കത്തോലിക്കാ സഭയുടെ ജീവനായുള്ള മൂല്യങ്ങൾ മഹത്തരം: അനേകം ജീവനുകൾക്ക് കാവലാളായ ശുശ്രൂഷക 

“ജീവിതം ഇപ്പോഴും സുന്ദരമാണ്” പറയുന്നത് 81 കാരിയായ പ്രസവ ശുശ്രൂഷക ഫ്ലോറ ഗ്വാൾഡാനി. തന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ ഏകദേശം 6000 തോളം ഗർഭിണികളെ ശുശ്രൂഷിക്കുകയും ഗർഭസ്ഥ ശിശുക്കൾക്ക് ലോകത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുവാൻ ഫ്ലോറയ്ക്കു കഴിഞ്ഞു.

“ജീവിതത്തിൽ തീർച്ചയായും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ അവയൊക്കെ കടന്നു പോവുകയും സന്തോഷം വന്നു ചേരുകയും ചെയ്യും.” തന്റെ അനുഭവത്തിൽ നിന്ന് ഫ്ലോറ പറയുന്നു. ഫ്ലോറ ജീവനെ സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തികളിലേയ്ക്ക് തിരിയുമ്പോൾ അവർക്കു പ്രചോദനമായി നിന്നത് കത്തോലിക്കാ സഭയുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളും ആയിരുന്നു. ലൈംഗികത, വിവാഹം, ജീവന്റെ സംരക്ഷണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ പഠനങ്ങളും കാഴ്ചപ്പാടുകളും മഹത്തരമാണ്. അത് ഏതു പ്രതിസന്ധിയിലും ജീവനെ സംരക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫ്ലോറ വെളിപ്പെടുത്തി.

കഴിഞ്ഞ 40 വർഷത്തിലേറെയായി പ്രസവ ശുശ്രൂഷ ചെയ്തു വരുന്ന ഫ്ലോറ അനേകം ഗർഭിണികൾക്ക്‌ അത്മവിശ്വാസവും പിന്തുണയും നൽകി അവരുടെ ഉദരത്തിലെ കുഞ്ഞിന് കാവലായി നിൽക്കുന്നു. പലപ്പോഴും പല സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തയ്യാറെടുക്കുന്ന അമ്മമാരെ കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട് ഫ്ലോറയ്ക്. അവരോടൊക്കെ ജീവന്റെ പ്രാധാന്യവും മഹത്വവും കത്തോലിക്കാ സഭയുടെ പഠനങ്ങളും പങ്കുവെച്ചു കൊണ്ട് നല്ല തീരുമാനത്തിലേക്ക് നയിക്കുവാനും അങ്ങനെ അവരുടെ ഉദരത്തിലെ ശിശുക്കളെ മരണത്തിൽ നിന്ന് രക്ഷിക്കുവാനും അവർ ശ്രമിച്ചു പോരുന്നു. ക്യാൻസർ രോഗിയായ ഒരു ഗർഭിണിക്ക് ഒപ്പം നിന്ന് കൊണ്ട് അവരുടെ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നായി ഇവർ ഓർത്തിരിക്കുന്നത്.

രോഗബാധിത ആയതിനാൽ തന്നെ ഡോക്ടർമാർ അബോർഷൻ ചെയ്യുവാൻ ആ യുവതിയെ നിബന്ധിച്ചിരുന്നു. എന്നാൽ അവർ അതിനു ഒരുക്കമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫ്ലോറ ആ  യുവതിയെ പരിചയപ്പെടുന്നത്. തന്റെ പൂർണ്ണ പിന്തുണ ആ യുവതിക്ക് നൽകിയതിലൂടെ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാൻ ആ യുവതിക്ക് കഴിഞ്ഞു. ഇതെന്നും ഏറെ അഭിമാനത്തോടെയാണ് ഫ്ലോറ ഓർക്കുക. പാവപ്പെട്ടവരും രോഗബാധിതരും നിരാശരും ആയ അമ്മമാരുടെ പക്കലേയ്ക്ക് കടന്നു ചെന്ന് ആശ്വാസം പകരുകയും ഒരു കുഞ്ഞിന് ജന്മം നൽകുവാൻ മാനസികമായും ശാരീരികമായും അവരെ തയാറാക്കുകയും ചെയ്യുന്ന ഫ്ലോറയ്ക്ക് ഒന്ന് മാത്രമേ പറയാനുള്ളു ” ജീവൻ ദൈവദാനമാണ്. അത് മനോഹരമാണ്.”