ജീവിതത്തിലെ 30 വർഷങ്ങൾ പാപവഴികളിൽ; പിന്നീട് മാനസാന്തരപ്പെട്ട് വിശുദ്ധയായി

2013-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു വ്യക്തിയുണ്ട് – വി. ആഞ്ചല. തന്റെ ജീവിതത്തിലെ 30 വർഷങ്ങൾ പാപവഴികളിൽ സഞ്ചരിച്ചെങ്കിലും പിന്നീട് മാനസാന്തരപ്പെട്ടു. വി. ആഞ്ചലയുടെ മാനസാന്തര കഥ വായിച്ചറിയാം…

1248-ൽ ഇറ്റലിയിലെ അസീസിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) അകലെയുള്ള ഫൊളീഞ്ഞോയിൽ ഒരു സമ്പന്ന കുടുംബത്തിലാണ് ആഞ്ചലയുടെ ജനനം. അവൾ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. മുപ്പതു വയസു വരെ എല്ലാവിധ പാപവഴികളിലും വ്യഭിചാരത്തിലും ചരിച്ച് മാരകപാപത്തിനു വരെ അടിമയായി ജീവിച്ചു. പിന്നീട് ആഞ്ചല തന്നെ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്.

തന്റെ മുപ്പതാമത്തെ വയസിൽ അവൾക്ക് ധാർമ്മികമായ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നു. അവൾ ചെയ്ത ഗൗരവമായ ഒരു പാപത്തിന്റെ ഫലമായി മനഃസാക്ഷി കുറ്റപ്പെടുത്തിത്തുടങ്ങി. അവൾ നരകത്തെ ഭയപ്പെട്ടു. 60 വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞ അസീസിയിലെ വി. ഫ്രാൻസിസിന്റെ മാദ്ധ്യസ്ഥതയിലൂടെ അവൾ പ്രാർത്ഥിച്ചു. അദ്ദേഹം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവളെ സഹായിക്കാമെന്ന് ഉറപ്പ് നൽകി. താമസിയാതെ, ഒരു ഫ്രാൻസിസ്കൻ സന്യാസിയും പുരോഹിതനുമായ ഒരു ബന്ധുവിനെ ആഞ്ചല കണ്ടുമുട്ടി. അദ്ദേഹത്തിന്റെ അടുക്കൽ അവൾ വലിയ മനസ്താപത്തോടെ കുമ്പസാരിച്ചു. തന്റെ പാപങ്ങളെയോർത്ത് അവൾ പ്രാശ്ചിത്തം ചെയ്തു.

തുടർന്ന് ഫ്രാൻസിസ്കൻ ആത്മീയതയായ ദാരിദ്ര്യത്തിന്റെ ശൈലി അവൾ തന്റെ ജീവിതത്തിൽ സ്വീകരിച്ചു. റോമിലേക്ക് ഒരു തീർത്ഥാടനം നടത്തിയ ശേഷം ആഞ്ചല തന്റെ കൈവശമുള്ളതിൽ ഭൂരിഭാഗവും ദരിദ്രർക്കു നൽകി. പിന്നീട് അസീസിയിലേക്കും തീർത്ഥാടനം നടത്തി. അവിടെ വച്ച് നിരവധി ദർശനങ്ങൾ അവൾക്ക് ലഭിച്ചു. ക്രമേണ, അവളുടെ ആത്മീയജീവിതം കൂടുതൽ ആഴത്തിലുള്ളതായി. അവൾ അഗാധമായ പ്രാർത്ഥനയുടെ ഒരു സ്ത്രീയായി മാറി. നിരവധി ദർശനങ്ങൾ അവൾക്ക് വെളിപ്പെടുത്തിക്കിട്ടി.

1309 ജനുവരി നാലിനാണ് ആഞ്ചല മരിച്ചത്. 1701 ജൂലൈ 11-ന് ക്ലെമന്റ് പതിനൊന്നാമൻ മാർപാപ്പ അവളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. 2013 ഒക്ടോബർ ഒൻപതിന് ഫ്രാൻസിസ് മാർപാപ്പ ആഞ്ചലയെ ഒരു വിശുദ്ധയായി പ്രഖ്യാപിച്ചു.

അമേരിക്കയിൽ വി. ആഞ്ചലയുടെ തിരുനാൾ ദിനം ജനുവരി നാലിനാണ്. ഈ വിശുദ്ധയുടെ ശവകുടീരത്തിൽ നിരവധി അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി രചനകളും ദർശനങ്ങളും ലഭിച്ചിട്ടുള്ള ഈ വിശുദ്ധ ‘ദൈവശാസ്ത്രജ്ഞരുടെ ഗുരു’ എന്നാണ് അറിയപ്പെടുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.