പ്രാർത്ഥനയിൽ അധിഷ്ഠിതമായ ഒരു ജീവിതം തുടങ്ങുവാൻ 4 നിർദ്ദേശങ്ങൾ

    പ്രാർത്ഥനാധിഷ്ഠിതമായ ഒരു ജീവിതം ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനമാണ്. ദൈവവുമായി ആഴമായ ഒരു ബന്ധം നാം സ്ഥാപിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനയിൽ ഈശോയും നാമും ഒന്നിച്ചുചേരുകയാണ്. സൃഷ്ടിയോടുള്ള, സൃഷ്ടാവായ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്ന അവസരമായി മാറുമ്പോഴാണ് നമ്മുടെ പ്രാർത്ഥന യഥാർത്ഥ പ്രാർത്ഥനയായി മാറുന്നത്.

    പ്രാർത്ഥനയിലൂടെ ദൈവവുമായി ഒരു ബന്ധം സ്ഥാപിച്ചെടുത്താൽ പിന്നെ നമ്മുടെ ആത്മീയജീവിതം വളരെ മനോഹരമായി മാറും. ചിലരെ സംബന്ധിച്ചിടത്തോളം എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയില്ല. പ്രാർത്ഥന എന്നാൽ വലിയ ഒരു കാര്യമാണ് എന്നാണ് ഇക്കൂട്ടരുടെ വിചാരം. എന്നാൽ നിഷ്കളങ്ക മനസുകളുടെ ഉള്ളിൽ നിന്നുണ്ടാകുന്ന, ദൈവമേ… എന്ന ഒരു വിളിപോലും ദൈവത്തിനു മുൻപിൽ പ്രാർത്ഥനയായി മാറുന്നു എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം ഉണ്ടാകേണ്ടത്. പ്രാർത്ഥനാ ജീവിതത്തിൽ തുടക്കക്കാരെ സഹായിക്കുവാൻ ഏതാനും മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ:

    1. കുരിശടയാളം വരയ്ക്കാം

    ചെറുപ്പത്തിൽ മുത്തശ്ശീ-മുത്തശ്ശന്മാർ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുത്തിരുന്ന – പഠിപ്പിച്ചുകൊടുത്തിരുന്ന ഒന്നാണ് കുരിശടയാളം. വല്യമ്മയുടെ മടിയിലിരുത്തി കുഞ്ഞുവിരലുകൾ ചേർത്തുപിടിച്ച് പേരക്കുട്ടിയെ കൊണ്ട് കുരിശടയാളം വരപ്പിച്ചിരുന്ന കാലത്ത് അവർ പോലും അറിയാതെ ആ ഇളംമനസുകളിൽ ആത്മീയതയുടെ വലിയ അടിത്തറ ഇടുകയായിരുന്നു. എന്നാൽ കാലം
    പോയ്മറഞ്ഞു. മക്കളെ കുരിശുവരപ്പിക്കാൻ പഠിപ്പിക്കുന്ന വല്യമ്മയെയും
    വല്യച്ചനെയും കണ്ടുകിട്ടാനില്ലാത്ത അവസ്ഥയായി. എങ്കിലും ആ
    കുരിശടയാളത്തിനുള്ള ശക്തിയിൽ മാറ്റം ഒന്നും വന്നില്ല. കുരിശടയാളം എന്നത് നമ്മെത്തന്നെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുന്ന ഒരു വലിയ പ്രാർത്ഥനയാണ്. ഈ കുരിശടയാളത്തിലൂടെ നാം നമ്മെത്തന്നെ
    വിശുദ്ധീകരിക്കുന്നവനായ ദൈവത്തിന് സ്വയം സമർപ്പിക്കുകയാണ്. അതിനാൽ പ്രാർത്ഥന തുടങ്ങുന്ന അവസരങ്ങളിൽ ഒക്കെയും കുരിശടയാളം വരച്ചുതുടങ്ങാം.

    2. ദൈവവുമായി സംസാരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാം

    നമ്മുടെ ഒരു ദിവസത്തിൽ എപ്പോഴെങ്കിലും ദൈവവുമായി സംസാരിക്കുന്ന ഒരു ശീലം നമുക്ക് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാം. കിടക്കുന്നതിനു മുൻപുള്ള സമയമായാൽ നന്ന്. കാരണം, നാം അപ്പോൾ നമ്മുടെ ഒരു ദിവസം അവസാനിപ്പിക്കുകയാണ്. ആ നിമിഷത്തിൽ – ദൈവമേ, ഇന്നേദിവസം ഞാൻ ഇതായിരുന്നു – എന്ന് ദൈവത്തോട് പറയുവാൻ കഴിയുമ്പോൾ ദൈവവുമായുള്ള ഒരു സൗഹൃദത്തിലേയ്ക്ക് നാം കടക്കും. നമ്മുടെ മുന്നിലുള്ള ഒരു ഉറ്റസുഹൃത്തുമായി നാം എങ്ങനെ സംസാരിക്കുന്നുവോ അതുപോലെ ഈശോയോട് സംസാരിക്കാൻ ശ്രമിക്കാം.

    3. ദൈവത്തെ കേൾക്കാൻ ശ്രമിക്കാം

    ഇപ്പോഴും തിരക്കുകളുടെ മധ്യത്തിലാണ് നാം. ആ തിരക്കുകളിൽ നിന്നും അൽപം അകന്ന് ശാന്തമാകുവാൻ ശ്രമിക്കാം. നാം ആയിരിക്കുന്ന ഇടങ്ങളിൽ ആധുനിക മാധ്യമങ്ങളുടെ അതിപ്രസരത്തിൽ നിന്നും അകന്നിരിക്കാൻ ശ്രമിക്കാം. കുറഞ്ഞത് പ്രാർത്ഥിക്കുവാനായി നാം തിരഞ്ഞെടുത്തിരിക്കുന്ന സമയമെങ്കിലും. എന്നിട്ട് ആ സമയം ദൈവത്തിനു നമ്മോടു എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ ശ്രമിക്കാം.
    ശാന്തതയിൽ, നിശബ്ദതയിൽ ദൈവം നമ്മോടു സംസാരിക്കുന്നത് നമുക്ക്
    തിരിച്ചറിയുവാൻ കഴിയും.

    4. നല്ല ഭക്തിഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾക്കുകയും പാടുകയും ചെയ്യാം

    പ്രാർത്ഥനയിൽ സംഗീതത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ദൈവാനുഭവത്തെ – ദൈവസാന്നിധ്യത്തെ കൂടുതൽ അനുഭവിക്കുവാനും പ്രാർത്ഥനയുടേതായ ഒരു അന്തരീക്ഷത്തിലേയ്ക്ക് നയിക്കുവാനും സംഗീതം നമ്മെ സഹായിക്കും. കൂടാതെ, നല്ല ഭക്തിഗാനങ്ങൾ കേൾക്കുന്നത് നമ്മുടെയുള്ളിൽ പ്രത്യാശ നിറയ്ക്കുവാനും ആ പ്രത്യാശയുടെ ഉറവിടമായ ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ സൂക്ഷിക്കുവാനും ഇടയാക്കും.