39 വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരുന്ന സ്പാനിഷ് വൈദികന്‍ മരിച്ചു

ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനായി 39 വര്‍ഷങ്ങള്‍ കാത്തിരുന്ന ഈശോ സഭക്കാരനായ സ്പാനിഷ് വൈദികന്‍ ഫെഡറിക് സൊപാന മുബൈയിലെ ഹോളിസ്പിരിറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായി. 39 വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന്റെ അപേക്ഷ ഇന്ത്യന്‍ ഗവണ്‍മെന്റ്  കൈക്കൊണ്ടതും അദ്ദേഹത്തിന് പൗരത്വം നല്‍കിയതും.

”എനിക്ക് ഇന്ത്യന്‍ മണ്ണില്‍ മരിക്കണം, ഇവിടെ അടക്കം ചെയ്യപ്പെടണം. കാരണം ഞാന്‍ ജോലി ചെയ്തതും എന്റെ സ്‌നേഹിതരും ഇവിടെയാണ്” എന്നായിരുന്നു ജന്മംകൊണ്ട് സ്‌പെയിന്‍കാരനായ ഫെഡറിക് സൊപാന അച്ചന്‍ പറഞ്ഞിരുന്നത്.

അനായാസമായി ഹിന്ദി കൈകാര്യം ചെയ്തിരുന്ന അച്ചന്‍ ഇന്ത്യന്‍ ഫിലോസഫിയിലും വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇന്ത്യന്‍ ചരിത്രത്തിലും അവഗാഹം ഉള്ള പണ്ഡിതനായിരുന്നു. മുബൈയിലെ പാവങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ജനിച്ചു ഫാദര്‍ ഫെഡറിക് 1949- ലാണ് മൂബൈയില്‍ എത്തിയത്. 1978 മുതല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘ഭാരത് മാതാ കീ ജെയ്’ എന്നായിരുന്നു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് തന്നെ അദ്ദേഹത്തിന്റെ മൃതസംസ്‌ക്കാരം നടന്നത് കാലം അദ്ദേഹത്തിന് നല്‍കിയ ആദരവായിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.