പാപ്പായുടെ സന്ദർശനത്തിനുശേഷം ഇറാഖിലേക്ക് മടങ്ങിവന്നത് 23,000 ക്രിസ്ത്യാനികൾ

ഇറാഖിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനത്തിനുശേഷം മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വർദ്ധനയെന്ന് റിപ്പോർട്ട്. മാർച്ച് മാസത്തിലെ പാപ്പായുടെ സന്ദർശനത്തിനുശേഷം ഏകദേശം 23,000  ത്തോളം ക്രൈസ്തവർ തിരികെ ഇറാഖിലേക്ക് എത്തി എന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി ഒരു കേന്ദ്രം നടത്തുന്ന പുരോഹിതൻ ഫാ. അമ്മർ യാക്കോ പറയുന്നു.

പാപ്പായുടെ സന്ദർശനം ഇറാഖി ജനതയ്ക്കു നൽകിയ പ്രത്യാശ വലുതാണെന്ന സൂചനയിലേക്കാണ് ഈ കണക്കുകൾ നയിക്കുന്നത്. പാപ്പായുടെ സന്ദർശനത്തിനുശേഷം കത്തോലിക്കാ പട്ടണമായ ഖരാക്കോഷിലെ ആളുകളുടെ മടങ്ങിവരവ് കൂടുതലായി രേഖപ്പെടുത്തിത്തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നു. ബാഗ്ദാദ്, മൊസൂൾ, ഊർ, എർബിൽ എന്നിവിടങ്ങളിലും പാപ്പായുടെ സന്ദർശനം കൂടുതൽ ആളുകളെ സ്വാധീനിച്ചതായി വിവരങ്ങൾ ലഭ്യമാണ്.

പാപ്പായുടെ സന്ദശനം ക്രിസ്ത്യാനികൾക്ക് ഈ നാട്ടിൽ ജീവിക്കുവാനുള്ള അവകാശമുണ്ടെന്നു തെളിയിച്ചതായും കൂടുതൽ പ്രതീക്ഷയിലേയ്ക്ക് നയിച്ചതായും ഇറാഖിലെ മതാദ്ധ്യാപകനായ ജോസഫ് ഗിലിയാന പറഞ്ഞു. പാപ്പായുടെ സന്ദർശനം, ഞങ്ങൾ ഒറ്റയ്ക്കല്ല എന്ന് തോന്നിപ്പിക്കുവാനും ഞങ്ങളെ കരുതുവാൻ ആരെങ്കിലുമൊക്കെ ഉണ്ട് എന്ന് മനസിലാക്കാക്കുവാനും സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.