ആഗമനകാലം പൂർണ്ണതയിൽ ആചരിക്കാൻ സഹായിക്കുന്ന ഏഴ് ആത്മീയമാർഗ്ഗങ്ങൾ

രക്ഷകനായ ഈശോയുടെ വരവിനായി കാതോർത്ത്, ആ പുണ്യജന്മത്തിന്റെ ഓർമ്മ ആചരിക്കാനായി ആത്മീയമായും ഭൗതികമായും ഒരുങ്ങുന്ന സമയമാണ് ആഗമനകാലം.

ആഗതനാകുന്ന ക്രിസ്തുവിനായി നാം എങ്ങനെ ഒരുങ്ങും, ആ ഒരുക്കം എങ്ങനെ പൂർണ്ണതയിൽ കൊണ്ടുവരാൻ കഴിയും തുടങ്ങിയ സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടോ? എങ്കിൽ അതിനുള്ള ഏതാനും ആത്മീയമാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്…

1. ദൈവത്തിനൊപ്പം യാത്ര ചെയ്യാം

ഈ ക്രിസ്തുമസ് കാലം പതിവുള്ളതിലും ഒരു പത്തു മിനിറ്റ് മുൻപേ എഴുന്നേൽക്കും. എന്തിനെന്നല്ലേ. നമ്മുടെ ഒരു ദിവസം പതിവിൽ നിന്നും അധികം ലഭിക്കുന്ന ഈ പത്തു മിനിറ്റ് പ്രാർത്ഥനക്കായി മാറ്റിവയ്ക്കാം. വ്യക്തിഗത പ്രാർത്ഥനയോ, പ്രഭാത പ്രാർത്ഥനായോ, വിശുദ്ധ ഗ്രന്ഥം വായിക്കുകയോ എന്തുമാവാം ഈ സമയം. അങ്ങനെ പ്രാർത്ഥനയോടെ നമ്മുടെ ഒരു ദിവസം ആരംഭിക്കാൻ ഈ ക്രിസ്തുമസ് കാലം ശ്രമിക്കാം. ഒപ്പം ഉണ്ണീശോയെ കൂട്ടി അനുദിന ജീവിതത്തിൽ നമുക്ക് യാത്ര ചെയ്യാം.

2. ഉപവാസം

ഈശോയുടെ ജനനത്തിനയി ഒരുങ്ങുന്ന ഈ സമയം നമുക്ക് അൽപമൊക്കെ ത്യാഗങ്ങൾ ഏറ്റെടുക്കാം. എനിക്കു വേണ്ടി, എന്റെ പാപങ്ങൾക്കു വേണ്ടിയല്ലേ ക്രിസ്തു മനുഷ്യനായി അവതരിച്ചത്. ആയതിനാൽ ആ ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ അൽപം ത്യാഗപൂർവ്വം ഉപവാസമനുഷ്ഠിക്കാം. വെള്ളി, ബുധൻ ദിവസങ്ങളിൽ പ്രത്യേക നിയോഗം വച്ച് ഉപവാസ പ്രാർത്ഥന നടത്തുന്നത് ഉചിതമാണ്.

3. നിശബ്ദതയുടെ സമയം

ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന ഈ സമയം ആത്മീയമായ ഒരു നിശബ്ദതയ്ക്കു നാം പ്രാധാന്യം കൊടുക്കണം. ബഹളങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ആത്മീയമായ ഒരു ശാന്തതയിലേക്കു സഞ്ചരിക്കാൻ ഈ നിമിഷം നമുക്കും നമ്മുടെ കുടുംബത്തിനും കഴിയണം. ടെലിവിഷനും ഫോണും ഒക്കെ മാറ്റിവച്ച് ദൈവം നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കാം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ ശാന്തത നിറയും. സമാധാനം നിറയും. കുടുംബത്തിൽ പ്രാർത്ഥനയുടേതായ അന്തരീക്ഷം നിറയും.

