കുട്ടികളെ എങ്ങനെ വളര്‍ത്തണം – മാതൃകയാക്കാം പരിശുദ്ധ അമ്മയെ 

ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞു കൊണ്ട് ഈശോയ്ക്കു ലോകത്തിലേയ്ക്ക് കടന്നു വരുവാന്‍ അവസരം ഒരുക്കുകയും ദൈവപുത്രനെ വളര്‍ത്തുകയും ചെയ്ത വ്യക്തിയാണ് പരിശുദ്ധ കന്യകാ മറിയം. ദൈവഹിതത്തിനു മുന്‍പില്‍ വിനീതമായി നിന്നുകൊണ്ട് ലോകത്തിലെ സകല സ്ത്രീകളെക്കാളും മഹത്വീകൃതയായ മറിയത്തിന്റെ സ്മരണയും ഈ ആഗമന കാലത്തില്‍ പുതുക്കുന്നു.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഉദാത്തമായ മാതൃത്വമായിരുന്നു മറിയത്തിന്റേത്. കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും, അവരെ എങ്ങനെ ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായി വളര്‍ത്തും എന്ന് ആലോചിച്ച് വിഷമിക്കുന്നവര്‍ക്ക് മാതാവിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. മാതാവിന്റെ ജീവിതത്തില്‍ നിന്ന്  അമ്മമാര്‍ക്ക് മാതൃകയാക്കാവുന്ന ഏതാനും ചില ഗുണങ്ങള്‍ ഇതാ:

1 . തുറന്ന ഹൃദയം 

കുഞ്ഞുങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന മനസ്ഥിതി ഉള്ളവരാകുക. സാധാരണ ഗതിയില്‍ കുട്ടികള്‍ എന്തെങ്കിലും പറയുമ്പോള്‍ അവരെ പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അവരെ ക്ഷമയോടെ  കേള്‍ക്കുവാന്‍ ശ്രമിക്കുക. മാതാവിന്റെ ജീവിതത്തില്‍ ഈശോയെ കേള്‍ക്കുവാനും വികാരങ്ങളെ നിയന്ത്രിച്ച് ഈശോയ്‌ക്കൊപ്പം ആയിരിക്കുവാനും ശ്രമിക്കുന്നതായി കാണാന്‍ കഴിയും. ഇന്നത്തെ അമ്മമാര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഒരു ഗുണമാണ് ഇത്.

2 . ദൈവമാണ് ഈ കുഞ്ഞിനെ തന്നത് എന്ന് ഓര്‍ക്കുക

ഈ ചിന്ത വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാതാവ് ഉണ്ണിയീശോയെ തന്റെ മകന്‍ എന്നതിലുപരി ദൈവപുത്രനായി തന്നെ വളര്‍ത്തുകയായിരുന്നു.  പ്രയാസങ്ങളുടെ നിമിഷങ്ങളിലും പ്രതിസന്ധികളിലും മറിയം ഒരിക്കല്‍ പോലും ദൈവത്തെ പഴിക്കുകയോ ഉദരത്തിലെ കുഞ്ഞ് ഒരു പ്രശ്‌നമാണെന്ന് പറയുകയോ ചിന്തിക്കുകയോ ചെയ്തില്ല. ഈ കുഞ്ഞ് എന്ത് കുറവുകള്‍ ഉണ്ടെങ്കിലും അത് ദൈവം തനിക്കു തന്ന സമ്മാനമാണ് എന്ന് വിശ്വസിക്കുന്ന നിമിഷം മുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലെ പ്രതിസന്ധികള്‍ ഇല്ലാതാകും.

3 . കുഞ്ഞുങ്ങളുടെ വേദനകളെ ഒരു അനുഗ്രഹമായി കരുതുക

ചില മാതാപിതാക്കളെ അവരുടെ കുഞ്ഞുങ്ങളുടെ രോഗം വല്ലാതെ അലട്ടുന്നുണ്ടാവും. അങ്ങനെ ഉള്ളവര്‍ ആ വേദന ഒരു അനുഗ്രഹമായി കരുതുക. മറിയം തന്റെ പുത്രനെ അവന്റെ വഴിയില്‍ നിന്ന് മാറ്റുവാന്‍ ശ്രമിച്ചില്ല. എല്ലാ സഹനങ്ങളിലും തന്റെ പുത്രന് ഒപ്പം ആയിരുന്നു കൊണ്ട് ആ അമ്മ സഹിക്കുകയായിരുന്നു.

4 . പൂര്‍ണ്ണമായും വിട്ടുകൊടുക്കുക

ഞാന്‍ ഇങ്ങനെയാണ്, എന്റെ മക്കളും ഇങ്ങനെയാകണം എന്ന് ഒരിക്കലും നിര്‍ബന്ധം പിടിക്കരുത്. പൂര്‍ണ്ണമായും വിട്ടുകൊടുക്കുക. ഈശോയ്ക്കു മാതാവ് പൂര്‍ണ്ണമായും സമര്‍പ്പിച്ചു. മകനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഒരിക്കലും അതില്‍ പരിഭാവിക്കുകയോ പരാതി പറയുകയോ ചെയ്തില്ല. അതുപോലെ  നിങ്ങളും നിങ്ങളുടെ ജീവിതം കുഞ്ഞുങ്ങള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ മക്കളുടെ ജീവിതത്തിലും നിങ്ങളിലും അത്ഭുതങ്ങള്‍ സംഭവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.