സ്‌ഫോടനത്തിൽ പങ്കുള്ളതായി സംശയിക്കപ്പെടുന്ന അഞ്ചുപേരെ ശ്രീലങ്കൻ പൊലീസിന് കൈമാറി

ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട അഞ്ചുപേരെ മിഡിൽ ഈസ്റ്റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിനും മറ്റുമായി വെള്ളിയാഴ്ച ശ്രീലങ്കൻ പൊലീസിന് മിഡിൽ ഈസ്റ്റ് പോലീസ് കൈമാറി.

സൗദി അറേബ്യയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികൾ എത്തിയതെന്ന് പോലീസ് വക്താവ് റുവാൻ ഗുണശേഖര വ്യക്തമാക്കി. കഴിഞ്ഞവർഷം കിഴക്കൻ ശ്രീലങ്കയിലെ ഒരു ചെക്ക് പോയിന്റിൽ വെച്ച് രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയും ഈ അഞ്ചുപേരിൽ ഉൾപ്പെടുന്നു.

ഈസ്റ്റർദിന സ്‌ഫോടനവുമായി ബന്ധപ്പെട്ട് 102 പേരെയാണ് ശ്രീലങ്കൻ പോലീസ് സംശയിച്ചിരുന്നത്. ഇതിൽ ഏഴ് സൂയിസൈഡ് ബോംബർമാർ സ്‌ഫോടനത്തിൽ തന്നെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.