ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം കൂദാശ ചെയ്തിട്ട് (സെപ്റ്റംബർ 10) മുപ്പതു വർഷം

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യൂറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിന്‍ അമേരിക്കയിലോ അല്ല. അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്. ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ആ ബഹുമതിക്ക് അർഹർ.

ഐവറി കോസ്റ്റിന്റെ തലസ്ഥാന നഗരിയായ യാമോസോക്രോയിൽ (Yamoussoukro) സ്ഥിതി ചെയ്യുന്ന സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ബസിലിക്കയാണ് (Basilica of Our Lady of Peace) ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലയം. എകദേശം രണ്ടരക്കോടി ജനങ്ങുള്ള ഈ രാജ്യത്തിൽ മൂന്നിലൊരു ഭാഗം ജനങ്ങൾ ക്രിസ്തുമത വിശ്വാസികളാണ്. അവരിൽ ഭൂരിഭാഗം പേരും കത്തോലിക്കരാണ്.

1985 ആഗസ്റ്റ് പത്തിനാണ് ദൈവാലയത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. 1990 സെപ്റ്റംബർ മാസം പത്താം തീയതി ഐവറി കോസ്റ്റ് സന്ദർശനവേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പയാണ് ഈ ദൈവാലയം കൂദാശ ചെയ്തത്. വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയാണ് ഈ ദൈവാലയ നിർമ്മതിയ്ക്കുള്ള പ്രേരണ. 300 മില്യൺ അമേരിക്കൻ ഡോളറാണ് ദൈവാലയ നിർമ്മാണ ചെലവ്.

ഫ്രാൻസിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ദൂമെസ് (Dumez) ആണ് ദൈവാലയം നിർമ്മിച്ചത്. പിയറി ഫഖൗറി എന്ന ആര്‍ക്കിട്ടെക്റ്റ്, റോമിലെ വി. പത്രോസിൻ്റെ ബസിലിക്കയെ അധിഷ്ഠിതമാക്കിയാണ് ഈ ബസിലിക്കയുടെ രൂപകൽപ്പന നിർവ്വഹിച്ചത്. മൈക്കലാഞ്ചലോ, വത്തിക്കാന്റെ താഴികക്കുടം 41 മീറ്റർ വ്യാസം ഇഷ്ടികകളാൽ നിർമ്മിച്ചെങ്കിൽ പിയറിൻ്റെ കോൺക്രീറ്റ് താഴികക്കുടത്തിന് 90 മീറ്റർ വ്യാസമുണ്ട്. മുപ്പതിനായിരം സ്ക്വയർ മീറ്റർ ചുറ്റളവിലാണ് ദൈവാലയം സ്ഥിതി ചെയ്യുന്നത്. ഇരുപത്തിയോരായിരം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയാണ് വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 518 അടി (158 മീറ്റർ) ഉയരമുള്ള മാതാവിന്റെ ഈ ബസിലിക്കാ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കത്തോലിക്കാ ദൈവാലയവും.

വിസ്തൃതിയിൽ വി. പത്രോസിന്റെ ബസിലിക്കായെ പിന്നിലാക്കുമെങ്കിലും പതിനെണ്ണായിരം ആളുകളെ മാത്രമേ ഈ ദൈവാലയം ഉൾകൊള്ളുകയുള്ളൂ. വി. പത്രോസിന്റെ ദൈവാലയം അറുപതിനായിരം വിശ്വാസികളെ ഉൾക്കൊള്ളും.

1960 മുതൽ 1993 വരെ ഐവറി കോസ്റ്റ് പ്രസിഡന്റായിരുന്ന ഫെലിക്സ് ഹാഫൗവറ്റ്‌ ബണി (Félix Houphouët-Boigny) ആണ് ഈ ദൈവാലയ നിർമ്മതിക്ക് ചുക്കാൻ പിടിച്ചത്. തന്റെ ജന്മനാടായ യാമോസോക്രോയിൽ ഒരു വലിയ ദൈവാലയം പണിയുക എന്നത് ഫെലിക്സിന്റെ ജീവിതാഭിലാഷമായിരുന്നു.
ദരിദ്രരാജ്യത്ത് ആഢംബരപള്ളി നിർമ്മിച്ചതിൽ ഫെലിക്‌സ് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി. ബസിലിക്കാ നിർമാമ്മാണം രാജ്യത്തിന്റെ കടക്കെണി ഇരട്ടിപ്പിച്ചു. വലിയ ആത്യാഡംബരപൂർവ്വം പണിത ഈ ദൈവാലയം കൂദാശ ചെയ്യാൻ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. ബസിലിക്കയോടു ചേർന്ന് ഒരു പുതിയ ആശുപത്രി പണിയാമെന്ന് ഭരണകുടം ഉറപ്പുനൽകിയ ശേഷമാണ് പാപ്പാ ദൈവാലയം വെഞ്ചരിച്ചത്. ഇത്ര വലിയ ദൈവാലയമാണങ്കിലും ഈ ബസലിക്കാ ഒരു കത്തീഡ്രൽ പള്ളിയല്ല. വി. ആഗസ്തിനോസിന്റെ നാമത്തിലുള്ള ദൈവാലയമാണ് യാമോസോക്രോ രൂപതയുടെ കത്തീഡ്രൽ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.