പ്രസവാനന്തര അസ്വസ്ഥതകളെ മറികടക്കുവാൻ അമ്മമാരെ സഹായിക്കുന്ന അഞ്ചു മാർഗ്ഗങ്ങൾ

മാതൃത്വം എന്ന വലിയ രഹസ്യത്തിൽ പങ്കുചേരുമ്പോൾ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകൾ. ഒരുപാട് പരിവർത്തനങ്ങളും പുരോഗമനങ്ങളും നടക്കുന്ന ഈ സമയത്തിൽ കുറച്ചുപേർക്കെങ്കിലും പ്രസവാനന്തര അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. പ്രസവശേഷമുള്ള കുറച്ച് ആഴ്ചകൾ വളരെ വിചിത്രമാണ്. പ്രസവസമയത്തും ഗർഭകാലത്തിലും നിങ്ങൾ അനുഭവിച്ച വേദനകളുടെ കൂടെ ഒരു കൂട്ടം ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന വളരെ സവിശേഷമാർന്ന ദിവസങ്ങളും ആഴ്ചകളും.

കഴിഞ്ഞ ഒൻപതു മാസങ്ങൾക്കിടയിൽ വ്യത്യസ്ത അളവുകളിലുള്ള വസ്ത്രം ധരിക്കുകയും അന്ന് ധരിച്ചതൊന്നും ഇപ്പോൾ പാകമല്ലാതെയും വരുന്ന പ്രത്യേകമായ ഈ അവസ്ഥകൾ പോലെ തന്നെയാണ് നിങ്ങളുടെ മാനസികനിലയും. ഹോർമോണുകളുടെ ചാഞ്ചാട്ടവും നിങ്ങളെ മാത്രം ആശ്രയിച്ചുകഴിയുന്ന കുഞ്ഞുവാവയെക്കുറിച്ചുള്ള ആകുലതകളും കൂടിയാകുമ്പോൾ അല്പം ടെൻഷൻ കൂടുതലുള്ള കാലയളവ് തന്നെയാണിതെന്ന കാര്യത്തിൽ സംശയമില്ല. വളരെ ഗൗരവമേറിയതും എന്നാൽ എളുപ്പം പരിഹരിക്കാൻ സാധിക്കുന്നതുമാണ് ഇവയൊക്കെ. അതിലേയ്ക്ക് സഹായിക്കുന്ന അഞ്ചു മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. മറ്റുള്ള അമ്മമാർക്കായി പ്രാർത്ഥിക്കുക

കുഞ്ഞുവാവയെ ശുശ്രൂഷിക്കുമ്പോഴും പ്രസവസമയത്തെ ശാരീരിക അസ്വസ്ഥതകളെ മറികടക്കാനാകാതെ വരുമ്പോഴും പരിചയമുള്ള ആർക്കെങ്കിലും വേണ്ടി, പ്രത്യേകിച്ച് അമ്മമാർക്കു വേണ്ടി പ്രാർത്ഥിക്കുക. ഉറക്കക്കുറവും കുഞ്ഞിന്റെ കരച്ചിലിന്റെ ഭാഷ മനസ്സിലാക്കിയെടുക്കുവാനുമുള്ള ബുദ്ധിമുട്ടുമൊക്കെ നേരിടുമ്പോൾ പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കുവാൻ സാധിക്കും. എത്ര വലിയ പ്രതിസന്ധികളാണെങ്കിലും ‘നന്മ നിറഞ്ഞ മറിയമേ ‘ എന്ന പ്രാർത്ഥനയിലൂടെ പരിശുദ്ധ അമ്മയെ കൂട്ടു പിടിച്ചാൽ തീർച്ചയായും അമ്മ നിങ്ങളെ ആശ്വസിപ്പിക്കും.

2 . വിശ്രമിക്കുമ്പോഴും കുഞ്ഞിന്റെ കൂടെ ആയിരിക്കുമ്പോഴും നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക

ദിവസം മുഴുവനും കുഞ്ഞുവാവയുടെ കൂടെ ആയിരിക്കുമ്പോഴും വളരെ ആരോഗ്യകരമായതും സമാധാനം നൽകുന്നതുമായ ചിന്തകളെ മനസ്സിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുക. മനോഹരമായ ഭക്തിഗാനങ്ങള്‍ കേള്‍ക്കുവാനോ ആത്മീയാംശം ഉൾക്കൊള്ളുന്ന രീതിയിലുള്ള പുസ്തകങ്ങള്‍ വായിക്കുവാനോ സമയം കണ്ടെത്തുക. സമൂഹമാധ്യമങ്ങളിലും മറ്റും എല്ലാത്തരത്തിലുമുള്ള വാർത്തകൾ ലഭിക്കുന്നതിനാൽ മാനസികവും ശാരീരികവുമായി അല്പം ബലഹീനമായിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ നെഗറ്റീവ് ചിന്തകൾ തരുന്ന വാർത്തകളും ചിത്രങ്ങളുമൊക്കെ ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കും.

