നോത്രെ ദാം കത്തീഡ്രലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 വസ്തുതകള്‍

നോത്രെ ദാം കത്തീഡ്രലിനെ അഗ്‌നി വിഴുങ്ങുന്നത് നടുക്കത്തോടെയാണ് ലോകം മുഴുവന്‍ കണ്ടുനിന്നത്. തീ പടരുമ്പോഴും ദൈവമേ, എത്രയും വേഗം തീ അണയ്ക്കുവാന്‍ കഴിയണമേ എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട് അനേകര്‍ ആ ദേവാലയത്തിന് സമീപം നിന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അനുശോചനവും പ്രാര്‍ത്ഥനയും രേഖപ്പെടുത്തി. അനേകരുടെ മനസ്സിലേയ്ക്കാണ് ആ തീ ആളിപ്പടര്‍ന്നത്…

ഇതിനും മാത്രം എന്ത് പ്രത്യേകതയാണ് ഈ ദേവാലയത്തിനുള്ളത്. ഒരിക്കല്‍ കയറുന്ന ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ദൈവികമായ ഒരു ശാന്തത നിറയ്ക്കുന്ന നോത്രെ ദാം കത്തീഡ്രലിനെക്കുറിച്ച് നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ:

1. 182 വര്‍ഷം നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

കത്തീഡ്രലിന്റെ നിര്‍മ്മാണം 1160-ല്‍ ആരംഭിച്ചു. ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ എടുത്തു ദേവാലയത്തിന്റെ പണി പൂര്‍ത്തിയാകുവാന്‍. 1260-ല്‍ ഭൂരിഭാഗം ജോലികളും തീര്‍ത്തുവെങ്കിലും, 1345-ലാണ് അത് പൂര്‍ത്തിയായത്.

2. അമൂല്യമായ തിരുശേഷിപ്പുകളുടെ ഭവനം

അമൂല്യമായ തിരുശേഷിപ്പുകളുടെ ഭവനമാണ് ഈ കത്തീഡ്രല്‍. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാന്‍ ഉപയോഗിച്ച ആണികളില്‍ ഒന്ന്, യേശുവിന്റെ ശിരസില്‍ തറയ്ക്കാനുപയോഗിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം , 1270-ല്‍ കുരിശുയുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായി മാറിയ ലൂയീസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ അമൂല്യവസ്തുക്കള്‍ ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരുന്നത്.

3. പാരീസ് അതിരൂപതയുടെ കീഴിലല്ലാത്ത ദേവാലയം

മതേതരവല്‍ക്കരണം സംബന്ധിച്ച ഫ്രാന്‍സിലെ നിയമങ്ങള്‍ കാരണം 1905-നു മുന്‍പ് നോത്രെ ദാം ഉള്‍പ്പെടെയുള്ള എല്ലാ പള്ളികളും ഫ്രഞ്ച് സര്‍ക്കാരിന്റെ  കീഴിലാക്കിയിരുന്നു. എങ്കിലും പാരീസിലെ അതിരൂപതയെ അത് സൗജന്യമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയും അത് തുടര്‍ന്നുപോരുകയും ചെയ്തിരുന്നു. പള്ളിയുടെ സംരക്ഷണവും ജോലിക്കാരെ നിയമിക്കലും മറ്റും രൂപതയുടെ കീഴിലാണ് വരുന്നത്.

4. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന സ്ഥലം

യൂറോപ്പില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് നോത്രെ ദാം കത്തീഡ്രല്‍. ഓരോ വര്‍ഷവും പന്ത്രണ്ട് മുതല്‍ പതിമൂന്നു മില്യന്‍ ആളുകളാണ് ഇവിടെ സന്ദര്‍ശിക്കുന്നത്.

5. മുന്‍പും ദേവാലയം നശിപ്പിക്കപ്പെട്ടിട്ടുണ്ട്

കത്തീഡ്രല്‍ അഗ്‌നിക്ക് ഇരയായതിലൂടെ വലിയ ഒരു നാശമാണ് സംഭവിച്ചത്. ഘടനാപരമായ നാശം ആദ്യമായാണ് സംഭവിക്കുന്നതെങ്കിലും മുന്‍പും ദേവാലയത്തിന് നേരെ ആക്രമണങ്ങള്‍ ഉണ്ടാവുകയും നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പാരിസില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ദേവാലയത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ രൂപങ്ങളും ഐക്കണുകളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നു.