“ഞാന്‍ നിന്നെ സ്നേഹിക്കുന്നു”: ബൈബിള്‍ വാക്യങ്ങളിലൂടെ ദൈവം പറയുന്നു 

    ദൈവത്തിനു നമ്മോടുള്ള സ്നേഹം അനന്തമാണ്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആ സ്നേഹത്തിന്റെ പൂർണ്ണ രൂപം ദർശിക്കുന്നത് ഈശോയുടെ കുരിശിൽ ആണ്. മനുഷ്യർക്കായി സ്വന്തം പുത്രനെ ബലി നൽകിയ ദൈവം. ആ സ്നേഹത്തിന്റെ പൂർണ്ണതയിലേക്കാണ് ഒരു ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്.

    നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന സംശയം തോന്നാം. വേദനകളാൽ തളരുമ്പോൾ, സഹനങ്ങൾ പാരമ്യത്തിൽ എത്തുമ്പോൾ, സഹായിക്കാൻ ആരുമില്ലാതെ വലയുമ്പോൾ, ജീവിത പ്രതിസന്ധികളിൽ ഒക്കെ ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന തോന്നൽ നമ്മെ അലട്ടാറുണ്ട്. എന്നാൽ തിരിച്ചറിയുക, നീ വേദനിക്കുമ്പോൾ നിന്റെ ഒപ്പം ദൈവവും വേദനിക്കുന്നുണ്ട്. നിന്റെ വേദനകളിൽ പകുതിയിലേറെയും വഹിക്കുന്നത് നിന്റെ ഒപ്പം നിൽക്കുന്ന ദൈവമാണ്. അതാണ് ദൈവത്തിന്റെ സ്നേഹം. വേദനിക്കുന്ന വേളകളിൽ, ഒറ്റയ്ക്കാണെന്നു തോന്നുന്ന നേരങ്ങളിൽ “കുഞ്ഞേ  ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്” എന്ന് ദൈവം വിശുദ്ധ ഗ്രന്ഥത്തിലൂടെ നമ്മോടു പറയുന്നുണ്ട്. ദൈവത്തിന്റെ ആ സ്നേഹ വചനങ്ങളിലൂടെ കടന്നു പോകാം:

    1 . കരുണയുടെ കയര്‍ പിടിച്ച് ഞാന്‍ അവരെ നയിച്ചു- സ്‌നേഹത്തിന്റെ കയര്‍തന്നെ. ഞാന്‍ അവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചു കൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ് അവര്‍ക്കു ഭക്ഷണം നല്‍കി. (ഹോസിയാ  11 : 04)

    2 . മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.(ഏശയ്യാ  49 : 15)

    3 . അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.(ഏശയ്യാ 49: 6)

    4 . നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.(ഏശയ്യാ  54: 10)

    5 . വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.(ജറെമിയാ 31 : 3)

    6 . നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ടു നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.(ഏശയ്യാ 43 : 4)

    7 . നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. (സെഫാനിയാ 3 : 17)