നോമ്പുകാലത്ത് ആവർത്തിക്കാവുന്ന, അനുതാപത്തിലേക്ക് നയിക്കുന്ന ഏഴ് സങ്കീർത്തന വചനങ്ങൾ

പശ്ചാത്താപത്തിലേയ്ക്കും പരിവർത്തനത്തിലേയ്ക്കും നയിക്കുന്നതെന്ന നിലയിൽ ഏഴ് സങ്കീർത്തന വചനങ്ങൾ, പശ്ചാത്താപ സങ്കീർത്തനങ്ങൾ എന്ന പേരിൽ ആധുനിക കാലം മുതലേ നോമ്പുകാലത്ത് സഭാവിശ്വാസികൾ ആവർത്തിക്കാറുണ്ട്.

ദൈവത്തിന്റെ നന്മയ്ക്കെതിരെ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നവർക്ക് ചൊല്ലാവുന്ന ആ ഏഴ് സങ്കീർത്തന വചനങ്ങളുടെ തുടക്കങ്ങൾ ഇങ്ങനെ…

1. സങ്കീർത്തനം 6

കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ… കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു. എന്നോട് കരുണ തോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ! എന്റെ ആത്മാവ്‌ അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍! കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ മോചിപ്പിക്കണമേ! മൃതരുടെ ലോകത്ത്‌ ആരും അങ്ങയെ അനുസ്‌മരിക്കുന്നില്ല; പാതാളത്തില്‍ ആര്‌ അങ്ങയെ സ്‌തുതിക്കും?

2. സങ്കീർത്തനം 32

അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവ് കുറ്റം ചുമത്താത്തവനും ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍. ഞാന്‍ പാപങ്ങള്‍ ഏറ്റുപറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌ എന്റെ ശരീരം ക്ഷയിച്ചു പോയി. രാവും പകലും അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്ന പോലെ എന്റെ ശക്തി വരണ്ടുപോയി.

3. സങ്കീർത്തനം 38

കര്‍ത്താവേ, അങ്ങയുടെ കോപത്താല്‍ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ! അങ്ങയുടെ അസ്‌ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു. അങ്ങയുടെ രോഷം മൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല. എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്‌ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത്‌ എനിക്ക് താങ്ങാനാവാത്ത ചുമടായിരിക്കുന്നു.

4. സങ്കീർത്തനം 51
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എന്റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ! എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന്‌ എന്നെ ശുദ്ധീകരിക്കണമേ! എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്‌.
5. സങ്കീർത്തനം 102

കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിലെത്തട്ടെ. എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്‌ എന്നില്‍ നിന്നു മുഖം മറയ്‌ക്കരുതേ! അങ്ങ്‌ എനിക്കു ചെവി തരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ! എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളി പോലെ എരിയുന്നു.

6. സങ്കീർത്തനം 130 

കര്‍ത്താവേ, അഗാധത്തില്‍ നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! ചെവി ചായിച്ച്‌ എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ! കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും? എന്നാല്‍, അങ്ങ്‌ പാപം പൊറുക്കുന്നവനാണ്‌; അതുകൊണ്ട് ഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.

7. സങ്കീർത്തനം 143

കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക്‌ ഉത്തരമരുളണമേ! ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനും അങ്ങയുടെ മുമ്പില്‍ നീതിമാനല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.