വി. ജോൺപോൾ രണ്ടാമൻ പാപ്പയെ മഹാനാക്കുന്ന 3 കാരണങ്ങൾ

ഫാ. ജെയ്സൺ കുന്നേൽ

ജയ്സൺ കുന്നേൽ

ജോൺപോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം വൈദീകരും മെത്രാന്മാരും അടുത്ത മാർപാപ്പ പോലും അദ്ദേഹത്തെ മഹാനായ ജോൺപോൾ പാപ്പ “John Paul the Great” എന്ന് അഭിസംബോധന ചെയ്തിതിരുന്നു. ഒരു വിശുദ്ധനെ, മഹാൻ എന്നു വിളിക്കുന്നതിന് എഴുതപ്പെട്ട പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ലങ്കിലും ജോൺപോൾ പാപ്പാ സ്വയാത്തമാക്കിയിരുന്ന മൂന്നു പുണ്യങ്ങൾ യേശുക്രിസ്തുവിനെ അസാധാരണ രീതിയിൽ അനുകരിക്കാൻ അദ്ദേഹത്തിനു കരുത്തു നൽകി. ഒറ്റനോട്ടത്തിൽ ഈ മൂന്നു പുണ്യങ്ങൾക്കും ലോകത്തിന്റെ ദൃഷ്ടിയിൽ മഹാനാകാനുള്ള ഒരു യോഗ്യതയുമില്ല.

ഫ്രാൻസീസ് പാപ്പ ഈ അടുത്ത കാലത്ത് ഒരു വചനസന്ദേശത്തിൽ പറഞ്ഞു: “നല്ല ദൈവത്തിന്റെ ശൈലി ഒരു അത്ഭുതദൃശ്യം സൃഷ്ടിക്കലല്ല: ദൈവം എളിമയിൽ, നിശബ്ദതയിൽ, ചെറിയ കാര്യങ്ങളിൽ  പ്രവർത്തിക്കുന്നു.”

ജോൺപോൾ രണ്ടാമൻ ക്രിസ്തുവിനെപ്പോലെ, ജനക്കൂട്ടത്തോടു സംസാരിക്കുമ്പോൾ എപ്പോഴും എളിമയോടും ലാളിത്യത്തോടും കൂടെ പെരുമാറിയിരുന്നു. 1976-ൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിന് രണ്ടു വർഷം മുമ്പ് അമേരിക്കയിലെ വിസ്കോൻസിൻ എന്ന സംസ്ഥാനത്തെ പോളിഷ് ജനത താമസിക്കുന്ന ഒരു ഇടവക സന്ദർശിച്ചു. അവരിൽ ഭൂരിഭാഗവും കർഷകരായിരുന്നു. ആ സംഭവം ഓർമ്മിച്ചെടുത്തുകൊണ്ട് അന്നത്തെ വികാരിയച്ചൻ പറയുന്നത് ഇപ്രകാരമാണ്: “കാർഡിനൻ വോയിറ്റിലയുടെ ഏറ്റവും വ്യതിരക്തമായ സ്വഭാവസവിശേഷത അദ്ദേഹത്തിന്റെ ലാളിത്യവും എളിമയുമാണ് – യഥാർത്ഥമായ എളിമ. അതാണ് അവനിലേയ്ക്ക് എല്ലാവരെയും അടുപ്പിക്കുന്നത്.”

ലാ ക്രോച്ചേ രൂപതയിലെ അന്നത്തെ മെത്രാൻ, ബിഷപ് ഫെക്കിംഗ്, കരോളിൽ മൂന്ന് സ്വഭാവസവിശേഷതകൾ കണ്ടെത്തി. “കരോൾ ആദ്യമേ തന്നെ ഒരു വിശുദ്ധനാണ്, ലാളിത്യമുള്ളവനാണ്, പുഞ്ചിരിക്കുന്ന എളിമയുള്ള വ്യക്തിയാണ്.”

