കുട്ടികൾ വലുതാകുന്നതിനു മുൻപ് അവർക്കൊപ്പം ചെയ്യേണ്ട 7 കാര്യങ്ങൾ

    കൂട്ടായ്‌മയുടെയും കുടുംബജീവിതത്തിന്റെയും മനോഹാരിതയും പങ്കുവയ്ക്കൽ മനോഭാവവും കുഞ്ഞുങ്ങളിലേയ്ക്ക് പകരേണ്ടത് അവർ വളര്‍ന്നതിനു ശേഷം മാത്രമാണെന്നാണ് പല മാതാപിതാക്കളുടെയും ചിന്ത. എന്നാൽ, ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ മനോഹാരിതയും മൂല്യങ്ങളും അവന്റെ ഉള്ളിൽ പതിയുന്നത് ബാല്യത്തിലാണ്. കുടുംബത്തിന്റെ കെട്ടുറപ്പും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ഒക്കെ കുട്ടികളിൽ നല്ല മൂല്യങ്ങളും ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും വളർത്തും.

    കുടുംബത്തിലെ ഐക്യവും കെട്ടുറപ്പും വളർത്തുന്നതിനും കുഞ്ഞുങ്ങളിൽ നല്ല മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്ന ഏതാനും ചില വ്യായാമങ്ങൾ ഇതാ.

    1. പൂന്തോട്ടം നിർമ്മിക്കാം

    കുഞ്ഞുങ്ങൾക്ക് മണ്ണിൽ കളിക്കാനും മറ്റും വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, മാതാപിതാക്കൾ അതിന് കുട്ടികളെ സമ്മതിക്കാറില്ല. എങ്കിൽ മാതാപിതാക്കളും കുഞ്ഞുകുട്ടികളും ചേർന്ന് ഒരു പൂന്തോട്ടം അല്ലെങ്കിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചാലോ..? ഈ നിർമ്മാണത്തിൽ കുഞ്ഞുകുട്ടി തുടങ്ങി അച്ഛന് വരെ ഓരോ ഉത്തരവാദിത്വങ്ങൾ ഉണ്ടാവണം.

    2. പസിൽ കളിക്കാം

    പ്രയാസമേറിയ ഒരു പസിൽ എടുക്കാം. ഈ പസിൽ സാധാരണഗതിയിൽ അച്ഛൻ അല്ലെങ്കിൽ അമ്മ ഒറ്റയ്ക്കാണ് കളിക്കുന്നതെങ്കിൽ അടുത്ത പ്രാവശ്യം മുതൽ മക്കളെയും ഭർത്താവിനെയും ഒക്കെ കൂടെ കൂട്ടാം. എല്ലാവരും ഒരുമിച്ചിരുന്ന് പസിൽ പൂർത്തിയാക്കാം. ഒറ്റയ്ക്കിരുന്ന് ചെയ്യുന്നതിനെക്കാളും സന്തോഷം അപ്പോൾ അനുഭവിക്കുവാൻ കഴിയും.

    3. ഒരുമിച്ചിരുന്ന് ടെലിവിഷൻ കാണാം

    സാധാരണഗതിയിൽ ഓരോത്തർക്കും ഇഷ്ടമുള്ള ഓരോ പ്രോഗ്രാം കാണും. അതിന്റെ സമയക്രമം അനുസരിച്ച് ഓരോ സമയവും ആയിരിക്കും കാണുക. എന്നാൽ, നല്ല മൂല്യമുള്ള പരിപടികൾ കുടുംബത്തോടെ ഒന്നിച്ചിരുന്ന് കാണുവാൻ ശ്രമിക്കാം.

    4. മഴയത്ത് കളിക്കാം

    വല്ലപ്പോഴും കുട്ടികളുമൊത്ത് മഴയത്ത് കളിക്കുകയൊക്കെയാവാം. വട്ടാണോ എന്ന് ചോദിക്കാൻ വരട്ടെ. മഴയത്ത് കളിക്കുന്നത് ആത്മീയമായും ശാരീരികമായും നമ്മെ ശുദ്ധിയാക്കുന്ന ഒന്നാണ്. അത് കുട്ടികൾക്കൊപ്പം ആകുമ്പോൾ അവരോടുള്ള നമ്മുടെ അടുപ്പം വർദ്ധിക്കുന്നു.

    5. കുഞ്ഞുങ്ങൾക്കായി ഒരു നല്ല പാരമ്പര്യം രൂപപ്പെടുത്താം

    ചില പ്രത്യേകസമയങ്ങൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടുന്നതിനും സന്തോഷം പങ്കുവയ്ക്കുന്നതിനുമുള്ള അവസരങ്ങളാക്കി മാറ്റം. അതുപോലെ തന്നെ നല്ല ശീലങ്ങളിലൂടെ, ചിട്ടകളിലൂടെ കുട്ടികൾക്കായി മികച്ച സാഹചര്യങ്ങൾ നമുക്ക് വാർത്തെടുക്കാം. അപ്പോൾ അവരുടെ ഓർമ്മയിൽ ആ സുന്ദരനിമിഷങ്ങൾ ഉണ്ടാവുകയും ലോകത്തിന്റെ ഏതുഭാഗത്ത് ആയിരുന്നാലും കൂട്ടായ്മയുടെ ആ കുടുംബാന്തരീക്ഷത്തിലേയ്ക്ക് മടങ്ങിവരുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.

    6. ഒരുമിച്ച് പാചകം ചെയ്യാം

    ഒരുമിച്ച് ആഹാരം പാചകം ചെയ്യുന്നത് കുഞ്ഞുങ്ങളിൽ ഒരു നല്ല ഓർമ്മയായി കാലങ്ങൾ കഴിഞ്ഞാലും നിലനിൽക്കും. പുതിയ പുതിയ വിഭവങ്ങൾ കണ്ടെത്തി എല്ലാവരും കൂടെ അത് പാകംചെയ്തു കഴിക്കുമ്പോൾ സ്നേഹത്തിന്റെ അനുഭവം അവിടെ ഉണ്ടാവുകയാണ്. ഇതൊന്നും കുട്ടികളെ സംബന്ധിച്ചിടത്തോളം നിസാരമല്ല.

    7. ഒരുമിച്ച് പ്രാർത്ഥിക്കാം

    കുടുംബജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥന. ഒറ്റക്കെട്ടായി വളരുന്നതിനും, കുടുംബത്തിന്റെ ആത്മീയ അടിത്തറയും, കുഞ്ഞുങ്ങളില്‍ ആത്മീയത ശക്‌തിപ്പെടുത്തുന്നതിനും ഒന്നിച്ചുള്ള പ്രാർത്ഥന വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനിൽക്കും. അത് ഏതു പ്രതിസന്ധിയെയും തരണം ചെയ്യുവാനുള്ള ആത്മശക്തി അവർക്ക് പ്രദാനം ചെയ്യും.