പുൽക്കൂട്ടിലേയ്ക്ക് 17: ഭയപ്പെടേണ്ട

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 17 – ഭയപ്പെടേണ്ട

വചനം

“ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ” (ലൂക്കാ 2:10).

വിചിന്തനം

നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വി. യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ്: “സ്‌നേഹത്തില് ഭയത്തിന്‌ ഇടമില്ല; പൂര്‍ണ്ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന് സ്‌നേഹത്തില് പൂര്‍ണ്ണനായിട്ടില്ല” (1 യോഹ. 4:18).

രക്ഷിക്കാനായി, മനുഷ്യനെ വിജയിപ്പിക്കാനായി ഭൂമിയിൽ അവതരിച്ചവന്റെ ജന്മത്തിരുനാളിന് ഒരുങ്ങുമ്പോൾ അവിടെ ഭയത്തിനു സ്ഥാനമില്ല. ഭയമില്ലാതെ മാനവമക്കൾക്ക് സമീപിക്കാനാവുന്ന ദൈവമാണ് പുൽക്കൂട്ടിലെ ഉണ്ണിമിശിഹാ. ഈ ആഗമനകാലത്ത് നമ്മൾ സ്നേഹത്തിൽ വളർന്നാൽ ഭയം അപ്രത്യക്ഷമാവുകയും രക്ഷ അനുഭവവേദ്യമാവുകയും ചെയ്യും.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, ഒരോ ദിവസവും ഭയപ്പെടേണ്ടാ എന്നു തിരുവചനത്തിലൂടെ നീ ഞങ്ങളോട് അരുളിചെയ്യുന്നു. നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ജീവിക്കുമ്പോൾ ഭയം അകലുകയും സ്നേഹം ഞങ്ങളിൽ നിറയുകയും ചെയ്യുമല്ലോ. നിന്റെ പ്രിയപുത്രന്റെ ജനനം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമാക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയേ, എന്റെ സ്നേഹമായിരിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.