മാർച്ച് മാസത്തിലെ ചില വിശുദ്ധർ: ജീവിതത്തിലും ഭവനത്തിലും കൂടെ കൂട്ടുവാനും ബഹുമാനിക്കുവാനുമുള്ള മാർഗ്ഗങ്ങൾ

നോമ്പുകാലത്തിന്റെ വിശുദ്ധിയുടെ വെണ്മ ഇരട്ടിയാക്കുവാനായി മാർച്ച് മാസം നമുക്ക് പ്രധാനമായും നാല് വിശുദ്ധരാണുള്ളത്. വിശുദ്ധ വാരത്തിലെ ആത്മീയ ജീവിതത്തെ അവരുടെ കൂടെ ആചരിക്കുമ്പോൾ നമ്മുടെ ധ്യാന ചിന്തകൾക്കും നോമ്പുകാല പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഉണർവ്വ് നൽകുവാൻ ഈ വിശുദ്ധരുടെ ജീവിതവും നന്മകളും നമ്മെ സഹായിക്കും. ഈ മാസത്തിൽ കത്തോലിക്കാ സഭയുടെ ആത്‌മീയ കലണ്ടറിൽ നാല് വിശുദ്ധ ജീവിതങ്ങളെയാണ് നമുക്ക് മാതൃകയായി നൽകിയിരിക്കുന്നത്.

മാർച്ച് 9: റോമിലെ വിശുദ്ധ ഫ്രാൻസെസ്

ദാരിദ്ര്യം വ്രതമായേറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയായിരുന്നു ഫ്രാൻസെസ്. സമർപ്പിത ജീവിതത്തിൽ മനസ്സർപ്പിച്ചിരുന്ന അവൾക്ക് അവസാനം മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയാകേണ്ടി വന്നു. എങ്കിലും സമർപ്പിത ജീവിതമാണ് തനിക്ക് എക്കാലവും അനുയോജ്യമെന്ന് അവൾ മനസ്സിലാക്കി. ലൗകികമായ ഒരു ജീവിതത്തിനു ഒരിക്കലും ഫ്രാൻസെസയുടെ മനസ്സ് ഒരുക്കമല്ലായിരുന്നു. എങ്കിലും തന്റെ ഭർത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും ജീവിതം കുറേകൂടി ആത്മീയമാക്കുവാൻ ഈ വിശുദ്ധയ്ക്ക് കഴിഞ്ഞു. അവളുടെ ജീവിത ശൈലിയും പെരുമാറ്റവുമെല്ലാം അമ്മയുടെയും സഹോദരിയുടേയും ജീവിതത്തിൽ വലിയ മാറ്റത്തിന് വഴി തെളിച്ചു. ലോകത്തിന്റേതായ എല്ലാ കാര്യങ്ങളിലും അന്ധവിശ്വാസങ്ങളിലും താല്പര്യമുണ്ടായിരുന്നു അവർ പിന്നീട് വി. ഫ്രാൻസെസുമായി വളരെയധികം സൗഹൃദത്തിലാകുകയും ആത്മീയ കാര്യങ്ങളിൽ അവർ വളരെയധികം തല്പരരാകുകയും ചെയ്തു. തന്റെ പ്രാർത്ഥനയും സൗഹാർദ്ദപരമായ പെരുമാറ്റങ്ങളും കൊണ്ട് രണ്ടു ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാൻ കഴിഞ്ഞു ഈ വിശുദ്ധയ്ക്ക്.

റോമിൽ, വിശുദ്ധ ഫ്രാൻസെസയുടെ ബഹുമാനാർത്ഥം വിശുദ്ധ സൗഹൃദങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു സംസ്കാരം രൂപപ്പെട്ടു. ഈ നോമ്പിൽ വിശുദ്ധയുടെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് നമുക്കും നമ്മുടെ സൗഹൃദങ്ങളെ വിശുദ്ധീകരിക്കാം. കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ ഒരാളെ ചേർത്ത് പിടിച്ചുകൊണ്ട് പ്രാർത്ഥനാ ജീവിതത്തിനു തുടക്കം കുറിക്കാം. ഓൺലൈൻ പ്ലാറ്റ്  ഫോമുകളിലൂടെ ഒരു ജപമാല ചൊല്ലുകയോ വിശ്വാസപരമായ കാര്യങ്ങൾ ചർച്ച ചെയ്യുകയോ പങ്കിടുകയോ ചെയ്യാം. പ്രാർത്ഥനാ സഹായങ്ങൾ അഭ്യർത്ഥിക്കുന്നത് അറിയിക്കുകയും വി. ബൈബിൾ വായിച്ച് വചനം കൈമാറുകയും ചെയ്യാം. അങ്ങനെ നമ്മുടെ സൗഹൃദങ്ങളെ ഈ നോമ്പ് കാലത്ത് കൂടുതൽ വിശുദ്ധമാക്കാം.

