ഹൃദയത്തിനു നൽകാം ആത്മീയതയുടെ പച്ചപ്പ്

പ്രകൃതിക്ക് സംരക്ഷണം നൽകേണ്ട ആവശ്യകതയെക്കുറിച്ച് നാം വളരെ ശ്രദ്ധയുള്ളവരാണ്. നമ്മുടെ ജീവിതത്തെ സുഗമമാക്കുവാനും ആരോഗ്യകരമായ അന്തരീക്ഷം എപ്പോളും അത്യാവശ്യമാണ്. പ്രകൃതിയെ വിലമതിക്കുന്നതുപോലെതന്നെ നമ്മുടെ ആത്മീയ അന്തരീക്ഷത്തേയും കുറിച്ച് നാം ബോധവാൻമാരാകേണ്ടതുണ്ട്. നമ്മുടെ പ്രകൃതിക്കുവേണ്ടി നാം പോരാടുന്നതുപോലെതന്നെ ആത്മീയപരമായ നമ്മുടെ ‘ഹരിത ഇടത്തിനു’വേണ്ടി നാം കുറച്ചുകൂടി താല്പര്യപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

പിരിമുറുക്കം, അസ്വസ്ഥത, സമ്മർദ്ദം, തെറ്റിദ്ധാരണകൾ, ഭിന്നതകൾ, വിഭാഗീയത എന്നിവയാൽ നമ്മുടെ ലോകം മലിനമാണ്. മലിനമായ വായു ശ്വസിക്കുമ്പോൾ മാരകമായ അസുഖങ്ങൾ ഉണ്ടാകുന്നതുപോലെതന്നെ നമ്മുടെ ആത്മീയ അന്തരീക്ഷത്തെയും മനസിന്റെ നന്മയെയും മലിനീകരിക്കുകയാണ് ഇവയൊക്കെ ചെയ്യുന്നത്. തിരക്കിലും സമ്മർദ്ദങ്ങളിലും പെട്ട് ആളുകൾ ശ്വസിക്കാനാകാതെ പിടയുമ്പോൾ മനോഹരമായ പച്ചപ്പ് തങ്ങൾക്കു മുൻപിൽ ഉണ്ടെങ്കിലും അത് കണ്ടെത്തുവാനുള്ള സൗമനസ്യം പോലും നഷ്ടപ്പെട്ടു പോകുകയാണ്. ഈ ഹരിത ഇടങ്ങൾ കണ്ടെത്തുന്നതിനായുള്ള ചില മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. നന്നായി ഉറങ്ങാം

ഉണർവ്വും ഉറക്കവും നമ്മുടെ ജീവിതത്തിന്റെ സ്ഥിരത കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന ആവശ്യം ഘടകങ്ങളിൽ ഒന്നാമതാണ്. രാത്രിയിലെ ശരിയായ ഉറക്കം പകൽ സമയത്തെ നമ്മുടെ ഉത്പാദന ക്ഷമതയ്ക്കും വ്യക്തതയ്ക്കും വഴിതെളിക്കുന്നു. പകൽ സമയത്തെ അധ്വാനത്തിന് ശേഷം രാത്രിയിൽ ഉറങ്ങുമ്പോൾ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ അടുത്ത ദിവസത്തിലേക്ക് ആവശ്യമായ ആരോഗ്യവും ഉന്മേഷവും ഉണ്ടാകുവാനും ഉറക്കം അത്യാവശ്യമാണ്.

ഓരോ രാത്രിയിലും നമുക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് കണക്ക്. അത് ഉറപ്പാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വം കൂടിയാണ്. പകൽ സമയത്തിലെ ഉത്തരവാദിത്വങ്ങൾ രാത്രികളിലേക്ക് വലിച്ചു നീട്ടാതിരിക്കുക. സമൂഹ മാധ്യമങ്ങളും മൊബൈൽ ഫോണിന്റെ ഉപയോഗവുമെല്ലാം മാറ്റിവെച്ചുകൊണ്ട് രാത്രി ഉറങ്ങാനുള്ളതാണെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കുക.

