ദൈവവിളി തിരിച്ചറിയാൻ സാധിക്കാത്തവർക്കായി സമർപ്പിതയായ മുൻ മെക്സിക്കൻ സുന്ദരിയുടെ നിർദ്ദേശങ്ങൾ ഇതാ

കുറേ വർഷങ്ങൾക്ക് മുൻപ് എസ്മെറാൾഡ് സോളിസ് ഗോൺസാലസ് എന്ന മെക്സിക്കൻ സുന്ദരി സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു. അവൾ വിജയിക്കുകയും ചെയ്തു. വിജയിച്ച ശേഷം അവൾ തന്റെ ജീവിതത്തിൽ വളരെ നിർണായകമായ ഒരു തീരുമാനം എടുത്തു. ഒരു സന്യാസിനിയാകണം. അതായിരുന്നു ആ തീരുമാനം. തനിക്ക് ലഭിച്ച സൗന്ദര്യപ്പട്ടവും ഉന്നതമായ ജോലിയും ഉപേക്ഷിച്ച് സന്യാസിനിയാകുവാനുള്ള വിളി സ്വീകരിച്ച് അവൾ  ഇറങ്ങി. വിശുദ്ധ കുർബാനയുടെ പാവപ്പെട്ട മിഷനറിമാർ എന്ന സന്യാസ സഭയിലെ സിസ്റ്റർ ആയിമാറി.

22 വയസുള്ളപ്പോൾ അവൾ മിഷനറി സഭയിലെ സിസ്റ്റേഴ്സിനെ കാണുകയും അവരുടെ ജീവിത ശൈലിയിൽ ആകൃഷ്ടയാവുകയും ചെയ്യുകയായിരുന്നു. സൗന്ദര്യകിരീടം ലഭിച്ചെങ്കിലും അവൾക്ക് അത് യഥാർത്ഥ സന്തോഷം നൽകിയില്ല. ദൈവവിളി സ്വീകരിക്കുന്നതിന് മുൻപായി ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയായി അവൾ ജീവിച്ചു. ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നു. അങ്ങനെ സന്യാസ ദൈവവിളി സ്വീകരിച്ച മെക്സിക്കൻ സുന്ദരി തൻ്റെ സൗന്ദര്യവും കഴിവും എല്ലാം ദൈവത്തിനായി കൊടുത്തു. ലോക മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായി.

സിസ്റ്റർ  എസ്മെറാൾഡ് സോളിസ് ഗോൺസാലസ് എന്ന സന്യാസിനിയുടെ ജീവിത കഥ ഇന്ന് അനേകം യുവജനങ്ങൾക്ക് പ്രചോദനമാകും, തീർച്ച. ആധുനിക ലോകത്തിൽ ദൈവവിളി  തിരിച്ചറിയാൻ  സിസ്റ്റർ എസ്മെറാൾഡ്  നൽകുന്ന ഏഴ് നിർദ്ദേശങ്ങൾ ഇതാ…

1. സമർപ്പണ ജീവിതത്തിന് പുറത്ത് നിന്നുകൊണ്ട് ഒരിക്കലും നമുക്ക് സമർപ്പണ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുകയില്ല. ലോകം തരുന്ന സന്തോഷം അല്ല സമർപ്പണ ജിവിതത്തിന്റെ സന്തോഷം.

2. എൻ്റെ ദൈവവിളി തിരിച്ചറിയുന്ന സമയത്ത് എനിക്കും ഭയവും സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ പരമ കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹം, അനുദിനം അവിടുന്ന് ചൊരിയുന്ന പരിപാലന ഇവയൊക്കെ അതിനേക്കാൾ വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ എൻ്റെ ജീവിതത്തിന്റെ വൈകാരിക ഭാവങ്ങളെയും ഭയത്തെയും എനിക്ക് അതിജീവിക്കുവാൻ സാധിച്ചു.

3. ഞാൻ എന്നെ തന്നെ കൂടുതൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞു. കാരണം ക്രിസ്തുവിന്റെ ഫലങ്ങൾ എന്നിലൂടെ പുറപ്പെടുവിക്കുവാൻ അത് അത്യാവശ്യമായിരുന്നു. അതിനായി ഞാൻ എന്നെതന്നെ വിട്ടുകൊടുത്തു.

4. ക്രിസ്തുവിന്റെ കരങ്ങളിൽ പിടിച്ചാൽ അടുത്ത ചുവട് വയ്‌ക്കേണ്ടത് എവിടേക്കാണെന്ന് അവിടുന്ന് നമ്മെ പഠിപ്പിക്കും.

5. സമർപ്പണ ജീവിതത്തിൽ ഓരോ പുതിയ ദിനവും ഓരോ അവസരങ്ങളാണ്. അവിടുത്തെ രാജ്യം വിസ്‌തൃതമാക്കുവാനുള്ള അവസരങ്ങൾ. എന്നാൽ, അവിടെ ധാരാളം സഹനങ്ങൾ നമ്മെ കാത്തിരിപ്പുണ്ടാകാം. എങ്കിലും ആത്യന്തികമായ സന്തോഷം അവ പ്രധാനം ചെയ്യുക തന്നെ ചെയ്യും.

6. ദൈവം നമ്മെ വിളിക്കുന്നുണ്ടെങ്കിൽ അവിടുന്ന് നമ്മുടെ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധാലുവായിരിക്കും. അവിടുന്നിൽ നിന്നും സമാധാനവും സന്തോഷവും ആത്മവിശ്വാസവും നേടിയെടുക്കാൻ നമുക്ക് സാധിക്കും. ദൈവം ദാനമായി നൽകുന്ന യഥാർത്ഥ സന്തോഷത്തിൽ നിന്നും നമ്മെ അകറ്റുന്ന വസ്‌തുത ഭയമാണ്.

7. ലോകം നൽകുന്ന ആകർഷകമായ സന്തോഷം ഒരിക്കലും നിലനിൽക്കുന്നതല്ല. എന്നാൽ ദൈവത്തിൽ നിന്നുള്ളത് നമ്മുടെ കണ്ണുകളിൽ എന്നും തിളങ്ങി നിൽക്കും. അത് മാറ്റപ്പെടുന്നവയല്ല.