വി. ജോൺപോൾ രണ്ടാമൻ പാപ്പയെ മഹാനാക്കിയ മൂന്നു പുണ്യങ്ങളിലേയ്ക്കും ഉദാഹരണങ്ങളിലേയ്ക്കും നമുക്ക് ഒന്നു സഞ്ചരിക്കാം.

1. എളിമ

ആദ്യമായിത്തന്നെ ഉയർന്ന എളിമ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ജോൺപോൾ രണ്ടാമൻ. ജീവിതത്തിലുടനീളം അധികാരം കൊണ്ടല്ല അദ്ദേഹം മറ്റുള്ളവരെ നയിച്ചത്. മറിച്ച്, ഒരു വിനീതശുശ്രൂഷകന്റെ ഹൃദയത്തോടെയാണ്. വൈദീകജീവിതത്തിന്റെ ആരംഭത്തിൽ തന്നെ ഏതു ശുശ്രൂഷാമേഖലയിൽ ആദ്യം ചെന്നാലും വി. ജോൺ മരിയ വിയാനിയെപ്പോലെ അവിടുത്തെ നിലം കരോളച്ചൻ ചുംബിക്കുമായിരുന്നു. ഈ വിനീതപ്രവർത്തി മാർപാപ്പ ആയപ്പോഴും ജോൺപോൾ രണ്ടാമൻ പാപ്പാ തുടർന്നു. ശുശ്രൂഷിക്കുന്ന നേതാവാകാനാണ് കരോൾ എന്നും ആഗ്രഹിച്ചിരുന്നത്.

2. ലാളിത്യം 

രണ്ടാമതായി, ജോൺപോൾ രണ്ടാമൻ ലാളിത്യം സൂക്ഷിച്ച വ്യക്തിയായിരുന്നു. പോളണ്ടിലെ അജപാലനശുശ്രൂഷയിൽ, ഒരു വൈദികൻ എന്ന നിലയിൽ എല്ലാ രാജകീയ ആനുകൂല്യങ്ങളും പദവികളും ഉണ്ടായിരുന്നെങ്കിലും തന്റെ അജഗണത്തോടൊപ്പമായിരിക്കാനും അവരുടെയൊപ്പം യാത്ര ചെയ്യാനും ഇഷ്ടപ്പെട്ട ഒരു നല്ല ഇടയനായിരുന്നു കരോളച്ചൻ.

പോളണ്ടിലെ ഒരു  അതിശൈത്യകാലം ഇടവക വികാരിയായ കരോളച്ചനു അതിതണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന കമ്പിളി വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇടവകയിലെ സിസ്റ്റേഴ്സ് അദ്ദേഹത്തിനു ഒരു കമ്പളിവസ്ത്രം തുന്നി നൽകി. രണ്ടാഴ്ച അദ്ദേഹം അത് ഉപയോഗിച്ചു. പിന്നീട് തണുത്തുവിറച്ചു വന്ന ഒരു ദരിദ്രന് കരോളച്ചൻ അതു സന്തോഷപൂർവ്വം സമ്മാനിച്ചു.

ലുബ്ലിൻ സർവ്വകലാശാലയിൽ അധ്യാപകനായിരുന്ന കാലത്ത് ശമ്പളം സ്വീകരിക്കാതെ, കരോളച്ചൻ ട്യൂഷൻ ഫീസ് നൽകാൻ ക്ലേശിച്ചിരുന്ന വിദ്യാർത്ഥികൾക്ക് അവ വീതിച്ചുനൽകിയിരുന്നു. ചിലപ്പോഴൊക്കെ കരോളച്ചന്റെ ലാളിത്യം മൂലം സഹപ്രവർത്തകർ നിരാശപ്പെട്ടിരുന്നു. സഹായം തേടിവരുന്ന അഭയാർത്ഥികൾക്ക് പുതിയ സാധനങ്ങൾ നൽകി തന്റെ പഴയതുകൊണ്ടു വീണ്ടും അദ്ദേഹം സംതൃപ്തിയടഞ്ഞിരുന്നു. തുന്നിയ ഷൂസുകൾ പലപ്പോഴും കരോളച്ചന്റെ കാലിലെ അലങ്കാരമായി മാറി.

