ക്രിക്കറ്റ് കളിക്കിടെ തർക്കം: പഞ്ചാബിൽ മതനിന്ദ കുറ്റം ചുമത്തി 19-കാരനെ അറസ്റ്റ് ചെയ്തു

പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ കുറ്റം ചുമത്തി പത്തൊൻപതുകാരനായ ക്രിസ്ത്യാനി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സണ്ണി വകാസ് എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ക്രിക്കറ്റ് കളിക്കിടെ അയൽവാസിയായ മുസ്ലിം വിശ്വാസിയുമായുണ്ടായ തർക്കമാണ് മതനിന്ദാ കുറ്റത്തിൽ കലാശിച്ചത്.

മുഹമ്മദ് പ്രവാചകനെ അപമാനിച്ചുവെന്നും പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വസ്തുവകകൾ കൈവശം വച്ചു എന്നുമുള്ള കുറ്റം ചുമത്തിയാണ് സണ്ണി വകാസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സണ്ണിയുടെ ബാഗിൽ നിന്നും പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലേഖനങ്ങൾ കണ്ടെത്തിയെന്നും പോലീസ് പറയുന്നു. എന്നാൽ, അത് കള്ളമാണെന്നും തന്റെ മകന് ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും ആരെയും വേദനിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്യുവാൻ അവനു കഴിയില്ല എന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.

ക്രിക്കറ്റ് കളിക്കുവാനായി പോയ സണ്ണി, വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം, പോലീസ് കസ്റ്റഡിയിലാണ് എന്ന് അറിയുവാൻ കഴിഞ്ഞത്. ആദ്യം പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നുവെങ്കിലും അങ്ങനെയൊരാൾ അവിടെയില്ല എന്ന അറിയിപ്പാണ് ലഭിച്ചതെന്നും പിറ്റേന്ന് രാവിലെയാണ് ബിലാൽ അഹമ്മദ് എന്ന അയൽവാസി, തന്റെ മകനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും മറ്റുമുള്ള വിവരം മാതാപിതാക്കൾക്ക് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.