മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ച ബിഷപ്പുമാരുടെ എണ്ണം അഞ്ചായി

കോവിഡ് പകർച്ചവ്യാധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മെക്സിക്കോയിൽ കോവിഡ് ബാധിച്ചു മരിച്ച ബിഷപ്പുമാരുടെ എണ്ണം അഞ്ചായി. 152 വൈദികരും കോവിഡ് ബാധയാൽ മരണമടഞ്ഞു. കാത്തലിക്ക് മൾട്ടി മീഡിയ സെന്ററിന്റെ (സിസിഎം) ഏറ്റവും പുതിയ റിപ്പോർട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ഈ വർഷം ജനുവരി 18 വരെയുള്ള കേസുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് ആണിത്. ഒപ്പം രണ്ട് സന്യാസവൈദികരും അഞ്ച് സന്യാസിനികളും ഒമ്പതു ഡീക്കന്മാരും കോവിഡ്-19 മൂലം മരിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മെക്സിക്കോയിൽ ഇരുപതോളം ബിഷപ്പുമാർ കോവിഡ് ബാധിച്ചവരാണ്. ഇതിൽ പതിമൂന്ന് പേർ പൂർണ്ണമായി സുഖം പ്രാപിച്ചവരാണ്.

മെക്സിക്കോയിലെ ആർച്ചുബിഷപ്പ് എമെരിറ്റസ്, കർദ്ദിനാൾ നോർബെർട്ടോ റിവേര, ടോളൂക്കയിലെ സഹായമെത്രാൻ മാക്സിമിനോ മാർട്ടിനെസ് മിറാൻഡ എന്നിവരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. രാജ്യത്തൊട്ടാകെ 1.8 ദശലക്ഷത്തിലധികം കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.