4. ഹൃദയം തുറന്നു നൽകുക

ഈശോയുടെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ നിമിഷം നമ്മുടെ ഹൃദയം മറ്റുള്ളവർക്കായി തുറക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ഉള്ളിലെ ദേഷ്യവും വിധ്വേഷവും മറ്റും നീക്കി നമ്മെ തന്നെ വിനീതമാക്കാം. നമ്മുടെ ചുറ്റും ആവശ്യക്കാരായിട്ടുള്ളവരെ കണ്ടെത്താം. പലപ്പോഴും നമ്മുടെ സാന്നിധ്യം, ഒരു പുഞ്ചിരി, ഒരു നോട്ടം, പരിഗണന ഏതൊക്കെ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ നമുക്കു ചുറ്റും ഉണ്ടാകാം. അവരെ ഒക്കെ സ്നേഹത്തോടെ ചേർത്തുനിർത്താം. അപ്പോൾ നമ്മുടെ ഉള്ളിലും ഉണ്ണീശോ പിറക്കുന്ന അനുഭവമുണ്ടാകും.

5. ഈശോയെ സന്ദർശിക്കാം

ക്രിസ്തുമസിനായി ഒരുങ്ങുന്ന സമയങ്ങളിൽ, കഴിയുന്ന സമയം ഒക്കെയും ദിവ്യകാരുണ്യ ഈശോയെ സന്ദർശിക്കാം. ദൈവാലയത്തിൽ പോയിരുന്നു പ്രാർത്ഥിക്കാം. പറ്റുന്ന ദിവസങ്ങളിലൊക്കെയും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഈശോയെ സ്വീകരിക്കാം. അപ്പോൾ ഈശോ നമ്മോടൊപ്പം ഉണ്ടാകും. പലപ്പോഴും ദൈവാലയത്തിൽ പോകാനുള്ള മടി നമ്മെ മൂടും. എന്നാൽ അതിനെ അതിജീവിക്കാൻ നമുക്ക് കഴിയണം.

6. കുമ്പസാരിക്കാം

ക്രിസ്തുമസ് കാലം ആത്മീയമായി ഒരുങ്ങുന്നതിനുള്ള പ്രധാന മാർഗ്ഗമാണ് കുമ്പസാരം. ഇന്നത്തെ സാഹചര്യത്തിൽ അതിനുള്ള സാഹചര്യങ്ങൾ കുറവാണ് എങ്കിൽ തന്നെയും കുമ്പസാരിക്കുവാൻ മനസു വച്ചാൽ അതിനുള്ള അവസരങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കും. പാപങ്ങൾ ഓർത്ത് അനുതാപത്തോടെ, ഇനി ഒരിക്കലും ഈശോയെ വേദനിപ്പിക്കുകയില്ല എന്ന പ്രതിജ്ഞയോടെ കുമ്പസാരക്കൂട്ടിലേക്ക് അണയുമ്പോൾ ദൈവം നമ്മെ കഴുകി വിശുദ്ധീകരിക്കും. നമ്മെ ദൈവത്തിന്റെ മക്കളാക്കും. അതിനാൽ ഈ ക്രിസ്തുമസ് കാലം ഒരുക്കത്തോടെ കുമ്പസാരിക്കാൻ നമുക്ക് പരിശ്രമിക്കാം.

7.  പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ വളരാം

ഈശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ ഒരുങ്ങുന്ന ഈ സമയം പരിശുദ്ധ അമ്മയോടുള്ള ഭക്തി വളരെ പ്രധാനപ്പെട്ടതാണ്. കാരണം അമ്മയ്ക്ക് അറിയാം നമ്മെ എങ്ങനെ ഉണ്ണിയോട് ചേർത്തുനിർത്തണം എന്ന്. അതിനാൽ ഈ ദിവസങ്ങളിൽ ഭക്തിപൂർവ്വം ജപമാല പ്രാർത്ഥന ചൊല്ലാം. ഒപ്പം ദൈവത്തോട് ചേർന്നു നിൽക്കാനുള്ള സഹായം അമ്മയോട് അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.