പ്രാര്‍ത്ഥനയിലെ മരവിപ്പ് നീങ്ങാന്‍ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് നിര്‍ദ്ദേശിക്കുന്ന 4 മാര്‍ഗ്ഗങ്ങള്‍ 

    പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ല, പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കിട്ടുന്നില്ല തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്താണ് കാരണം എന്നത് പലപ്പോഴും ഇത്തരക്കാര്‍ക്ക് കണ്ടെത്തുവാനും കഴിയുന്നില്ല . ഒരു തരം മരവിപ്പ്, പ്രാര്‍ത്ഥിക്കാന്‍ മടി. അത്ര തന്നെ.

    ഇത്തരം അവസ്ഥകള്‍ എല്ലാവരുടെയും ആത്മീയ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. പ്രാര്‍ത്ഥനാ ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ മറികടക്കുവാന്‍ ധാരാളം നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയ വ്യക്തിയാണ് വിശുദ്ധ ഫ്രാന്‍സിസ് ഡി സലാസ്. അദ്ദേഹം നിര്‍ദ്ദേശിക്കുന്ന നാല് മാര്‍ഗ്ഗങ്ങള്‍ ഇതാ:

    1. എനിക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ല എന്ന് ദൈവത്തോട് പറയാം 

    ദൈവമേ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടം ദൈവത്തോട് തന്നെ തുറന്നു പറയാം. പ്രാര്‍ത്ഥിക്കുമ്പോള്‍ അത് പറഞ്ഞു പ്രാര്‍ത്ഥിക്കാം. തുറന്നു പറയുമ്പോള്‍ കൂടുതല്‍ ആശ്വാസം ലഭിക്കുകയും കുറച്ചു കൂടെ ഊര്‍ജ്ജസ്വലത മനസിന് അനുഭവപ്പെടുകയും ചെയ്യും. അത് ആത്മീയമായ മന്ദതയെ അതിജീവിക്കുവാന്‍ നമ്മെ സഹായിക്കും.

    2. ആത്മീയ പുസ്തകങ്ങള്‍ വായിക്കാം

    പ്രാര്‍ത്ഥനയില്‍ മടുപ്പ് അനുഭവപ്പെടുന്ന സമയങ്ങളില്‍ ആത്മീയമായ പുസ്തകങ്ങള്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. വിശുദ്ധരുടെ ജീവചരിത്രങ്ങള്‍, ആത്മീയമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകങ്ങള്‍ തുടങ്ങിയവ വായിക്കാം. വിശുദ്ധ ഗ്രന്ഥ വായനയും പതിവാക്കുന്നത് ആത്മീയ ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും. പ്രാര്‍ത്ഥനയില്‍ ഉള്ള മരവിപ്പ് വിശുദ്ധരുടെ ജീവിതത്തിലും കാണാന്‍ കഴിയും അതിനെ അവര്‍ അതിജീവിച്ച മാര്‍ഗ്ഗങ്ങള്‍ നമുക്കും അനുകരിക്കാം.

    3. പ്രാര്‍ത്ഥനയില്‍ സഹായകമാകുന്ന ശരീരഭാഷ സ്വീകരിക്കാം

    പ്രാര്‍ത്ഥിക്കാന്‍ ഇരിക്കുമ്പോള്‍ ആത്മീയമായ ഉണര്‍വ് നല്‍കുന്ന, പ്രാര്‍ത്ഥനാനുഭവത്തിലേയ്ക്ക് നയിക്കുന്ന ഒരു രീതി സ്വീകരിക്കാം. ചിലര്‍ക്ക് ക്രിസ്തീയമായ പാട്ടുകള്‍ കേള്‍ക്കുന്നത് പ്രാര്‍ത്ഥനയുടെ അനുഭവത്തിലേയ്ക്ക് വരുവാന്‍ സഹായിക്കും. മറ്റു ചിലപ്പോള്‍ ധ്യാനിക്കുന്ന രീതിയില്‍ കൈകള്‍ മുട്ടിനു മുകളില്‍ വച്ചു നടു നിവര്‍ത്തി നേരെ ഇരിക്കുകയോ കരങ്ങള്‍ നെഞ്ചോടു ചേര്‍ത്തു വയ്ക്കുകയോ ചെയ്യാം. ക്രിസ്തു രൂപത്തെ നോക്കി ഇരുന്നും പ്രാര്‍ത്ഥനയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാം.

    4. പ്രാര്‍ത്ഥനയില്‍ തുടരാം, വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാം

    പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ല എന്ന് കരുതി പ്രാര്‍ത്ഥിക്കാതെ ഇരിക്കരുത്. ഇതു താല്‍ക്കാലികമാണെന്നും എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകാറുള്ളതാണെന്നും മനസിലാക്കുക. ഈ അവസ്ഥയെ അതിജീവിക്കുവാനും പ്രാര്‍ത്ഥനയുടെ ജീവിതത്തിലേയ്ക്ക് കൂടുതലായി തിരിച്ചു വരുവാനും തീവ്രമായി ആഗ്രഹിക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ഇഷ്ടമുള്ള ഈശോയുടെ ഒരു ചിത്രം മുന്‍പില്‍ കൊണ്ടുവരാം. ആ ഈശോയോടു സംസാരിക്കാം. കൂടാതെ കുമ്പസാരിക്കുവാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും ശ്രമിക്കാം. നല്ലൊരു കുമ്പസാരം നടത്തുന്നത് നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.