വത്തിക്കാനെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ചു നടത്തിയ സന്യാസിനി

1990 -കളിൽ വത്തിക്കാനെ ഡിജിറ്റൽ യുഗത്തിലേക്ക് ‘അപ്പ് ഡേറ്റ്’ ചെയ്യുക എന്ന ആഗ്രഹത്തോടെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു അമേരിക്കൻ ഫ്രാൻസിസ്കൻ സന്യാസിനിയെ ഉത്തരവാദിത്വം ഏൽപ്പിച്ചു. അമേരിക്കയിൽ നിന്ന് വത്തിക്കാനിലേക്ക് എത്തിച്ചേരുമ്പോൾ സിസ്റ്റർ ജൂഡിത്ത് സോബലെയ്‌ൻ ഒരു വലിയ ചരിത്രത്തിന്റെ ഭാഗമാകുകയാണെന്നു ഒരിക്കലും കരുതിയിരുന്നില്ല. വത്തിക്കാനിലെ കമ്പ്യൂട്ടറുകളെ പരിപാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് അവർ അവിടെയെത്തിച്ചേരുന്നത്. ഇന്നത്തേതുപോലെ കമ്പ്യൂട്ടറുകൾ അന്ന് അത്ര സുലഭവും ജനപ്രിയവും അല്ലായിരുന്നു. പ്രത്യേകിച്ച് ഇറ്റലിയിൽ. വത്തിക്കാനിലെ കമ്പ്യുട്ടറുകളുടെ ഉപയോഗത്തിന് ചില നിയമങ്ങളും നിർദ്ദേശങ്ങളും കൊണ്ടുവരുവാനായി കർദ്ദിനാൾ, സിസ്റ്റർ ജൂഡിതിനെ ഉത്തരവാദിത്വപ്പെടുത്തി.

അങ്ങനെയിരിക്കെയാണ് 1994 -ൽ ഇന്റർനെറ്റ് സംവിധാനങ്ങൾ നിലവിൽ വന്നത്. അതിലെ ഇമെയിൽ എന്ന ആശയവിനിമയ സംവിധാനമായിരുന്നു അന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലിരുന്നതും. വത്തിക്കാനിലെ ചില ഉദ്യോഗസ്ഥർക്ക് ഈ സംവിധാങ്ങൾ കൊണ്ടുവരുന്നതിനോട് വളരെയധികം താല്പര്യമായിരുന്നു. അങ്ങനെ പരിശുദ്ധ സിംഹാസനത്തിന്റെ വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അന്ന് വത്തിക്കാനെ ‘ഓൺലൈൻ ‘ആക്കുന്നതിനുള്ള ആശയത്തെ മാർപ്പാപ്പയുടെ മുൻപാകെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ വളരെ വലുതായിരുന്നു. സുവിശേഷ വത്കരണത്തിന്റെ ഭാഗമായി ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുവാൻ എല്ലാവിധ പ്രാർത്ഥനാനുഗ്രഹങ്ങളും നേർന്നുകൊണ്ട് സിസ്റ്റർ ജൂഡിതിനെ അദ്ദേഹം ചുമതലപ്പെടുത്തി. വിശുദ്ധ പത്രോസിന്റെ പിൻഗാമിക്ക് സ്വന്തമായി ഒരു ഇ മെയിൽ അഡ്രസ് നിർമ്മിക്കുകയും അത് വിശ്വാസികളിലേക്കെത്തിക്കുകയും ചെയ്തു.

”ആദ്യകാലഘട്ടങ്ങളിൽ വലിയ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും പ്രധാനപ്പെട്ട മെയ്‌ലുകളൊക്കെ അദ്ദേഹത്തിന് കൈമാറുകയും മറുപടികൾ നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹം എലിപ്പനി ബാധിതനായപ്പോൾ സുഖപ്രാപ്തിക്കായുള്ള ആശംസകളും പ്രാർത്ഥനകളും കൊണ്ട് അദ്ദേഹത്തിന്റെ മെയിൽ ബോക്സ് നിറഞ്ഞു. ഇലക്ട്രോണിക് മാധ്യമത്തിലൂടെ തങ്ങളുടെ പാപ്പാ ഏറ്റവും സ്വീകാര്യമായി മാറിയെന്നുള്ളതിന്റെ തെളിവായിരുന്നു അത്” -സിസ്റ്റർ പറയുന്നു. അങ്ങനെ 1995 -ലെ ഒരു ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാന്റെ വെബ് സൈറ്റ് ആയ vatican.va യുടെ ആദ്യത്തെ പേജ് തുറക്കപ്പെട്ടു. സെർവറുകളുടെ മേൽനോട്ടം വഹിക്കാനായി നിയമിച്ച ഒരേയൊരു വ്യക്തിയോടൊപ്പം ഒറ്റയ്ക്കിരുന്നാണ് സിസ്റ്റർ ആ വലിയ ചരിത്രത്തിനു തുടക്കം കുറിച്ചത്. അവർ തന്നെയായിരുന്നു പ്രസിദ്ധീകരണങ്ങളുടെ ആശയവും ഡിസൈനിങ്‌മെല്ലാം ചെയ്തിരുന്നതും. ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള സിസ്റ്ററിന്റെ പ്രവർത്തനങ്ങളെല്ലാം ഒടുവിൽ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

2000 വർഷത്തെ സഭാചരിത്രത്തിനു ഒരു വെബ് പതിപ്പ് ഉണ്ടാക്കിയെടുക്കുക എന്ന വലിയ ലക്ഷ്യവും ഉത്തരവാദിത്വവുമാണ് സിസ്റ്റർ ജൂഡിത്ത് ചെയ്തത്. “സാങ്കേതിക വിദ്യക്കുള്ള പദ്ധതിയിൽ ദൈവത്തിനും സ്ഥാനമുണ്ട്. കാലത്തിനനുസരിച്ച് സുവിശേഷ വൽക്കരണത്തിൽ പുതിയ തലങ്ങൾ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. അതിനാൽ ഒരു വലിയ പദ്ധതിയുടെ ഭാഗമായതിൽ വലിയ സന്തോഷമുണ്ട്. സാങ്കേതിക വിദ്യയുടെ ആത്മീയ വശങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് കാലഘട്ടത്തിനാവശ്യം”- അഭിമുഖ സംഭാഷണത്തിൽ സിസ്റ്റർ പറഞ്ഞു. വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റസ് സാങ്കേതിക വിദ്യയുടെ ആത്മീയത കണ്ടെത്തി സുവിശേഷ പ്രഘോഷണം തുടങ്ങിയ കൗമാരക്കാരനാണ്. അത്തരത്തിലുള്ള കാഴ്ചപ്പാടോടെ ഇതിനെയൊക്കെ ദർശിക്കുമ്പോളാണ് കത്തോലിക്ക വിശ്വാസത്തിലെ യഥാർത്ഥ ‘ഓൺലൈൻ’ ഇടങ്ങൾ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഈ സന്യാസിനിയുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.