ക്രിസ്ത്യാനികള്‍ ഉറപ്പായും വീട്ടില്‍ സൂക്ഷിക്കേണ്ട മൂന്നു വിശുദ്ധ വസ്തുക്കള്‍

ക്രിസ്ത്യാനികളുടെ ജീവിതം എപ്പോഴും ഒരു പോരാട്ടത്തിലാണ്. നന്മകളും തിന്മകളും വേര്‍തിരിച്ചറിഞ്ഞ് സാത്താന്റെ ശക്തികളെ തോല്‍പ്പിക്കുന്നതിനുള്ള പോരാട്ടം. ഈ പോരാട്ടത്തില്‍ മനുഷ്യന് സംരക്ഷണം നല്‍കുന്നതിനായി ദൈവം നിരവധി മാര്‍ഗ്ഗങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്.

ചില വിശുദ്ധവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീടിന് സംരക്ഷണവും കുടുംബാംഗങ്ങള്‍ക്ക് ആത്മീയമായ പോരാട്ടത്തില്‍ വിജയിക്കാനുള്ള ശക്തിയും നല്‍കുന്നു. അത്തരത്തില്‍ എല്ലാ ക്രൈസ്തവരുടെയും വീടുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട മൂന്ന്  വസ്തുക്കളെ പരിചയപ്പെടുത്തുകയാണ് ഇവിടെ:

വെഞ്ചരിച്ച വെള്ളം

രണ്ടുതരം അര്‍ത്ഥമാണ് വെഞ്ചരിച്ച വെള്ളത്തിന് ഉള്ളത്. ഒന്ന്, നമ്മള്‍ സ്വീകരിച്ച മാമ്മോദീസായുടെ ഓര്‍മ്മ ഉണര്‍ത്തുന്നു. രണ്ടാമത് ആത്മീയമായ വിശുദ്ധീകരണത്തിന് അത് സഹായിക്കുന്നു. സാത്താനുമേല്‍ വിജയം വരിക്കാനുള്ള വലിയ ശക്തി വെഞ്ചരിച്ച വെള്ളത്തിനുണ്ട്. വീട്ടില്‍ ഇടയ്ക്കിടെ വെഞ്ചരിച്ച വെള്ളം തളിച്ച് പ്രാര്‍ത്ഥിക്കുന്നതും രോഗികളായവര്‍ക്ക് നല്‍കുന്നതും ഗുണം ചെയ്യുമെന്ന് പറയുന്നത് അതുകൊണ്ടാണ്.

ക്രൂശിതരൂപം

ക്രിസ്തുരൂപം ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു അടയാളം മാത്രമല്ല, ആത്മീയശത്രുക്കളെ നിലംപരിശാക്കാനുള്ള ആയുധം കൂടിയാണത്. കുരിശുരൂപം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ അത് വീടുകള്‍ക്ക് ശക്തമായ സംരക്ഷണം നല്‍കുന്നു. സാത്താന്റെ സാന്നിധ്യത്തെ ഇല്ലാതാക്കുവാന്‍ കുരിശുരൂപത്തിനു കഴിയും. അതുകൊണ്ട് വീട്ടിലെ ഓരോ മുറിയിലും ക്രൂശിതരൂപം ഉണ്ടായിരിക്കണം. കുരിശുരൂപത്തെക്കുറിച്ച് ധ്യാനിക്കുന്നതും ഈശോയുടെ സ്‌നേഹത്തില്‍ നിലനില്‍ക്കുവാന്‍ നമ്മെ സഹായിക്കും.

ജപമാല 

കത്തോലിക്കാ വീടുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് വെഞ്ചരിച്ച ജപമാല. എല്ലാദിവസവും ജപമാല ചൊല്ലുന്നതും വീടുകളില്‍ സൂക്ഷിക്കുന്നതും തിന്മയ്ക്കെതിരെയുള്ള ശക്തമായ ആയുധമാണ്.