3. നന്നായി ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക

ഗർഭാവസ്ഥയിൽ നിങ്ങളുടെയും ഉള്ളിലുള്ള കുഞ്ഞിനേയും ഒരുപോലെ നിങ്ങൾ ശ്രദ്ധിച്ചിരുന്നതുപോലെ പ്രസവശേഷവും നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടത് സുപ്രധാനമാണ്. പരിശുദ്ധാത്മാവിന്റെ ആലയമായ നിങ്ങളുടെ ശരീരത്തെ ആവശ്യമായ ഭക്ഷണവും ജലവും നൽകി ബഹുമാനിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ശരിയായി ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നിങ്ങൾ മുൻപുണ്ടായിരുന്ന സൗന്ദര്യവും രൂപവും പ്രസവശേഷവും തിരികെ ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിൽ ഓർക്കുക, മാതൃത്വമെന്ന പുണ്യത്തിന് പ്രകൃതി നൽകുന്ന അടയാളങ്ങളാണ് ഈ മാറ്റങ്ങളെന്ന്. സ്വന്തം മാതൃത്വത്തിൽ അഭിമാനം കൊള്ളുക.

4. മറ്റുള്ള അമ്മമാരുമായി സംസാരിക്കുക

ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു മാറ്റത്തിന് തീർച്ചയായും മാർഗ് നിർദ്ദേശങ്ങൾ ആവശ്യമാണ്. നിങ്ങളിലെ ‘അമ്മയുടെ’ വേവലാതികൾ ഏറ്റവും കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നത് തീർച്ചയായും സമപ്രായത്തിലോ ഇപ്പോൾ ഈ അവസ്ഥയിലൂടെ അടുത്ത കാലത്ത് തന്നെ കടന്നുപോയതോ ആയ മറ്റൊരു അമ്മയ്ക്കാണ്. അതുകൊണ്ട് അങ്ങനെയൊരു വിശ്വസ്തമായ സൗഹൃദം ഉണ്ടെങ്കിൽ അത് വളരെ മനോഹരമായ കാര്യമാണ്. നേരിടുന്ന പ്രതിസന്ധികളെയും വിഷമതകളെയും ഇതിലൂടെയൊക്കെ കടന്നുപോയിട്ടുള്ളവർക്കല്ലാതെ മറ്റാർക്കാണ് മനസ്സിലാക്കുവാൻ സാധിക്കുക!

5 . പ്രാർത്ഥനാജീവിതത്തിന് ടെക്നോളോജിയുടെ സഹായം തേടുക

ശാരീരികമായി പരിശുദ്ധ കുർബാനയിലും മറ്റ് പ്രാർത്ഥനകളിലും നിങ്ങൾക്ക് പങ്കുചേരുവാൻ സാധിക്കുവാൻ കഴിയാത്ത ഈ സമയത്ത് ഓൺലൈൻ പ്രാർത്ഥനകളിലോ ആരാധനകളിലോ പങ്കുചേരാവുന്നതാണ്. ആത്മീയപരമായ ധ്യാനങ്ങൾക്കും മറ്റുമായി അനുവദനീയമായിട്ടുള്ള ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിനെ കളിപ്പിക്കുമ്പോഴോ മറ്റു കാര്യങ്ങൾ ചെയ്യുന്നതിനിടയിലോ നിങ്ങളുടെ സമീപത്തുള്ള ഫോണിൽ ഒരു ക്ലിക്കിലൂടെയോ ഒരു സ്വൈപ്പിലൂടെയോ വളരെ എളുപ്പത്തിൽ പ്രാർത്ഥനകളും മറ്റ് സുവിശേഷചിന്തകളും ലഭിക്കുന്നതാണ്. അമ്മയുടെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും പ്രാർത്ഥനയുടെയും ആകെ തുകയാണ് കുഞ്ഞുങ്ങൾ എന്ന കാര്യം എപ്പോഴും ഓർമ്മിച്ചുകൊണ്ടേയിരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.