3. വിശുദ്ധി 

അസാധാരണമായ വിശുദ്ധി ജീവിതത്തിലുടനീളം ജോൺപോൾ രണ്ടാമന്റെ ജീവിതത്തിലുണ്ടായിരുന്നു. സ്വകാര്യചാപ്പലിൽ അൾത്താരയ്ക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകിടക്കുന്ന മാർപാപ്പ ലോകത്തിന്റെ ധാർമ്മിക സ്വരമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ദിവസവും ജപമാലയും കുരിശിന്റെ വഴിയും യാത്രാവസരങ്ങളിലാണങ്കിലും പാപ്പാ ചൊല്ലിയിരുന്നു. വിശുദ്ധ കുർബാനയിലെ ഈശോയോടുള്ള അദമ്യമായ സ്നേഹം ജോൺപോൾ പാപ്പയുടെ ജീവശ്വാസമായിരുന്നു.

രോഗികൾക്കും പ്രായമായവർക്കും എത്രമാത്രം സഹായവും ആത്മീയ ആവശ്യകതയും ഉണ്ടെന്നു തിരിച്ചറിഞ്ഞ കരോൾ മെത്രാൻ, ഏത് ഇടവകയിൽ അജപാലന സന്ദർശനം നടത്തിയാലും അവിടെയുള്ള രോഗികളെ സന്ദർശിക്കുമായിരുന്നു. ഒരിക്കൽ ഒരു നേഴ്സിംഗ് ഹോം സന്ദർശിച്ചപ്പോൾ, അത് ഇരുപത്തിനാലു മണിക്കൂർ നീണ്ടു എന്നത് ചരിത്രസംഭവം. മഠങ്ങൾ സന്ദർശിക്കുമ്പോഴും രോഗികളായ സിസ്റ്ററ്റേഴ്സിനെ സന്ദർശിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും കരോൾ മെത്രാൻ ശ്രദ്ധിച്ചിരുന്നു.

അത്തരമൊരു അവസരത്തിൽ സിസ്റ്റേഴ്സിനോട് പിതാവു പറഞ്ഞു: “ഞാൻ യുവാവും, ബലമുള്ളവനും, വിമാനത്തിൽ പറക്കുന്നവനും, പർവ്വതാരോഹകനുമാണെങ്കിലും ഞാൻ ഇപ്പോഴും ക്ഷീണിതനാകാറുണ്ട്. പക്ഷേ, നിങ്ങളുടെ സഹനത്തിന്റെ സമ്പന്നത എനിക്ക് കൂടുതൽ ശക്തി നൽകുന്നതിലും എന്റെ അതിരൂപതിയിലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുന്നതിലും നിർണ്ണായക സ്വാധീനം ചൊലുത്തുന്നു.”

ഫ്രാൻസീസ് പാപ്പ ഒരിക്കൽ പറഞ്ഞു: “ദൈവം ലാളിത്യത്തിലും എളിമയിലും വെളിപ്പെടുത്തുന്നു.” ജോൺപോൾ രണ്ടാമൻ പാപ്പാ, ദൈൈവത്തിന്റെ ഈ സ്വഭാവസവിശേഷതകളെ ശക്തമായി പ്രകാശിപ്പിക്കുകയും ‘മഹാൻ’ എന്ന പേരിന് അർഹനായിത്തീരുകയും ചെയ്തു. അത്‌ പാപ്പാ, അമിതമായി ആഢംബരപ്രിയനോ, അഹങ്കാരിയോ, ശക്തനോ ആയിരുന്നതുകൊണ്ടല്ല. മറിച്ച്, എളിമയും ലാളിത്യവും വിശുദ്ധിയും അദ്ദേഹത്തിന്റെ ജീവാംശമായതുകൊണ്ടാണ്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.