കോവിഡിനെതിരെ കോട്ട തീർക്കാൻ കൊന്ത ചൊല്ലി 72 വൈദികർ

കോവിഡ്-19 എന്ന മഹാമാരിക്കു മുൻപിൽ പകച്ചുനിൽക്കുന്ന ലോകത്തിനായി അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്ന് വിവിധ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 72 കത്തോലിക്കാ വൈദികർ പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ച് “വാക് വിത്ത് ക്രൈസ്റ്റ്” മിഷന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം നടത്തി.

അമേരിക്കയിൽ നിന്നുള്ള ഫാ. തങ്കച്ചൻ കൊല്ലപ്പള്ളിയിൽ സ്‌ ഡി ബി യുടെയും കുവൈറ്റിൽ നിന്നുള്ള ഫാ. ജോൺസൻ നെടുമ്പറത്തു സ് ഡി ബി യുടെയും നേതൃത്വത്തിൽ 72 ഓളം വൈദികർ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ മഹാ ഉദ്യമത്തിൽ പങ്കുചേർന്നു. ഏഴു ദിവസം നീണ്ടുനിന്ന അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം മെയ് 1-ന് കാനഡയിലെ മിസ്സിസാഗാ രൂപതയുടെ മെത്രാൻ മാർ ജോസ് കല്ലുവേലിൽ  ഉദ്ഘാടനം ചെയ്തു. വിവിധ ശുശ്രൂഷാമേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന കോവിഡ് രോഗബാധിതരും കോവിഡ് രോഗബാധ തരണം ചെയ്തവരുമായ വൈദികരും പരിശുദ്ധ അമ്മയ്ക്കരികെ ലോകത്തിന്റെ മേൽ ദൈവകരുണ ചൊരിയപ്പെടാനായി ജപമാല പിടിച്ച കരങ്ങൾ ഉയർത്തി. കോവിഡ് രോഗബാധിതരെയും മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെയും പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരെയും സന്നദ്ധപ്രവർത്തകരെയും ഭരണാധികാരികളെയും ലോകജനതയെ മുഴുവനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ച് മദ്ധ്യസ്ഥസഹായവും സ്വർഗ്ഗത്തിന്റെ സംരക്ഷണവും ആഗ്രഹിച്ച് വൈദികർ ഒരുമയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു.

വ്യത്യസ്ത ദിനങ്ങളിൽ അനുഗ്രഹസന്ദേശങ്ങൾ നൽകി പ്രാർത്ഥിച്ച അഭിവന്ദ്യ മാർ ജോർജ് രാജേന്ദ്രൻ (തക്കല രൂപത), മാർ തോമസ് തറയിൽ (ചങ്ങനാശ്ശേരി രൂപത), മാർ ജേക്കബ് മുരിക്കൻ (പാലാ രൂപത) എന്നീ മെത്രാന്മാരുടെ സാന്നിധ്യവും വൈദികർക്ക് കൂടുതൽ കരുത്തും അഭിഷേകവും പകർന്നു. സീറോ മലബാർ തക്കല രൂപതദ്ധ്യക്ഷൻ ബഹുമാനപ്പെട്ട ജോർജ് രാജേന്ദ്രൻ പിതാവ് തന്റെ വചനസന്ദേശത്തിൽ തമിഴ്നാട്ടിൽ കോവിഡിന്റെ താണ്ടവം അതീരുക്ഷമായി നടക്കുന്ന സമയത്ത് തന്റെ അജഗണങ്ങളെ ചേർത്തുപിടിക്കുന്നത് ജപമാലയുടെ കണ്ണികളിലൂടെയാണെന്ന് പറയുകയുണ്ടായി. പള്ളികളുടെ കാവടങ്ങൾ തുറന്നു ശുശ്രൂഷ അർപ്പിക്കുവാനും വൈദികർ കൈകളുയർത്തി സ്വർഗത്തിലേക്ക് പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾക്ക്‌ അതു വലിയൊരു ശക്തിയും ബലവുമായിരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ ബഹുമാനപ്പെട്ട തോമസ് തറയിൽ പിതാവ് വൈദികരെ ഓർമ്മപ്പെടുത്തുകയുണ്ടായി. ലാളിത്യത്തിന്റെ പ്രതീകമായ സീറോ മലബാർ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് മോശയുടെ കരങ്ങളെ ഉയർത്തിപ്പിടിച്ച അഹറോനെയും ജോഷ്വായെയും കുറിച്ച് വാചാലനാകുകയുണ്ടായി. ആപത്തുഘട്ടത്തിൽ വൈദികരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ മോശയുടെ കൈ ഉയർത്തിയ അഹറോനോടും ജോഷ്വായോടും ഉപമിക്കുകയുണ്ടായി.

മെയ് ഒന്നിന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്‌മ ഇന്നലെ രാത്രിയോടെ അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ വചനസന്ദേശത്തോടെയും ആശീർവാദത്തോടെയും അവസാനിച്ചു. ഈ കൊറോണാ മഹാമാരിക്കെതിരെ പ്രാർത്ഥനയിൽ ഒന്നാകുന്നതിനൊപ്പം ജർമ്മൻ സഭയ്ക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്നും പിതാവ് ഓർമ്മപ്പെടുത്തുകയുണ്ടായി . തദവസരത്തിൽ “വാക് വിത്ത് ക്രൈസ്” മിഷന്റെ ലോകം മുഴുവൻ ഈശോയുടെ സുവിശേഷം എത്തിക്കുക എന്ന ദൗത്യത്തെക്കുറിച്ച് ഈ കൂട്ടായ്മയുടെ ആദ്ധ്യാത്മികപിതാവായ ഫാ. അനീഷ് മുണ്ടിയാനിക്കൽ എം സ് ഫ് സ് (കാരിസ് ഭവൻ ധ്യാനകേന്ദ്രം, അതിരമ്പുഴ) സംസാരിച്ചു. ജപമാല യുദ്ധം ഉദ്ഘാടനം ചെയ്‌ത മിസ്സിസ്സാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ സജീവസാന്നിദ്ധ്യം ഈ അവസരത്തിൽ വളരെ എടുത്തുപറയേണ്ട ഒന്നാണ്. മെയ് മാസത്തിന്റെ അവസാനം നടത്താൻ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട ജപമാല പ്രാർത്ഥനയ്ക്ക് പിതാവ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.

1 COMMENT

Leave a Reply to Sheeja jeejiCancel reply