വി. ഫ്രാൻസിസ് റെജിസ് ക്ലെറ്റിന്റെ 200-ാം ചരമവാർഷികം

ചൈനാ മിഷൻ, ഒരു സാഹസിക മിഷൻ ആയിരുന്ന കാലത്ത് അതൊരു സ്വപ്നമിഷനായി സ്വീകരിച്ച് ഇറങ്ങിത്തിരിച്ച മിഷൻ സഭാംഗമായിരുന്നു ഫാ. റെജിസ് ക്ലെറ്റ്. ഈശോസഭക്കാരെ വിലക്കിയ സമയത്ത്, ആ സാഹചര്യത്തിൽ താൻ സന്നദ്ധനാണെന്ന് ഫാ. റെജിസ് ക്ലെറ്റ് അധികാരികളെ അറിയിയിച്ചു. അക്കാലമത്രയും വിൻസെൻഷ്യൽ സെമിനാരിയിൽ ധാർമ്മികശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം.

മതപീഢനങ്ങളുടെ എത്രയെത്ര വർഷങ്ങൾ കഴിഞ്ഞാലും ജ്വലിക്കുന്ന വിശ്വാസത്തിന്റെ ഒരു കൊച്ചുനാമ്പെങ്കിലും അവശേഷിക്കും എന്നതിന്റെ തെളിവാണ് കൊറോണ വൈറസിന്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന വിശ്വാസം. കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ആദർശവാദികൾ സഭാമക്കളെ രാജ്യദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഡകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി യേശുവിന്റെ പീഡകൾക്കു സദൃശ്യമായ പീഡനങ്ങൾക്കിരയായി മരണത്തെ പുൽകിയ പുണ്യ വിൻസെൻഷ്യൻ (CM) വൈദികനാണ് വി. ഫ്രാൻസിസ് റെജിസ് ക്ലെറ്റ്.

അദ്ദേഹം 1748-ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനിച്ചു. 1769-ൽ മിഷൻ സഭയിൽ അംഗമായി ചേർന്നു. തിരുപ്പട്ടത്തിനുശേഷം മോറൽ തിയോളജി പ്രൊഫസറായി സേവനമനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. 1789-ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1792-ൽ ചൈനയിലേയ്ക്ക് സുവിശേഷം പ്രസംഗിക്കുവാൻ പോകുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറിയായി ഫാ. ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു. ഒരു വലിയ പ്രവിശ്യയുടെ ഉത്തരവാദിത്വം, കൂടുതൽ വർഷവും അദ്ദേഹം തനിച്ചാണ് ചെയ്തത്. അവിടെ അദ്ദേഹം നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നായിരുന്നു മണ്ടാരിൻ പOനം.

1819-ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്കു കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ കല്പന വന്നു. ഫ്രാൻസിസച്ചനെ ഒരു വേദോപദേശി പണത്തിനുവേണ്ടി ഒറ്റിക്കൊടുത്തു. അതോടെ അദ്ദേഹം അറസ്റ്റിലായി. 1819 ജൂലൈ പതിനാറാം തീയതി അധികാരികൾ അദ്ദേഹത്തെ കുറ്റമാരോപിച്ച് തടങ്കലിലാക്കി. പടയാളികൾ അദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയlലിൽ വച്ച് ഒരു വിൻസെൻഷ്യൻ വൈദികനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തില്‍ നിന്നും ഫാ. ഫ്രാൻസിസ് അനുരഞ്ജന കൂദാശ സ്വീകരിച്ചു. 1820 ജനുവരി ഒന്നാം തീയതി മുതൽ അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കുമരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേയ്ക്ക് അച്ചനെ നടത്തി. മരണത്തിനു തൊട്ടുമുമ്പ് കുരിശിനു മുന്നിൽ മുട്ടുകുത്തി തന്റെ നെറ്റിയിലും കുരിശു വരച്ചു. തന്നെത്തന്നെ ദൈവത്തിനു വിലയായി നൽകുന്നതിനുള്ള അടയാളമായിരുന്നു അത്. 200 വർഷങ്ങൾക്കു മുമ്പ്, 1820 ഫെബ്രുവരി പതിനെട്ടാം തീയതി കുരിശിൽ തൂക്കി വധിച്ചു. “ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു” എന്നു പറഞ്ഞിരുന്ന അച്ചൻ യേശുവിൽ വിലയം പ്രാപിച്ചു.

28 വർഷം സുവിശേഷം പ്രഘോഷിച്ചതിന്റെ അവസാനം, ചെമ്മണ്ണിലെ ആദ്യ രക്തസാക്ഷിയായി 1900 മെയ് 27-ാം തീയതി വാഴ്ത്തപ്പെട്ടവനായി തിരുസഭ അദ്ദേഹത്തെ ഉയർത്തി. രണ്ടായിരത്തിലെ മഹാജൂബിലി വർഷത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ, വാഴ്ത്തപ്പെട്ട ഫ്രാൻസിസ് റെജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു.

കൊറോണ വൈറസിനാൽ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ ബാക്കിവച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിന്റെ നാമ്പുകൾ കിളിർത്തുനിൽക്കുന്ന, വിശ്വാസത്തിൽ വളരാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാട് കൂടിയാണ് ചൈന.

വി. ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: “നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്തു നിന്നും സ്വർഗ്ഗീയഭവനത്തിലേയ്ക്ക് നമുക്ക് പ്രവേശനമുണ്ട്.”

തെക്കുകിഴക്കൻ ഫ്രാൻസിൽ ജനിച്ച വി. ഫ്രാൻസിസ് റെജിസ് (1748- 1820) ഫെബ്രുവരി 18-ന് സ്വർഗ്ഗത്തില്‍ ഇടംപിടിച്ചതിന്റെ 200-ാം വാർഷികമാണ് 2020-ാം ആണ്ട്. കൂടാതെ, വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തിയതിന്റെ 20-ാം വാർഷികവുമാണ്. ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് റെജിസിന്റെ രൂപങ്ങൾ കാണുവാൻ കഴിയും. പെർബോയറെയും റെജിസിനെയും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തുപോരുന്നു…

സി. സോയ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.