പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടപെട്ട വേദനയിലാണോ? ഈ മൂന്ന് കാര്യങ്ങൾ ചെയ്തുനോക്കൂ

പ്രിയപ്പെട്ടവരുടെ മരണം എന്നത് സാധാരണക്കാരെ കൊണ്ട് ഉൾക്കൊള്ളാനോ സഹിക്കാനോ ആവുന്നതല്ല. വേർപാടിന്റെ വേദന മറക്കാൻ പലരും പല കാര്യങ്ങളാവും ചെയ്യുക. ചിലർ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കും, ചിലർ ഭക്ഷണവും മറ്റും ഉപേക്ഷിക്കും, ചിലർ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടും, ചിലർ ഒറ്റയ്ക്ക് യാത്രകൾ നടത്തും. ഇതൊക്കെ ചെയ്താൽ പോലും ദുഃഖം വിട്ടുമാറാത്തവരുമുണ്ട്. എന്നാൽ ക്രൈസ്തവ വിശ്വാസിയായ ഒരു വ്യക്തി തന്റെ പ്രിയപ്പെട്ടവരുടെ വേർപാടിനെ നേരിടേണ്ടത് മറ്റൊരു രീതിയിലാണ്.

ചിരിക്കുന്നത് തെറ്റല്ല 

പ്രിയപ്പെട്ടവരെ ഓർത്ത് വിലപിക്കുന്നത് സ്വാഭാവികം. എന്നാൽപ്പോലും ഉറ്റവരുടെ വേർപാട് നിലനില്‍ക്കുമ്പോഴും പുഞ്ചിരിക്കാൻ ശ്രമിക്കുന്നതും സന്തോഷിക്കാൻ ശ്രമിക്കുന്നതും തെറ്റല്ല എന്ന് ആദ്യം മനസിലാക്കണം. മരിച്ചവരോടുള്ള അവഹേളനമല്ല അത്തരത്തിൽ സന്തോഷം വീണ്ടെടുക്കാൻ ശ്രമിക്കുന്നതെന്നും മനസിലാക്കി അതിനുവേണ്ടി പരിശ്രമിക്കാം.

സഹായം ചോദിക്കുന്നത് തെറ്റല്ല 

നിങ്ങൾ കടന്നുപോകുന്ന അവസ്ഥ ഏതാണെന്ന് പുറമെ നിന്ന് നോക്കുന്നവർക്ക് യഥാര്‍ത്ഥത്തിൽ മനസിലാവണമെന്നില്ല. അതുകൊണ്ട് ഈ അവസ്ഥയെ കടന്നുപോകാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്നവരെന്ന് തോന്നുന്നവരോട് നിങ്ങളുടെ അവസ്ഥയെക്കുറിച്ചും നിങ്ങൾക്ക് ആവശ്യമായ സഹായം ചോദിക്കുന്നതിൽ മടി കാണിക്കേണ്ടതില്ല. അത് അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ഒരു കൗൺസിലറോടോ നിങ്ങൾക്ക്  ആശ്വാസം തോന്നുന്ന ആരോടും മനസ് തുറന്ന് സംസാരിക്കാം.

ആവശ്യത്തിന് സമയമെടുക്കാം 

ഓരോരുത്തരുടെയും വിലാപകാലം ഓരോ അളവിലായിരിക്കും. ചിലർക്ക് വളരെ പെട്ടെന്നു തന്നെ സങ്കടത്തെ മറികടക്കാനാവും. എന്നാൽ മറ്റുചിലര്‍ക്ക് നീണ്ടകാലം വേണ്ടിവരും വേർപാടിന്റെ വേദന മറികടക്കാൻ. എന്നാൽ എത്ര കാലമെടുത്താലും അതൊരു കുറവായി കണക്കാക്കാതെ ആവശ്യത്തിന് സമയമെടുത്ത് വേണം വേദനയെ മറികടക്കാൻ.

ഇത്തരത്തിൽ പ്രായോഗികമായ ചില മാർഗ്ഗങ്ങളിലൂടെ ശാന്തമായി തന്നെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ വേദന മറികടക്കാനാവും.