മാർച്ച് 17: വിശുദ്ധ പാട്രിക്

ഏറ്റവും ക്രിയാത്മകമായി സുവിശേഷം പ്രസംഗിച്ച ഒരു വിശുദ്ധനാണ് വിശുദ്ധ പാട്രിക്. സന്തോഷത്തോടെയും സൗഹാർദപരമായും സുവിശേഷ പ്രഘോഷണത്തിലെ പുതിയ മാനങ്ങൾ സഭയ്ക്ക് സമ്മാനിച്ച വിശുദ്ധൻ. മൂന്നിലകളുള്ള ഷാം റോക്ക് എന്ന ചെടിയുടെ രൂപം കൊണ്ട് പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ഏറ്റവും ലളിതമായ ഉദാഹരണത്തോടെ പഠിപ്പിച്ച ഒരു വിശുദ്ധൻ സഭാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വളരെ പരിചിതമായ സംഗതികളിൽ നിന്ന് പുതിയ പ്രബോധനങ്ങളെക്കുറിച്ച്‌ ബോധവൽക്കരിക്കുകയായിരുന്നു വി. പാട്രിക് ചെയ്തിരുന്നത്.

സന്തോഷത്തോടെ ലളിതമായി സുവിശേഷം പ്രഘോഷിക്കുവാൻ നമുക്കും കഴിയും. ജീവിതത്തിലെ ഏതൊരു ചെറിയ കാര്യങ്ങളിലും ദൈവ സാന്നിധ്യം അറിയുവാനും കണ്ടെത്തുവാനും ശ്രമിക്കുക. മനോഹരമായ സംഗീതത്തിലും ചെറിയ വസ്തുക്കളിലും അവിടുത്തെ വലിയ സാന്നിധ്യം നാം അനുഭവിച്ചറിയണം. ആ ഒരു സമയത്താണ് നമുക്കും വളരെ ലളിതമായ കാര്യങ്ങളിൽ നന്മ കണ്ടെത്തുവാൻ സാധിക്കുക.

മാർച്ച് 19: വിശുദ്ധ യൗസേപ്പിതാവ്

2021 വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമാണ്. കുടുംബത്തിന്റെ കാവൽക്കാരനായ വിശുദ്ധന്റെ സഹായം നമ്മെ തിന്മയിൽ നിന്നും സംരക്ഷിക്കും. തിരുക്കുടുംബത്തെ നയിച്ച അതെ കരുതലും സൗമ്യതയും കൊണ്ട് അദ്ദേഹത്തിന് നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കുവാനും മധ്യസ്ഥത വഹിക്കുവാനും കഴിയും. പ്രശ്നങ്ങളിൽ പെട്ട് ഉറക്കമില്ലാതാകുമ്പോൾ സമാധാനപരമായ ഉറക്കത്തിനായി നമുക്ക് യൗസേപ്പിതാവിനോട് പ്രാർത്ഥിക്കാം. ഉറങ്ങി എഴുന്നേൽക്കുമ്പോളേക്കും നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ അവിടുത്തോടപേക്ഷിക്കാം.

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ഭവനത്തിൽ എങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തെ ആഘോഷിക്കണമെന്നു അറിയണ്ടേ? വി. യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥം വിഷമിക്കുന്നവർക്ക് സഹായമെത്തിക്കുവാൻ നാം മടിക്കരുത്. ഊണ് മേശയിൽ അദ്ദേഹത്തിന്റെ ഒരു രൂപമോ ഫോട്ടോയോ സൂക്ഷിക്കാം. ഒരുമിച്ചുള്ള ഭക്ഷണ വേളയിൽ അദ്ദേഹത്തോട് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥന നമ്മുടെ കുടുംബങ്ങളെയും ബന്ധങ്ങളെയും നവീകരിക്കും.

മാർച്ച് 31: തുലൗസിലെ വാഴ്ത്തപ്പെട്ട ജെയിൻ

രോഗികളുടെയും ദരിദ്രരെയും സഹായിച്ചുകൊണ്ട് ഒരു നാടിന് തന്നെ മാതൃകയായി മാറിയ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ജെയിൻ. നന്മയുടെയും ദാനധർമ്മത്തിന്റെയും ശക്തിയായി മാറിയ ജെയിൻ കർമ്മലീത്ത സഭയുടെ മൂന്നാം ഓർഡറിന്റെ സ്ഥാപകയാണ്. ഒരു അൽമായ സഭയിലെ അംഗമാകുവാനുള്ള വലിയ വിളിയെ നമുക്ക് ഈ വാഴ്ത്തപ്പെട്ടവളുടെ ജീവിതത്തിലൂടെ തിരിച്ചറിയാം. ജീവിതത്തിൽ ദാരിദ്ര്യമനുഭവിക്കുന്നവർക്ക്, അതിൽ ആത്മീയവും അടിസ്ഥാനപരമായ ഭൗതിക ദാരിദ്ര്യവും ഉണ്ടാകും. ആ അവസരത്തിൽ കൈത്താങ്ങായി കൂടെയുണ്ടാകുവാൻ വിശുദ്ധയുടെ മാധ്യസ്ഥം യാചിക്കാം.

ഈ നാല് വിശുദ്ധരും മാർച്ച് മാസത്തെ നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതൽ ശോഭയുള്ളതാക്കി മാറ്റുവാൻ നമ്മെ സഹായിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.