ഏതു സാഹചര്യത്തിലും നന്ദി പറയാനുള്ള നാല് മാർഗ്ഗങ്ങൾ

ഒരു വർഷം കടന്നുപോവുകയാണ്. വേദനിപ്പിക്കുന്ന അനേകം വാർത്തകളും പകർച്ചവ്യാധികളും പ്രതിസന്ധികളും നിറഞ്ഞ വർഷം. അതിജീവിക്കുവാൻ ഏറെ ബുദ്ധിമുട്ടെന്നു തോന്നിയ വർഷം അവസാനിക്കുകയാണ്. വരുന്ന വർഷം സന്തോഷമാണോ സങ്കടമാണോ നമുക്കായി കാത്തിരിക്കുന്നതെന്നും നമുക്കറിയില്ല. എങ്കിൽ ഏതു സാഹചര്യത്തിലും നിന്നുകൊണ്ട് നന്ദി പറയുവാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്. ഓർക്കുക, നന്ദിപ്രകാശനം അത് ഹൃദയം തുറന്നുള്ളതാണെങ്കിൽ സന്തോഷം നമ്മെ തേടിയെത്തും. ആയതിനാൽ നാം കടന്നുപോകുന്ന സാഹചര്യങ്ങൾക്കു മദ്ധ്യേ നിന്നുകൊണ്ട് നന്ദി പറയുവാൻ സഹായിക്കുന്ന ഏഴു മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. നമുക്ക് ലഭിക്കുന്ന കുഞ്ഞുകാര്യങ്ങളെ എങ്ങനെ സ്വീകരിക്കാമെന്നു പഠിക്കണം

അഭിനന്ദനങ്ങളും സമ്മാനങ്ങളും സ്വീകരിക്കുന്നത് അത്ര എളുപ്പമല്ല. പലപ്പോഴും നമുക്ക് ലഭിക്കുന്ന സമ്മാനങ്ങളും അഭിനന്ദനങ്ങളും മാനസികമായി ഉൾക്കൊള്ളുവാൻ നാം തയ്യാറായിരിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ, പുറമെ നാം നന്ദി പ്രകടിപ്പിക്കുമെങ്കിലും ഉള്ളിൽ സന്തോഷം ഉണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ലഭിച്ച ചെറിയ പ്രശംസയെ പോലും ഉൾക്കൊള്ളുവാൻ, ഹൃദയം തുറന്നു സ്വീകരിക്കുവാനുള്ള മനോഭാവത്തിലേയ്ക്ക് വളരുവാൻ നാം ശ്രമിക്കണം. ചെറിയ ചെറിയ കാര്യങ്ങളിൽ സംതൃപ്തി നേടുന്നവർക്കു ലഭിക്കുന്ന ആന്തരിക സമാധാനം വളരെ വലുതാണ്. ആ സമാധാനത്തിൽ നിന്നും നന്ദി പ്രകാശിപ്പിക്കുമ്പോൾ അത് കൊടുക്കുന്നവർക്കും വാങ്ങിക്കുന്നവർക്കും ഒരുപോലെ സന്തോഷം പകരും.

2. നമ്മുടെ ഉള്ളിലെ നന്ദിയുടെ മനോഭാവത്തെ തകർക്കുന്ന ശീലങ്ങൾ മാറ്റാം

നമ്മുടെ ഉള്ളിലെ നന്ദിയുടെ മനോഭാവത്തെ തകർക്കുന്ന പല ദുശീലങ്ങളും നമ്മിലുണ്ടാകും. അസൂയ, കുശുമ്പ്, അഹങ്കാരം, ദേഷ്യം, ഭയം ഇങ്ങനെ പലതും നമ്മുടെ ജീവിതത്തിലുണ്ടാവാം. അവയെക്കെ വേരോടെ പിഴുതുമാറ്റണം. കാരണം മറ്റുള്ളവരോടുള്ള ആത്മാർത്ഥസ്നേഹത്തിൽ വളരുവാനും നന്ദി പ്രകാശിപ്പിക്കുവാനും ഇവയൊക്കെ തടസങ്ങളായി നിൽക്കും. അതുപോലെ തന്നെ വേദനിപ്പിക്കുന്നതായ പഴയ ചിന്തകളും സമൂഹത്തെ അഭിമുഖീകരിക്കുവാനുള്ള മടിയും ഒക്കെ നമ്മെ പിന്നോട്ടു വലിക്കും. അതൊക്കെ മാറ്റി പോസിറ്റിവ് ആയി ഇരിക്കുവാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഹൃദയം മറ്റുള്ളവരിലേയ്ക്ക് തുറക്കുവാൻ നമുക്ക് കഴിയും.

3. പരാതികൾക്ക് വിട നൽകാം

എപ്പോഴും പരാതിപ്പെടുന്ന, പിറുപിറുക്കുന്ന സ്വഭാവമാണോ നിങ്ങൾക്ക്? എങ്കിൽ ആ സ്വഭാവം എത്രയും വേഗം മാറ്റണം. പരാതികളും പരിഭവങ്ങളുമായി നടക്കുന്നവർക്ക് അതിനുമാത്രമേ സമയം ഉണ്ടാവുകയുള്ളൂ. ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുവാൻ ഒരിക്കലും കഴിയില്ല. പാരാതികൾക്കു വിട നൽകാം. അതിനുമപ്പുറത്തേയ്ക്ക് തിരിഞ്ഞുനോക്കാം. അടുത്തുള്ള ആൾക്കാരെപ്പോലെ അല്ലെങ്കിലും ദൈവത്തിനു നന്ദി പറയാൻ ഒരുപാട് കാര്യങ്ങൾ, ഒരുപാട് അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലും കണ്ടെത്തുവാൻ കഴിയും. അവയ്‌ക്കൊക്കെ നന്ദി പറയാം. ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന കുഞ്ഞുസന്തോഷങ്ങൾക്കു പോലും നന്ദി പറയുവാൻ ശ്രമിക്കുമ്പോൾ അവിടേയ്ക്ക് കൂടുതൽ സമാധാനവും സന്തോഷവും കടന്നുവരും.

4. നന്ദി പറഞ്ഞു തുടങ്ങാം

നമ്മൾ വാഹനത്തിൽ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ വണ്ടികൂലി കൊടുക്കുന്ന സമയത്ത് ആ ഡ്രൈവറിനോട് നന്ദി പറയാറുണ്ടോ? സാധനം വാങ്ങുമ്പോൾ എടുത്തുതരുന്ന ആളുകളോട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ടോ? ഒന്ന് ചിന്തിക്കാം. നമ്മുടെ അനുദിന ജീവിതത്തിൽ ചെറിയ സേവനങ്ങളാണെങ്കിൽപോലും നാം നന്ദി പറയേണ്ടതായി വരുന്ന അനേകം ആളുകൾ ഉണ്ട്. അവർക്കൊക്കെ നന്ദി പറഞ്ഞു തുടങ്ങാം. അത് നന്ദി സ്വീകരിക്കുന്ന ആളെ ബഹുമാനിക്കുന്നതിനുള്ള ഒരു വഴി കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.