ആകുലപ്പെടുമ്പോൾ എങ്ങനെ പ്രാർത്ഥിക്കാം; പാപ്പായുടെ നിർദേശങ്ങൾ

നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളോ ക്ലേശങ്ങളോ ഉണ്ടാകുമ്പോൾ നാം ആശ്രയിക്കേണ്ടത് ദൈവത്തെയാണ്. അപ്പോൾ പ്രാർത്ഥന മാത്രമാണ് നമ്മുടെ സങ്കേതം. ജീവിതം ഭാരമായി അനുഭവപ്പെടുമ്പോൾ നാം എങ്ങനെ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുന്ന അഞ്ചു നിര്‍ദ്ദേശങ്ങൾ ഇതാ:

1. നിങ്ങൾ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോൾ

അനുദിന ജീവിതത്തിൽ പല കാരണങ്ങളാൽ നാം ആകുലപ്പെടുകയും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യാറുണ്ട്. ദൈവത്തെ നല്ല ഒരു സുഹൃത്തായി കാണുവാൻ ശ്രമിക്കുക. ജീവിതത്തിന്റെ ഏതവസ്ഥയിലും കൂടെ നിൽക്കുന്ന ഉറ്റസുഹൃത്ത്. പ്രാർത്ഥനയിലൂടെ മാത്രമേ നമുക്ക് ദൈവവുമായി നല്ല ബന്ധം സ്ഥാപിക്കുവാൻ കഴിയുകയുള്ളു. ഈശോ പഠിപ്പിച്ച പ്രാർത്ഥന തന്നെ ദൈവത്തെ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് അഭിസംബോധന ചെയ്യാനാണ്. നമുക്ക് എല്ലാം ദൈവത്തോട് ചോദിക്കാം. അവിടുത്തോട് എല്ലാം വിശദീകരിക്കുക, സംസാരിക്കുക, പരിഭവങ്ങൾ പറയുക. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പിഴവുണ്ടെന്ന് തോന്നിയാലും പ്രശ്‌നമില്ല. കാരണം, നമ്മൾ ഏതവസ്ഥയിൽ ആയിരുന്നാലും ദൈവം നമ്മെ സ്നേഹിക്കുന്നു.

2. ജീവിതം കയ്പേറിയതാകുമ്പോൾ കൃതജ്ഞത പ്രകാശിപ്പിക്കുക

ജീവിതത്തിലെ ചില സംഭവങ്ങൾ, കയ്‌പേറിയ അനുഭവങ്ങൾ, വ്യക്തികൾ ഒക്കെ ചിലപ്പോൾ നമ്മുടെ മനസിനെ അസ്വസ്ഥപ്പെടുത്തും. ഉള്ളിലുള്ള പ്രാർത്ഥനയുടെ അനുഭവത്തെ തടസപ്പെടുത്താൻ ഇതൊക്കെ കാരണമാകാം. ഇങ്ങനെയുണ്ടാകുമ്പോൾ ദൈവത്തിന് നന്ദി പറയേണ്ട നിരവധി കാര്യങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെയുണ്ട്. അവയെ കാണുക, കുറച്ച് സമയം ധ്യാനിക്കുക. ഒരു നക്ഷത്രനിബിഡമായ ആകാശം, സൂര്യാസ്തമയം, ഒരു പുഷ്പം ഇവയെക്കുറിച്ച് ധ്യാനിക്കുക. അവയെക്കുറിച്ച് ഓർത്ത് ദൈവത്തിന് നന്ദി പറയുക. ഈ ജീവിതം ദൈവം നമുക്കു നൽകിയ ദാനമാണ്. സങ്കടത്തിലും വേദനയിലും ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയുക. ചുറ്റുപാടുമുള്ള ചെറിയ കാര്യങ്ങളെ ഓർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം.

3. ലോകത്തിന്റെ തിന്മയ്ക്കെതിരായ സംരക്ഷണം

ലോകത്ത് വളരുന്ന തിന്മയ്ക്ക് എതിരെയുള്ള മനുഷ്യന്റെ സങ്കേതമാണ് പ്രാർത്ഥന. തിന്മയിൽ നിന്നും രക്ഷപ്പെടുവാൻ നാം പ്രാർത്ഥിക്കണം. ഇപ്രകാരം പ്രാർത്ഥിക്കാം: “കർത്താവേ, എന്നിൽ നിന്നും എന്റെ അഭിലാഷങ്ങളിൽ നിന്നും എന്റെ അഭിനിവേശങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ.” എന്ന് മിതമായ വാക്കുകളാൽ ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം.

4. മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൈവം മനസിലാക്കുന്നു

മനുഷ്യന്റെ കഷ്ടപ്പാടുകൾ ഒന്നുമറിയാതെ സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവമല്ല നമ്മുടേത്. ബൈബിളിൽ സങ്കീർത്തനങ്ങളിൽ, ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ പല ഭാഗങ്ങളിൽ വിവരിക്കുന്നുണ്ട്. ‘എന്റെ കണ്ണുനീർ’ അവിടുന്ന് കാണുന്നുണ്ടെന്നുള്ള ഉറപ്പ് സങ്കീർത്തങ്ങളിൽ കാണുന്നുണ്ട്. അവിടുന്ന് നമ്മുടെ ഒപ്പം കൂടെയുണ്ടെന്നുള്ള ഉറപ്പ് അവിടുന്ന് നൽകുന്നു.

5. യേശു തന്നെ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു

പ്രാർത്ഥനാ ജീവിതത്തിൽ ചിലപ്പോൾ നമുക്ക് മന്ദതയും ശൂന്യതയും അനുഭവപ്പെടാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ യേശുവിന്റെ പ്രാർത്ഥന നാം യാചിക്കണം. “എനിക്ക് ഇന്ന് പ്രാർത്ഥിക്കാൻ കഴിയില്ല, എന്തുചെയ്യണമെന്ന് എനിക്കറിയില്ല: എനിക്ക് പ്രാർത്ഥിക്കാൻ തോന്നുന്നില്ല”. എന്ന് ദൈവത്തോട് പറയുക. നമ്മുടെ ജീവിതത്തെ മുഴുവനായും ദൈവത്തിന്റെ കരങ്ങളിൽ വിട്ടുകൊടുക്കുക. കാരണം കർത്താവ് ഹൃദയങ്ങളെ അറിയുന്നവനാണല്ലോ. അവിടുന്ന് നമ്മെ കാത്തുകൊള്ളും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.