നോമ്പുകാലത്ത് ദൈവാനുഭവത്തിലേയ്ക്ക് വളരുവാനുള്ള നാല് മാർഗ്ഗങ്ങൾ

നോമ്പുകാലം ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർന്നു നിന്നുകൊണ്ട് കൂടുതൽ പ്രാർത്ഥനയിലും ആത്മീയതയിലും വളരുവാൻ ശ്രമിക്കുന്ന കാലമാണ്. ചെറിയ പരിത്യാഗ പ്രവർത്തികളിലൂടെയും ഉപവാസത്തിലൂടെയും നമ്മെ തന്നെ വിനീതമാക്കി, ചെയ്തു പോയ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്ന നാളുകൾ. ചുരുക്കത്തിൽ വിശുദ്ധിയിലേയ്ക്ക് വളരുവാൻ പരിശ്രമിക്കുന്ന നാളുകളാണ് ഇത്. ഈ നാളുകളിൽ കൂടുതൽ ദൈവാനുഭവത്തിലേയ്ക്ക് വളരുവാൻ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ആണ് ചുവടെ ചേർക്കുന്നത്…

1. കുരിശിന്റെ വഴിയിലൂടെ ധ്യാനിക്കാം

നമ്മുടെ കർത്താവിന്റെ പീഡാസഹനങ്ങളെ പ്രത്യേകമാം വിധം ധ്യാനിക്കുന്ന വിശുദ്ധ കുരിശിന്റെ വഴി തീർച്ചയായും ഈ ദിനങ്ങളിൽ വളരെയധികം ആത്മീയ ഉണർവ്വ് നൽകുന്ന നിമിഷങ്ങളാണ്. ജീവിതത്തിലെ സഹനങ്ങളിൽ അവിടുത്തോട് ചേർന്ന് നിൽക്കുന്ന ഓരോ ക്രൈസ്തവനും അവിടുന്നേൽക്കേണ്ടി വന്ന പീഡകളെ ധ്യാനിക്കുമ്പോൾ തീർച്ചയായും നമ്മുടെ മുള്ളുകളെ വളരെയെളുപ്പം പുഷ്പങ്ങളാക്കിമാറ്റാം. ജീവിതത്തിൽ ഏൽക്കപ്പെടേണ്ടിവന്ന അപമാനങ്ങളുടെയും നിന്ദനങ്ങളുടെയും മുറിവുകൾ അവിടുത്തെ കുരിശിനോടും സഹനങ്ങളോടും ചേർത്തുവെക്കുമ്പോൾ തീർച്ചയായും ആത്മാവിന്റെ ഉയിർപ്പിലേക്കും സ്വർഗ്ഗത്തിലേക്കുമുള്ള വലിയ ക്ഷണം നമുക്ക് ലഭിക്കും.

2. ജപമാലയിലൂടെ ആത്മീയ ആനന്ദം

യേശുവിന്റെ ജീവിത രഹസ്യങ്ങളെ പരിശുദ്ധ അമ്മയോട് ചേർന്ന് ധ്യാനിക്കുമ്പോൾ തിരുക്കുടുംബമെന്ന സഭയുടെ ഏറ്റവും മഹത്തായ കൂട്ടായ്‌മ്മയോടൊപ്പം പങ്കുചേരുകയാണ് നാം. എപ്പോഴും എവിടെ നിന്നും പ്രാർത്ഥിക്കാമെന്ന പ്രത്യേകതയും ജപമാലയ്ക്കുള്ളതിനാൽ ഈ ആനന്ദത്തിനു നമുക്ക് സ്ഥല- സമയ പരിധികളില്ല. അതിനാൽ തന്നെ നോമ്പുകാലത്തെ ഏറ്റവും മനോഹരമായ ആരാധനാ രീതികളിൽ ഒന്നാണിത്.

3. ദിവ്യകാരുണ്യ ആരാധന

നോമ്പിൽ പൂർണ്ണമായ ആനന്ദം നേടുവാനുള്ള മറ്റൊരു മാർഗ്ഗം അര മണിക്കൂർ നേരത്തേക്കെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തുകയെന്നതാണ്. യേശുക്രിസ്തു നമ്മോടു കാണിച്ച സ്നേഹത്തിന്റെ പൂർത്തീകരണമാണ് ദിവ്യകാരുണ്യം. അതിനാൽ തന്നെ നമ്മോടൊപ്പമായിരിക്കുവാ ൻ ആഗ്രഹിക്കുന്നവന്റെ കൂടെ അല്പനേരമായിരിക്കുവാൻ ശ്രമിക്കുക. നമ്മുടെ ബലഹീനതകളെ അവിടുത്തേക്ക്‌ നൽകുന്നതിനോടൊപ്പം ജീവിതത്തെ പവിത്രീകരിക്കുവാനും ആത്മീയ ചൈതന്യത്താൽ നിറയ്ക്കുവാനും ഈ മണിക്കൂറുകൾക്ക് സാധിക്കും.

4. വിശുദ്ധ ഗ്രന്ഥം വായിക്കുക

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവും പരിഹാരവും രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധ ലിഖിതങ്ങളിലൂടെ ശ്രദ്ധാപൂർവ്വം ഒരു ചെറിയ യാത്ര ഈ നോമ്പുകാലത്തിൽ ഉചിതമാണ്. തിരുവചനം നൽകുന്ന പ്രത്യേകമായ സംരക്ഷണവും ഉറപ്പും നമുക്ക് നൽകുന്ന ആനന്ദം ഹൃദ്യമാണ്. അവിടുത്തോട് ചേർന്നിരിക്കുന്ന നമുക്ക് അവിടുത്തെ വചനങ്ങൾ ഏതു സമയവും സമീപസ്ഥമാണ്. ഓഡിയോ ബൈബിളും ഇ- ബൈബിളുമൊക്കെ നമ്മുടെ കൈക്കുള്ളിൽ ഉള്ളപ്പോൾ തിരുവചനം നൽകുന്ന അനുഗ്രഹവും ആനന്ദവും ജീവിതത്തോട് ചേർത്ത് വെക്കുവാൻ നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.