വിശുദ്ധിയിൽ വളരാൻ അഞ്ച് മാർഗ്ഗങ്ങൾ

വിശുദ്ധമായ ജീവിതം ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം കരഗതമാക്കുവാൻ കഴിയുന്ന ഒന്നാണ്. ദൈവത്തോട് ചേർന്ന് അവിടുത്തെ ഹിതം അനുസരിച്ചു വിശുദ്ധിയിൽ വളരാനുള്ള തീവ്രമായ ആഗ്രഹമാണ് അതിൽ പ്രധാനം. ഈ വിധത്തിൽ വിശുദ്ധമായ ഒരു ജീവിതം നയിക്കുവാൻ തീവ്രമായി ആഗ്രഹിച്ച ഒരു കൊച്ചു വിശുദ്ധ ഉണ്ടായിരുന്നു. വാഴ്ത്തപ്പെട്ട ലോറ വിസ്യുന.

12 വയസ് മാത്രമുള്ളപ്പോൾ ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട ഈ വിശുദ്ധ, വിശുദ്ധിയിൽ വളരാൻ തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്ന ഏതാനും മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു. വളരെ ലളിതമായ ഈ മാർഗ്ഗങ്ങളിലൂടെ നമുക്കും വിശുദ്ധിയിൽ വളരാൻ ശ്രമിക്കാം.

1 .  ദൈവത്തിന്റെ ഹിതം നിറവേറ്റുക

ദൈവഹിതം നിറവേറ്റുക, അത് ഒരു നിസാര കാര്യമല്ല. ഗൗരവപൂർവം  ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. ഓരോ കാര്യം ചെയ്യുമ്പോഴും അത് ദൈവത്തിനു ഇഷ്ടമാണോ, ദൈവഹിതത്തിനു യോജിച്ചതാണോ എന്ന് ആലോചിക്കുക. വിശുദ്ധിയിൽ ജീവിക്കുവാൻ അതിയായി ആഗ്രഹിക്കുക. അപ്പോൾ ജീവിതം മുഴുവൻ പ്രാർത്ഥനയായി മാറും.

2 . സദ്ഗുണങ്ങളിൽ സ്ഥിരത നേടുക

നമ്മുടെ ജീവിതത്തിൽ വിശുദ്ധ ശീലങ്ങൾ വളർത്തിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് വിശുദ്ധി വളർത്തിയെടുക്കുവാൻ ശ്രമിക്കണം. ആത്മനിയന്ത്രണത്തിനായി പ്രാർത്ഥിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങളെ സൂക്ഷിക്കുക. വിശുദ്ധിയിൽ വിട്ടുവീഴ്ച ചെയ്യാവുന്ന ഒന്നും ചെയ്യരുത്. വിശുദ്ധിക്ക് ഭംഗം വരുത്തുന്ന കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ബോധപൂർവം ശ്രമിക്കണം. കൃപാവര അവസ്ഥയിൽ തുടരുക. അടുത്തടുത്തായി കുമ്പസാരിക്കുക. അപ്പോൾ വിശുദ്ധിയിൽ ജീവിക്കുവാൻ കഴിയും.

3 . ഈശോയുടേതായി മാറുവാൻ പരിശ്രമിക്കാം

ഈശോയുടെതായി മാറാനുള്ള പരിശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുവാൻ തുടങ്ങുമ്പോഴേ വിശുദ്ധിയിൽ ജീവിക്കുന്നതിനുള്ള കൃപ ദൈവം നമുക്ക് നൽകും. അതിനു നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു ശ്രമം മാത്രമാണ് ദൈവം പ്രതീക്ഷിക്കുന്നത്. ഈശോയുടേതായി മാറുവാനും വിശുദ്ധിയിൽ നിലനിൽക്കുവാനും ലോറ എന്ന കൊച്ചു വിശുദ്ധ കണ്ടെത്തിയ മാർഗ്ഗം എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുക, കഴിയുന്ന സമയങ്ങളിൽ എല്ലാം ദിവ്യകാരുണ്യ സന്ദർശനം നടത്തുക എന്നിവയായിരുന്നു. ഈ മാർഗ്ഗങ്ങൾ നമുക്കും സ്വീകരിക്കാം.

4 . പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാം

വിശുദ്ധിയിൽ വളരുവാൻ ആഗ്രഹിക്കുന്നവർക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വളരെ ശക്തി പകരുന്നു. അവർക്കൊപ്പം അമ്മയുടെ വലിയ സംരക്ഷണം ഉണ്ടാകും. അതിനാൽ പരിശുദ്ധ അമ്മയോട് സദാ ചേർന്ന് നിൽക്കുവാൻ പരിശ്രമിക്കാം.

5 . സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാം

നമ്മുടെ ജീവിതത്തിൽ നിരവധിയായ സഹനങ്ങൾ ദൈവം അനുവദിക്കുന്നുണ്ട്. നമ്മുടെ ആത്മാവിന്റെ വിശുദ്ധീകരണമാണ് ദൈവം ആ സഹനങ്ങളിലൂടെ ആഗ്രഹിക്കുന്നത്. അതൊരിക്കലും നമ്മുടെ നാശത്തിനല്ലാ എന്ന തിരിച്ചറിവോടെ അവയെ സന്തോഷത്തോടെ സ്വീകരിക്കുക. അപ്പോൾ ദൈവം വിശുദ്ധിയിൽ നിലനിൽക്കുന്നതിനുള്ള കൃപ സമൃദ്ധമായി നമ്മിലേക്ക്‌ ചൊരിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