മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ വിശുദ്ധ പദവിയിലേയ്ക്ക് ഉയർന്ന മൂന്ന് വിശുദ്ധ കുടുംബങ്ങൾ

    ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കും. ഇത് വലിയൊരു തത്വമാണ്. പ്രാർത്ഥനയിൽ അടിസ്ഥാനമിട്ടിരിക്കുന്ന കുടുംബത്തെ തകർക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയുകയില്ല. അവർ ലോകത്തിനു മുന്നിൽ ദൈവത്തിന്റെ-വിശ്വാസത്തിന്റെ പോരാളികളായി തീരുക തന്നെ ചെയ്യും.

    ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് വിശുദ്ധിയിലേയ്ക്ക് വളരുകയാണ് ചെയ്യുന്നത്. അത്തരത്തിൽ വിശുദ്ധമായ വിശ്വാസമാതൃക പകർന്ന മൂന്ന് കുടുംബങ്ങളെ അച്ഛനും അമ്മയും മക്കളും ഉൾപ്പെടെ സഭ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. ആ മൂന്നു കുടുംബങ്ങൾ ഇതാ …

    1. വിശുദ്ധരായ മരിയൂസ്, മാർത്ത, ഔഡിഫാക്സ്, അബാച്ചും

    മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങളായിരുന്നു മരിയൂസ്, മാർത്ത, ഔഡിഫാക്സ്, അബാച്ചും എന്നിവർ. മതപീഡന കാലത്തും ഭീതി കൂടാതെ ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിൽ വളർന്നിരുന്ന ഒരു കുടുംബം.

    ഔറേലിയൻ ചക്രവർത്തി ക്രൈസ്തവർക്കു നേരെ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ മൃതദേഹം ആരും കാണാതെ സംസ്കരിക്കുകയായിരുന്ന ഈ കുടുംബത്തെ ഒരിക്കൽ അധികാരികൾ കണ്ടെത്തി. ക്രിസ്തുവിലുള്ള വിശ്വാസത്തെ ഉപേക്ഷിക്കുവാൻ തയ്യാറാകാതിരുന്ന ഈ മാതാപിതാക്കളെയും മക്കളെയും ചക്രവർത്തി ക്രൂരമായി കൊലപ്പെടുത്തി. അങ്ങനെ വിശ്വാസത്തെപ്രതി ഇവർ രക്തസാക്ഷിത്വം വരിച്ചു.

    2. വിശുദ്ധരായ ഗ്രിഗറി ദി എൽഡർ, നൊന്ന, ഗോർഗോണിയ, ഗ്രിഗറി, സീസറിയൂസ്

    നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധരായിരുന്നു ഇവർ. ഗ്രിഗറി ദി എൽഡർ അന്യമത വിശ്വാസിയായിരുന്നു. ഭാര്യയായ നൊന്നയുടെ വിശ്വാസജീവിതം അയാളെ ക്രിസ്തുമതം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചു. ഗ്രിഗറി വിശ്വാസചൈതന്യത്തിൽ വളരുകയും വൈദികനും ബിഷപ്പുമായി മാറുകയും ചെയ്തു.

    ഗോർഗോണിയ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും തന്റെ കുഞ്ഞുങ്ങളെ വിശുദ്ധമായ ജീവിതത്തിന് ഉടമകളാക്കി വളർത്തുകയും ചെയ്തു.

    സീസറിയൂസ് അറിയപ്പെടുന്ന ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നുവെങ്കിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെപ്രതി അദ്ദേഹം അത് ഉപേക്ഷിച്ചു.

    ഇളയ മകൻ ഗ്രിഗറി സഭാപണ്ഡിതനായും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായും അറിയപ്പെടുന്നു.

    3. വിശുദ്ധരായ നോർത്തുംബ്രിയയിലെ എഡ്വിൻ, ഇതേൽബുർഗ, ഇൻഫ്ളേദ

    ഏഴാം നൂറ്റാണ്ടിൽ വടക്കൻ ഇംഗ്ലണ്ടിൽ താമസിച്ച ഈ കുടുംബം ആദ്യം ക്രൈസ്തവ വിശ്വാസികൾ ആയിരുന്നില്ല. നോർത്തുംബ്രിയയിലെ രാജാവായ എഡ്വിൻ ആണ് ആദ്യം ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് മാറിയത്. തുടർന്ന് അദ്ദേഹം ഇതേൽബുർഗയെ വിവാഹം ചെയ്യുകയും ക്രിസ്തീയവിശ്വാസത്തെ അനേകരിലേയ്ക്ക് എത്തിക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. ഒരു യുദ്ധത്തിൽ എഡ്വിൻ രാജാവ് മരിച്ചതിനെ തുടർന്ന് ഇവർ ബെനഡിക്ട്ടൈൻ കോൺവെന്റിൽ താമസം ആരംഭിച്ചു.

    മകൾ ഇൻഫ്ളേദ വിവാഹം ചെയ്യുകയും അനേകം കുഞ്ഞുങ്ങളുടെ അമ്മയായി മാറുകയും ചെയ്തു. ആഴമായ വിശ്വാസജീവിതം പുലർത്തിയിരുന്ന ഇവർ ഭർത്താവിന്റെ മരണശേഷം മഠത്തിൽ ജീവിതം ആരംഭിച്ചു. ഇവരെ മൂന്നു പേരെയും സഭ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തി.