യൗസേപ്പിതാവിൽ നിന്നും മാതൃകയാക്കാവുന്ന മൂന്നു ഗുണങ്ങളെ കുറിച്ച് പെറൂവിയൻ ബിഷപ്പ്

എല്ലാ തൊഴിൽ മേഖലയിലും ജീവിതാന്തസിലും ഉള്ളവർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് വി. യൗസേപ്പിതാവിന്റേതെന്ന് തെക്കൻ പെറുവിലെ അരെക്വിപ അതിരൂപത ബിഷപ്പ് ജാവിയർ ഡെൽ റിയോ ആൽ‌ബ. യൗസേപ്പിതാവിന്റെ സവിശേഷ സ്വഭാവ ഗുണങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കുവാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

പ്രശസ്തനാകുവാനോ സ്വയം അറിയപ്പെടുവാനോ യൗസേപ്പിതാവ് ഒരിക്കലും ശ്രമിച്ചിരുന്നില്ല. ഒരുവാക്കുപോലും ജോസഫിന്റേതായി ബൈബിളിൽ കാണുന്നില്ല. എങ്കിലും ജീവിതം കൊണ്ട് അദ്ദേഹം മാതൃക നൽകി. സ്നേഹിക്കുവാനുള്ള ഒരു വലിയ വിളി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഒപ്പം തന്നെ ജാഗ്രതയും വിശ്വസ്തതയും അദ്ദേഹം തന്റെ ജീവിതത്തിൽ പുലർത്തി. മൂന്നു ഗുണങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഏതു അവസ്ഥയിലുള്ളവർക്കും അനുകരിക്കാവുന്നവയാണെന്നു ബിഷപ്പ് ഓർമ്മപ്പെടുത്തി.

വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം മറിയത്തെയും ഈശോയെയും കേന്ദ്രീകരിച്ചായിരുന്നു. അവർക്കു വേണ്ടിയാണ് ജോസഫ് തന്റെ ജീവിതം സമർപ്പിച്ചത്. തന്റെ ജീവിതത്തിന്റെ അർത്ഥവും ആവശ്യകതയും ജോസഫ് അവിടെ കണ്ടെത്തുകയായിരുന്നു. ജാഗ്രതയോടും ശ്രദ്ധയോടും കൂടി ദൈവഹിതത്തോട് വിശ്വസ്തത പുലർത്തിയിരുന്നില്ല എങ്കിൽ ഉപരിപ്ലവമായി ജീവിക്കുന്ന അനേകരിൽ ഒരാളായി അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോവുമായിരുന്നു. എന്നാൽ ജോസഫിന്റെ വിശ്വസ്തതയും ദൈവഹിതം അനുസരിച്ചുള്ള കാര്യങ്ങളുടെ നിർവഹണവും ദൈവം നല്ലതുമാത്രമേ തനിക്കു വരുത്തുകയുള്ളു എന്ന ആഴമായ വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. അതാണ് ഇന്നത്തെ മനുഷ്യർക്കും ആവശ്യം. ബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.