അനുദിന ജീവിതത്തിൽ വി. യൗസേപ്പിതാവിനെ അനുകരിക്കുവാൻ നാലു മാർഗ്ഗങ്ങൾ

ക്രൈസ്തവർക്ക് പ്രത്യേകിച്ച്, കത്തോലിക്കർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വിശുദ്ധജീവിതമാണ് വി. യൗസേപ്പിതാവിന്റേത്. യൗസേപ്പിതാവിന്റെ വർഷമായി  ‘2021’-നെ മാർപാപ്പാ പ്രഖ്യാപിച്ചതും അതിനാൽത്തന്നെ. ക്രിസ്തീയ കുടുംബങ്ങളുടെ കാവൽക്കാരനായി വി. യൗസേപ്പിതാവിന്റെ മാതൃക അനുദിനജീവിതത്തിൽ പകരുവാൻ നമ്മെ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1 . പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കായി കാതോർക്കാം

വി. യൗസേപ്പിതാവിന്റെ ജീവിതം അനുകരിക്കുവാൻ ശ്രമിക്കുമ്പോൾ നാം ആദ്യം ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ തീരുമാനങ്ങൾക്കായി സ്വയം വിട്ടുകൊടുക്കുക എന്നതാണ്. ജീവിതത്തിൽ ദൈവാത്മാവിന്റെ പ്രവർത്തനത്തിന് നിയന്ത്രണത്തിനുമായി ഇത്രയധികം വിട്ടുകൊടുത്ത മറ്റൊരു വ്യക്തി ഉണ്ടായിരുന്നില്ല. സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദൂതന്റെ സ്വരം ശ്രവിച്ചുകൊണ്ട് മുന്നേറുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും പരിശുദ്ധാത്മാവായിരുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളുമുണ്ടാകുമ്പോൾ അവിടെ പരിശുദ്ധാത്മാവിന്റെ ഹിതമനുസരിച്ച് പ്രവർത്തിക്കുവാൻ നമുക്ക് ശ്രമിക്കാം.

2 . പ്രാർത്ഥനയും ജോലിയും ഒരുമിച്ച് കൊണ്ടുപോകാം

ഒരു കുടുംബനാഥന്റെ ചുമലിലാണ് ആ കുടുംബത്തിന്റെ ഭാരം മുഴുവൻ വന്നിരിക്കുന്നത്. കുടുംബത്തെ പുലർത്തുക എന്ന ഉത്തരവാദിത്വം നിറവേറ്റുവാൻ ജോലികളിൽ വ്യാപാരിക്കുമ്പോഴും വി. യൗസേപ്പിതാവ് പ്രാർത്ഥനയിലായിരുന്നു. പ്രാർത്ഥനയുടെ മനുഷ്യനായിട്ടാണ് അദ്ദേഹം ചിത്രീകരിക്കപ്പെടുന്നത്. ചെയ്യുന്നതെല്ലാം ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട്, ദൈവത്തിന് സമർപ്പിച്ചുകൊണ്ട് യൗസേപ്പിതാവ് ചെയ്തു. പ്രതിസന്ധികളുടെ നടുവിലും ആഴമായ ദൈവാശ്രയത്വബോധം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ധൈര്യം. അതിനാൽ നമ്മുടെ ജീവിതത്തിലും നാം ചെയ്യുന്നതെല്ലാം ദൈവത്തെ കൂട്ടുപിടിച്ചു കൊണ്ട് ചെയ്യാം. അപ്പോൾ നാമും വി. ജോസഫിനെ പോലെ ആകും.

3 . മാതാവിനോടുള്ള ഭക്തി

ദൈവപുത്രന്റെ അമ്മയായ പ്രരിശുദ്ധ അമ്മയോടുള്ള ഭക്തി യൗസേപ്പിതാവിന്റെ ജീവിതമാതൃക അനുകരിക്കുവാൻ നമ്മെ സഹായിക്കും. പരിശുദ്ധ അമ്മയെ ഏറ്റവും കൂടുതൽ ആദരിച്ച വ്യക്തിയാണ് വി. ജോസഫ്. അതിനാൽ ആ സ്വഭാവം നമ്മുടെ ജീവിതത്തിലും വളർത്തിയെടുക്കാം.

4 . ഉണ്ണീശോയെ ആരാധിക്കാം

ദൈവകുമാരനോടുള്ള ഭക്തി ഏറ്റവും പ്രകടമാകുന്നത് യൗസേപ്പിതാവിലാണ്. തന്റെ വളർത്തുപുത്രനായ ഉണ്ണീശോയെ എല്ലാവിധത്തിലും യുസേപ്പിതാവ് പരിപാലിച്ചു. അതുപോലെ തന്നെ നമ്മുടെ ജീവിതത്തിന്റെയും കേന്ദ്രബിന്ദു ഉണ്ണീശോ ആയിരിക്കണം. അവിടുത്തേയ്ക്ക് ഇഷ്ടമില്ലാത്തതൊക്കെ ഒഴിവാക്കി, ഉണ്ണീശോയുടെ ഭവനമാക്കി നമ്മുടെ വീട് മാറ്റുവാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഭാവനകളും തിരുക്കുടുംബമായി മാറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.