നാല്പതാം വെള്ളി ആചരണത്തിന്റെ ചരിത്രം  

വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പരിമളം വിരിയിക്കുന്ന നാൽപതാം വെള്ളി ആചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കൊന്ന് മനസിലാക്കാം.

പേത്രത്തായ്ക്കു പിറ്റേന്ന് ആരംഭിക്കുന്ന നോമ്പ് നാല്പതു ദിവസം പിന്നിടുന്ന ആചരണദിനമാണ് നാല്പതാം വെള്ളി. ഇത് കേരളസഭയില്‍  കണ്ടുവരുന്ന പൗരസ്ത്യമായ ഒരു ആചരണമാണ്. ലത്തീന്‍ സഭയ്ക്ക് വിഭൂതി ബുധന്‍ മുതല്‍ എണ്ണിയാല്‍ ഇപ്രകാരം നാല്പതാം വെള്ളി കിട്ടില്ല. ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് നിലനിന്നിരുന്നതും പിന്നീട് ലത്തീന്‍  മിഷനറിമാര്‍ തടസപ്പെടുത്താതിരുന്നതുമായ ഒന്നാണ്  നാല്പതാം വെള്ളി ആചരണം.

പാശ്ചാത്യ – പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പതു ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണല്ലോ. സഭയിലെ ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് കഷ്ടാനുഭവ ആഴ്ച്ച വേറെ നോമ്പും. മറ്റു സഭകള്‍ മാറിയിട്ടും ഈജിപ്റ്റിലെ കോപ്റ്റിക്ക് സഭ കുറേക്കാലം ഈ രീതിയാണു പിന്തുടര്‍ന്നിരുന്നത്. അതുപോലെ, ഒരു നാല്പതാചരണവും അതിന്റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ചരിത്രത്തിലെപ്പോഴോ ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു. അതിന്‍റെ ശേഷിപ്പാണ് ചില സ്ഥലങ്ങളിലെങ്കിലുമുള്ള നാല്പതാം വെള്ളി ചടങ്ങ്. പിന്നീടാണ് അമ്പത് ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്ക് നോമ്പ് സഭയിലെങ്ങും ഏകീകരിക്കപ്പെട്ടത്.

ലത്തീന്‍ മിഷനറിമാര്‍ ഇതിനെ തടസപ്പെടുത്താതിരുന്നതിനു കാരണം നോമ്പിന്റെ മധ്യത്തില്‍ നാലാം ഞായറാഴ്ച്ച നോമ്പിന് ഇളവെടുക്കുന്ന (Laetare Sunday) ലത്തീന്‍ രീതിയോടൊപ്പിച്ചുള്ള ഒരു ആചരണം അവരുടെ മനസ്സിലുണ്ടായിരുന്നിരിക്കാം. അതിനോടനുബന്ധമായി പാതിനോമ്പാചരണം കേരളസഭയിലും കുറേക്കാലത്തോളം നിലനിന്നിരുന്നു. അന്നേദിവസം ദേവാലയത്തില്‍ കുരിശ് പൊതുവണക്കത്തിനു വച്ച് കുരിശുമുത്തല്‍ കര്‍മ്മം നടത്തിയിരുന്നതായി ചരിത്രം പറയുന്നു.

നസ്രാണി പാരമ്പര്യത്തില്‍ നാല്പതാം വെള്ളിക്കുശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍ന്റേതാണ് – കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിനെ  സല്‍ക്കരിക്കുകയും ചെയ്ത ദിനം) ഓശാന ഞായറും. അങ്ങനെ ഈശോയുടെ നാല്പതു നോമ്പിനെ അനുസ്മരിച്ച് നോമ്പുനോറ്റ ശേഷം കഷ്ടാനുഭവ ആഴ്ച്ചയില്‍ നോമ്പിന്റെ മറ്റൊരു തലത്തിലേയ്ക്ക് വിശ്വാസികള്‍ കടക്കുകയും ചെയ്യുന്നു. നാല്പതാം വെള്ളിയാഴ്ചയില്‍ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ സുവിശേഷവായന ഈശോ ലാസറിനെ ഉയിര്‍പ്പിക്കുന്നതാണ്. യോഹന്നാന്‍ ശ്ളീഹായുടെ വിവരണമനുസരിച്ച് ഈശോയുടെ കുരിശുമരണത്തിന്റെ ഏറ്റവും അടുത്ത കാരണം ഈ സംഭവമായിരുന്നല്ലോ. പാപത്തിന് മരിച്ച മനുഷ്യനെ ഉയിര്‍പ്പിച്ച് പാപ പരിഹാരാര്‍ത്ഥം സ്വയം മരണത്തിനു വിട്ടുകൊടുക്കുന്ന കര്‍ത്താവിനെ ധ്യാനിക്കുന്ന ദിവസമായി നാല്പതാം വെള്ളിയെ കണക്കാക്കാം.

ഇന്ന് കേരളസഭയില്‍ നാല്പതാം വെള്ളിക്ക് പ്രാദേശിക പ്രധാന്യമേയുള്ളൂ; പ്രത്യേകിച്ച് കടുത്തുരുത്തി ഭാഗത്ത് (അറുനൂറ്റിമംഗലം അതിനു പ്രസിദ്ധമാണല്ലോ). നാല്പതാം വെള്ളിയുടേതായി പ്രത്യേക പ്രാര്‍ത്ഥനാക്രമമൊന്നും സീറോ മലബാര്‍ സഭയിലില്ല. നാല്പതാം വെള്ളിയുടെയന്ന് തീര്‍ഥാടനങ്ങള്‍ നടത്തുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട് എന്നുമാത്രം.

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.