വിശുദ്ധ കുർബാനയ്ക്കിടെ വൈദികന് അജ്ഞാതന്റെ മർദ്ദനം

ജർമ്മനിയിലെ ബെർലിൻ അതിരൂപതയിലെ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ ബലി അർപ്പിച്ചുകൊണ്ടിരിക്കെ അജ്ഞാതനായ ഒരാളുടെ ആക്രമണത്തിൽ വൈദികന് പരിക്ക്. ഓഗസ്റ്റ് 30 ന്, ഞായറാഴ്ചയാണ് 61 -കാരനായ വൈദികനു നേരെ ആക്രമണം ഉണ്ടായത്.

വൈദികനെ മർദ്ദിച്ചശേഷം അക്രമി പള്ളിയിൽ നിന്നും ഓടിപ്പോകുകയും ചെയ്തു. “നിശബ്ദനായി നിലത്ത് കുനിഞ്ഞിരുന്ന ഈ അജ്ഞാതൻ പെട്ടെന്ന് എഴുന്നേറ്റ് അൾത്താരയിലേക്ക് ഓടിക്കയറി വൈദികനെ ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈദികനെ നിലത്ത് തള്ളിവീഴ്ത്തിയ ശേഷം ബൈബിൾ എടുത്ത് പേജുകൾ കീറി നശിപ്പിക്കുകയും ചെയ്തു. ആക്രമണം തടയുവാൻ ശ്രമിച്ചയാളേയും മർദ്ദിച്ചു.

വൈദികന് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. ആക്രമണത്തിൽ സംസ്ഥാന പോലീസിന്റെ രാഷ്ട്രീയ കുറ്റകൃത്യ വകുപ്പ് അന്വേഷണം ഏറ്റെടുത്തു. ബെർലിൻ അതിരൂപതയുടെ കത്തീഡ്രൽ പള്ളിയായ സെന്റ് ഹെഡ്വിഗ് കത്തീഡ്രലിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ അടച്ചിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ ബലിയർപ്പിച്ചത്. അതിനിടെയാണ് ആക്രമണം നടന്നത്. അക്രമണ കാരണം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.