2. ഇടവേളകൾ ആനന്ദപ്രദമാക്കാം  

പകലിലെ തിരക്കുകൾക്കിടയിലും വീണുകിട്ടുന്ന സമയങ്ങളെ വിനോദങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കണം. സംഗീതം കേൾക്കുന്നത്, പ്രഭാതത്തിലോ സായാഹ്നത്തിലോ നഗ്ന പാദനായി പ്രകൃതിയോട് ചേർന്ന് നടക്കുന്നത്, പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നത്, കണ്ണുകളടച്ച് സ്രഷ്ടാവിനെ ഓർമ്മിക്കുന്നത് എല്ലാം നമ്മിലെ ഹരിത ഇടങ്ങളെ കൂടുതൽ പച്ചപ്പുള്ളതാകുവാൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ്. എല്ലാത്തിനെയും സന്തോഷത്തോടെയും പോസിറ്റീവ് ആയ മനോഭാവത്തോടെയും സ്വീകരിക്കുക. അപ്പോൾ തന്നെ ജീവിതത്തിൽ സൗന്ദര്യം വിരിയും.

3. സൗഹൃദങ്ങളെ തേച്ചു മിനുക്കാം

ഒരു യഥാർത്ഥ സുഹൃത്തിന്റെ കൂടെ ചിലവഴിക്കുന്നതിന്റെയത്ര വിലമതിക്കുന്ന സമയം വേറെയില്ല. സൗഹൃദങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കിത്തീർക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ തിരക്കിനിടയിലും സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ജീവിതത്തിന്റെ ആവശ്യമായി കണക്കാക്കേണ്ടതാണ്. തിടുക്കമോ തിരക്കോ ഇല്ലാതെ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുക. നമ്മെ സന്തോഷിപ്പിക്കുന്ന ഓർമ്മകൾ പങ്കുവെക്കുക. വിഷമങ്ങൾ പങ്കുവെക്കുന്നതിലൂടെ കേൾക്കുവാനും മനസ്സിലാക്കുവാനും കൂടെ ആളുണ്ടെന്ന് മനസിലാക്കുക. അതുവഴി സങ്കടങ്ങളെ അതിന്റെ വഴിക്ക് വിട്ടുകളയുകയും ചെയ്യുക.

കുടുംബാംഗങ്ങൾ തമ്മിലും അയൽക്കാരുമായും സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും അത് പുതുക്കുകയും ചെയ്തുകൊണ്ടിരിക്കുക. ഓർക്കുക, സൗഹൃദങ്ങൾ നമ്മുടെ ജീവിതം കുറച്ചുകൂടി സുഗമമാക്കുകയാണ് ചെയ്യുന്നത്.

4. പ്രാർത്ഥിക്കാം

നമ്മുടെ ഹൃദയത്തിലെ പച്ചപ്പ് കാത്ത് സൂക്ഷിക്കുന്നതിനായി പ്രാർത്ഥന നമ്മെ സഹായിക്കുന്നു. ആത്മാവിന്റെ ഏറ്റവും വലിയ ആശ്വാസമാണ് പ്രാർത്ഥന. കാരണം ജീവിതത്തിലെ എല്ലാ വിഷമതകളിലും വേദനകളിലും നമ്മെ ശക്തിപ്പെടുത്തുന്ന ഏറ്റവും വലിയ  സ്രോതസ്സാണത്. കലങ്ങി മറിഞ്ഞ ജലാശയം വിശ്രാന്തിയിൽ തെളിയുന്നതുപോലെ പ്രാർത്ഥനയുടെ മൗനത്തിൽ മനസ്സാകുന്ന ജലാശയവും കുളിർമ്മ നൽകുന്ന ‌ തെളിനീരുറവയാകുന്നു. അതിനാൽ തന്നെ, എല്ലാ ദിവസവും വിശുദ്ധ ബൈബിൾ വായിച്ചുകൊണ്ട് വചനത്തെ ധ്യാനിക്കുക. അപ്പോൾ വിഷമതകളുടെയും പ്രശ്നങ്ങളുടെയും മലിനമായ നിശ്വാസങ്ങൾ നമ്മുടെ ഉള്ളിൽ നിന്നും നാമറിയാതെ തന്നെ പുറത്തേക്ക് പൊയ്മറയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.