സ്ത്രീ എന്ന നിലയിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് മാതൃകയാക്കാവുന്ന/മാദ്ധ്യസ്ഥം യാചിക്കാവുന്ന അഞ്ച് വിശുദ്ധർ

    ജീവിതപ്രാരാബ്ധങ്ങളും പ്രശ്നങ്ങളും മൂലം ഉഴലുന്ന നിരവധി സ്ത്രീജനങ്ങളുണ്ട് ലോകത്തിൽ. ലോകത്തിന്റേതായ പലവിധ ഭാരങ്ങളും സമ്മർദ്ദങ്ങളും സ്വന്തം തലയിൽ ഏറ്റെടുക്കേണ്ടി വരുന്നവരും ധാരാളം. എന്നാൽ, ജീവിതത്തിൽ തങ്ങളെക്കാൾ കൂടുതൽ സഹനങ്ങൾ ഏറ്റെടുക്കേണ്ടി വരികയും അവയെല്ലാം നന്മയായി പരിഗണിച്ച് ദൈവത്തിന് സ്വയം വിട്ടുകൊടുത്ത്, വിശുദ്ധരുടെ കിരീടമണിഞ്ഞവരുമായ സ്ത്രീകളും ഉണ്ടെന്നുള്ളത് പലപ്പോഴും നാം വിസ്മരിക്കുന്നു. ഇത്തരത്തിൽ വേദന അനുഭവിക്കുന്ന സമയങ്ങളിൽ ഓർത്ത് പ്രാർത്ഥിക്കാവുന്ന അഞ്ച് വിശുദ്ധ വനിതകളെ പരിചയപ്പെടാം…

    1. മോൺട്രിയയിലെ വിശുദ്ധ ഓപ്പർച്ചൂണ

    മക്കളെ ലഭിക്കാൻ ആഗ്രഹിക്കുന്നവരുടെ മദ്ധ്യസ്ഥയാണ് വിശുദ്ധ ഓപ്പർച്ചൂണ. 13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധയോട് പ്രാർത്ഥിച്ച് കുഞ്ഞിനെ ലഭിച്ച ധാരാളം ദമ്പതികളുണ്ട്.

    2. പരിശുദ്ധ മറിയം

    ഒരു സ്ത്രീ അമ്മയാകുമ്പോൾ അവളുടെ ആകുലതകൾ വർദ്ധിക്കും. എന്നാൽ, അങ്ങനെയുള്ളവർക്ക് വിളിക്കാവുന്ന ഏറ്റവും ശക്തിയേറിയ നാമമാണ് പരിശുദ്ധ മറിയത്തിന്‍റേത്. ദൈവഹിതത്തിന് സമ്മതം മൂളിയതു മുതൽ പരിശുദ്ധ അമ്മ ചെയ്ത ഓരോ കാര്യവും നമുക്ക് മാതൃകയാക്കാം. അമ്മയെന്ന നിലയിൽ ഏത് കാര്യം ചെയ്യുമ്പോഴും എന്റെ സ്ഥാനത്ത് പരിശുദ്ധ അമ്മയായിരുന്നെങ്കിൽ എന്താണ് ചെയ്യുക എന്ന് ആലോചിച്ച് ഓരോ ആവശ്യത്തിലും പരിശുദ്ധ അമ്മയുടെ സഹായം യാചിച്ച് മുന്നോട്ടുപോകാം.

    3. വിശുദ്ധ ജൊവാൻ ഓഫ് ആർക്

    ചരിത്രത്തിലെ ധീരവനിതകളിൽ ഒരാളായ ജൊവാൻ ഓഫ് ആർക് മതനിന്ദാ കുറ്റത്തിന്റെ പേരിൽ വധിക്കപ്പെട്ട വ്യക്തിയാണ്. സ്ത്രീവിമോചനങ്ങളുടെ പോരാട്ടങ്ങളും അവർ നടത്തിയിരുന്നു. സ്വന്തം അവകാശങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി പോരാടുന്നവർക്കും മതസ്വാതന്ത്രത്തിനു വേണ്ടി ശബ്ദമുയർത്തുന്നവർക്കും ഈ വിശുദ്ധയുടെ മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കാം.

    4. വിശുദ്ധ ബർണഡിറ്റ്

    ശാരീരികക്ലേശങ്ങൾ അനുഭവിക്കുന്നവരുടെ മദ്ധ്യസ്ഥയാണ് വിശുദ്ധ ബർണഡിറ്റ്. കാരണം, ചെറുപ്പം മുതലേ പലവിധ ശാരീരിക ബുദ്ധിമുട്ടുകൾ അവളെ അലട്ടിയിരുന്നു. 1879-ൽ ആരോഗ്യം പൂർണ്ണമായും ക്ഷയിച്ചാണ് അവൾ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. എന്നാൽ, ഇന്നും ഫ്രാൻസിലെ നെവേഴ്സിൽ അവളുടെ മൃതദേഹം അഴുകാതെ നിലനിൽക്കുന്നു. എല്ലാത്തിനുമുപരിയായി പരിശുദ്ധ മാതാവിന്റെ വലിയ ഭക്തയും ജപമാല ചൊല്ലുന്നതിൽ അതീവ തല്‍പരയുമായിരുന്നു വിശുദ്ധ ബർണഡിറ്റ്. പരിശുദ്ധ അമ്മയുടെ ദർശനവും വിശുദ്ധ ബർണഡിറ്റിന് ലഭിച്ചിട്ടുണ്ട്.

    5. വിശുദ്ധ റീത്ത

    കുടുംബജീവിതം നയിക്കുന്നവരുടെയും സന്യസ്തരുടെയും മദ്ധ്യസ്ഥയാണ് വിശുദ്ധ റീത്ത. കാരണം, സന്യാസിനിയാകാൻ ആഗ്രഹിക്കുകയും എന്നാൽ വിവാഹജീവിതം സ്വീകരിക്കേണ്ടി വരികയും കുടുംബജീവിതത്തിൽ അനേകം ത്യാഗങ്ങളും സഹനങ്ങളും ഏറ്റെടുക്കുകയും പിന്നീട് ദൈവഹിതപ്രകാരം വീണ്ടും സന്യാസജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത വിശുദ്ധയാണ് റീത്ത. അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥയായാണ് തിരുസഭ വിശുദ്ധയെ വണങ്ങുന്നത്.