ശരിയായ പ്രവണതയല്ല.” പാപ്പ വിശ്വാസികളോടായി പറഞ്ഞു.

മനുഷ്യനും വസ്തുക്കള്‍ക്കും വില കല്പിക്കുന്നുണ്ടെങ്കില്‍ നമ്മുടെയും അവരുടെയും അന്തസ്സും താത്പര്യങ്ങളും സംരക്ഷിക്കുന്ന രീതിയിലായിരിക്കണം മുന്നോട്ട് പോകേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് ശേഷം, സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ രക്തസാക്ഷികളായ 11 പേരെ പാപ്പ ഓര്‍മ്മിച്ചു. അവരില്‍ ഒരു ജിപ്‌സി സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.