4-ാമത് ഫിയാത്ത് ഇന്റർനാഷണൽ ജി.ജി.എം മിഷൻ കോൺഗ്രസ് തൃശൂർ ജെറുസലേം റിട്രീറ്റ് സെന്ററിൽ

ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 4-ാമത്  ഇന്റർനാഷണൽ ജി.ജി.എം (ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസ് തൃശൂർ ജെറുസലേം റിട്രീറ്റ് സെന്ററിൽ 2023 ഏപ്രിൽ 19 മുതൽ 23 വരെ നടക്കും. മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ ടോണി നീലങ്കാവിൽ എന്നിവർ ചേർന്ന് സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ  ഫിയാത്ത് മിഷൻ ചെയർമാൻ ബ്ര. സീറ്റ്ലി ജോർജ്, മിഷൻ കോൺഗ്രസ് കോർഡിനേറ്റർ സിജോ ഔസേഫ് എന്നിവർ സന്നിഹിതരായിരുന്നു.

കേരള സഭാമക്കളിൽ മിഷൻ ചൈതന്യം സൃഷ്ടിക്കാനായി കേരളത്തിന് അകത്തും പുറത്തുമുള്ള മിഷൻ പ്രവർത്തനങ്ങളെയും മിഷൻ സഭാവിഭാഗങ്ങളെയും മിഷൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ  പരിചയപ്പെടുത്തുന്നു എന്നതാണ് ജി.ജി.എം-ന്റെ ഏറ്റവും വലിയ സവിശേഷത.

ദൈവനിവേശിതമായി എഴുതപ്പെട്ട വചനമായ ബൈബിളിലൂടെ ലോകത്തിലുള്ള സകലരും യേശുവിനെ അറിയുക, ഒപ്പം മിഷൻ പ്രവർത്തനങ്ങളിലൂടെ മിഷനറിയായി ജീവിക്കുക എന്ന ആശയമാണ് ജി.ജി.എം-ന്റെ ലോഗോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് മിഷൻ ജി.ജി.എം മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം.

കോവിഡിന്റെ സാഹചര്യമായതിനാൽ കഴിഞ്ഞ 2 വർഷങ്ങളിൽ ജി.ജി.എം നടത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിപുലമായ മിഷൻ പരിപാടികളാണ് 2023 വർഷത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ വ്യത്യസ്‍ത വിഭാഗങ്ങളിലായിട്ടായിരിക്കും പരിപാടികൾ. ഇന്ത്യയിൽ നിന്നും ഇന്ത്യക്കു പുറത്തു നിന്നുമായി 20-ഓളം ബിഷപ്പുമാർ മിഷൻ കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മുൻ വർഷങ്ങളിലെ പോലെ രാജ്യത്തിന്റെ വിവിധ മിഷൻ പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻസ്, മിഷൻ ധ്യാനങ്ങൾ, മിഷൻ ഗാതറിംഗ്‌സ് എന്നിവയെല്ലാം
നാലാമത് ജി.ജി.എം മിഷൻ കോൺഗ്രസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

മിഷൻ  കോൺഗ്രസിന്റെ ഭാഗമായിട്ടുള്ള പൊതുവായ മദ്ധ്യസ്ഥപ്രാർത്ഥന തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു. ദിവസവും രാവിലെ 10 മണി മുതൽ ഉച്ച തിരിഞ്ഞ് 5 മണി വരെ ദിവ്യകാരുണ്യ സന്നിധിയിൽ ആർക്കും വന്ന് സംബന്ധിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8893553035

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.