നമ്മുടെ പ്രാർത്ഥനാജീവിതത്തെ പരിശോധിക്കുവാൻ ഫ്രാൻസിസ് പാപ്പാ മുന്നോട്ട് വയ്ക്കുന്ന അഞ്ചു ചോദ്യങ്ങൾ

സഭയെ പ്രാർത്ഥനയുടെ അദ്ധ്യാപിക എന്നാണ് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചത്. പ്രാർത്ഥിക്കുവാൻ പറയുകയും എങ്ങനെ പ്രാർത്ഥിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ പ്രധാന ദൗത്യം. ഈ അർത്ഥത്തിൽ നമ്മുടെയൊക്കെ പ്രാർത്ഥനാജീവിതത്തെ വിലയിരുത്തുവാനും അനുദിനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന അഞ്ചു ചോദ്യങ്ങൾ നമുക്കായി നൽകുകയാണ് ഫ്രാൻസിസ് പാപ്പാ.

1. ഞാൻ പ്രാർത്ഥിക്കുന്നുണ്ടോ?

ആദ്യത്തെ ചോദ്യം ആണ് ഞാൻ പ്രാർത്ഥിക്കുന്നുണ്ടോ എന്നത്. നിരന്തരം പ്രാർത്ഥിക്കാൻ വി. പൗലോസ് നമ്മോട് ആവശ്യപ്പെടുന്നു. പ്രാർത്ഥനയ്ക്കായി പ്രത്യേകം മാറ്റി വച്ചിരിക്കുന്ന സമയം നമ്മുടെ ആത്മീയ ജീവിതത്തിൽ സുപ്രധാന ഘടകമാണ്. അതിനാൽ ആദ്യത്തെ ചോദ്യം, ഞാൻ പ്രാർത്ഥിക്കുന്നുണ്ടോ എന്നതാണ്. എന്നാൽ പ്രത്യേക സമയങ്ങളിൽ നാം പ്രാർത്ഥിക്കുന്നില്ലെങ്കിൽ ബോധപൂർവ്വം സന്നദ്ധത പ്രകടിപ്പിച്ചാൽ മതിയാകും.

2. നമ്മൾ പ്രാർത്ഥിക്കുന്നുണ്ടോ?

വ്യക്തിപരമായ പ്രാർത്ഥന മാത്രമല്ല സമൂഹവുമായി ചേർന്നുള്ള പ്രാർത്ഥനയും വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ എന്നതുകൊണ്ട് കുടുംബവുമായോ സമൂഹമായോ ഇടവകയുമായോ ചേർന്നുള്ള പ്രാർത്ഥനയാണ് പാപ്പാ ലക്‌ഷ്യം വയ്ക്കുന്നത്. ഉദാഹരണത്തിനു ഞാൻ ഒരു രക്ഷകർത്താവാണെങ്കിൽ കുടുംബത്തിൽ പ്രാർത്ഥനയെ കുറിച്ച് പഠിപ്പിക്കുന്നതിനാണ് ആദ്യ സ്ഥാനം നൽകേണ്ടതെന്ന് തിരിച്ചറിവ് ഉണ്ടായിരിക്കണം എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

3. ഞാൻ എങ്ങനെ പ്രാർത്ഥിക്കും?

മൂന്നാമത്തെ ചോദ്യമാണ് ഞാൻ എങ്ങനെ പ്രാർത്ഥിക്കും എന്നത്. തത്തയെ പോലെയാണോ അതോ ഹൃദയത്തിൽ നിന്നാണോ നാം പ്രാർത്ഥിക്കുന്നത് എന്നാണു പാപ്പാ പ്രത്യേകമായി എടുത്തു ചോദിക്കുന്നത്. പ്രാർത്ഥന ഹൃദയത്തിൽ ആണ് നടക്കേണ്ടത്. ചിലപ്പോൾ അത് നിശബ്ദമായിട്ടായിരിക്കാം. ഒരു പിതാവെന്ന നിലയിൽ അവന്റെ സ്നേഹത്തെ സ്മരിച്ചുകൊണ്ട് അവിടുത്തെ മുൻപിൽ നിലകൊള്ളാൻ കഴിയുക എന്നത് ഉത്തമമായ മാർഗ്ഗമാണ്.

4. ഞാൻ സഭയോട് ചേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നുണ്ടോ?

ഞാൻ സഭയിലുണ്ടെന്നും സഭയോടൊപ്പം പ്രാർത്ഥിക്കണമെന്നും ആഗ്രഹിക്കുന്നുണ്ടോ എന്ന് പാപ്പാ ചോദിക്കുന്നു. നാം പ്രാർഥിക്കുമ്പോൾ, ഒരിക്കലും ഒറ്റയ്ക്ക് അല്ല പ്രാർത്ഥിക്കുന്നത്. നമ്മൾ അങ്ങനെ ചിന്തിക്കുന്നില്ല എങ്കിൽ പോലും ആത്മീയതയുടെ അതീന്ദ്രീയമായ ഒരു നദി നമുക്ക് ചുറ്റും ഉണ്ടായിരിക്കും.

5. ഞാൻ എന്റെ ആശയങ്ങളെ ‘പ്രാർത്ഥന’ ആക്കുന്നുണ്ടോ?

ഒടുവിൽ, നമ്മുടെ പ്രാർത്ഥനയുടെ അടിസ്ഥാനമായ ആത്മീയ മനോഭാവത്തിലേക്ക് മാർപ്പാപ്പ എത്തുന്നു. നമ്മുടെ പ്രാർത്ഥന എങ്ങനെയാണ് ആകുന്നത്. ദൈവഹിതം നാം നമ്മുടെ ഹിതമാക്കി മാറ്റുകയാണോ? അതോ നമ്മുടെ ഹിതം ദൈവഹിതമാക്കി മാറ്റുകയാണോ ചെയ്യുന്നത് എന്ന് വിചിന്തനം ചെയ്യാം. എന്റെ ആശയങ്ങൾക്കനുസൃതമായി ഞാൻ അൽപ്പം പ്രാർത്ഥിക്കുകയും എന്റെ ആശയങ്ങൾ പ്രാർത്ഥനയാക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ അത് ഒരു വിജാതീയ പ്രാർത്ഥനയായി മാറുന്നു എന്ന് പാപ്പാ ഓർമിപ്പിക്കുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.